sections
MORE

ഐഫോണ്‍ പ്രോയ്ക്ക് ട്രൈപോഫോബിയ രോഗമാണോ? അസ്വസ്ഥമാക്കുന്നതോ ക്യാമറകള്‍?

trypophobia
SHARE

നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തെടുത്ത ഐഫോണ്‍ പ്രോ മോഡലുകളുടെ മൂന്നു ക്യാമറകള്‍ അടുക്കിയിരിക്കുന്നത് അത്യന്തം അസ്വസ്ഥമാക്കുന്ന രീതിയിലാണെന്ന് വാര്‍ത്തകള്‍ പടരുകയാണ്. പ്രോ മോഡലുകളുടെ മുഖ്യാകര്‍ഷണവും മുഖമുദ്രയും അവയുടെ മൂന്നു ക്യാമറകളാണ്. ഇതാദ്യമല്ല ഒരു കമ്പനി മൂന്നോ അതിലേറെയോ ക്യാമറകളുള്ള ഫോണുകളുമായി എത്തുന്നത്. മറ്റൊരു ഫോണിനെക്കുറിച്ചും പറയാത്ത പരാതിയാണ് ഐഫോണ്‍ പ്രോ മോഡലുകളെക്കുറിച്ച് ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്നത്. അവയ്ക്ക് ട്രൈപോഫോബിയ ഉണ്ടെന്നാണ് പലരും ട്വിറ്ററില്‍ പങ്കുവയ്ക്കുന്ന അഭിപ്രായം.

എന്താണ് ട്രൈപോഫോബിയ (Trypophobia)? അധികം പറഞ്ഞു കേള്‍ക്കാത്ത ഈ വാക്കിന് അര്‍ഥം ക്രമമായി അല്ലാതെ പിടിപ്പിച്ചിരിക്കുന്ന എന്തിന്റെയെങ്കിലും കൂട്ടത്തിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ക്രമരഹിതമായ ദ്വാരങ്ങളും തടിപ്പുകളുമൊക്കെ ഈ ഗണത്തില്‍ പെടുത്താം. ഇത്തരം  ഭാഗങ്ങളുടെ കാഴ്ച ചിലരെ അസ്വസ്ഥരാക്കും. ഇതിനെയാണ് ട്രൈപോഫോബിയ എന്നു വിളിക്കുന്നത്. കടന്നല്‍ക്കൂട്, തേനീച്ചക്കൂട് തുടങ്ങിയവയെ ഈ ഗണത്തില്‍ പെടുത്താറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ എന്തായാലും ഐഫോണ്‍ പ്രോ മോഡലുകളുടെ മൂന്നു ക്യാമറകളുടെ ചിത്രത്തെ നോക്കിയിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ വര്‍ധിക്കുകയാണ്.‌

പ്രോ മോഡലുകളിലെ മൂന്നു ലെന്‍സുകള്‍ വളരെ അടുത്താണിരിക്കുന്നത്. ട്രൈപോഫോബിയ രോഗികളെ അത്തരം കാഴ്ചകള്‍ അസ്വസ്ഥരാക്കും. അമിത ഉത്കണ്ഠ (panic attack), തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇത്തരക്കാരില്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്തായാലും ആപ്പിളിന്റെ ഐഫോണ്‍ പ്രോമോഡലുകളുടെ ക്യാമറകള്‍ ദ്വാരങ്ങളെ ഓര്‍മിപ്പിക്കുന്നു എന്നാണ് പൊതുവെ പറയുന്നത്. മറ്റു പല കമ്പനികളും ചെയ്തതു പോലെ ഒരേ നിരയില്‍ തന്നെ ക്യാമറകള്‍ പിടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാവില്ലായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്.

മൂന്നു ക്യാമറകളുമായി ഒരു വര്‍ഷം മുൻപിറങ്ങിയ വാവെയുടെ മെയ്റ്റ് 20 പ്രോയുടെ ക്യാമറ ക്രമീകരണം പകർത്തിയാണ് ആപ്പിള്‍ തങ്ങളുടെ പ്രോ മോഡലുകളില്‍ ഉപയോഗിച്ചരിക്കുന്നത് എന്ന ആരോപണം കേട്ടിരുന്നു. എന്നാല്‍ വാവെയുടെ ക്രമീകരണം വേറെ രീതിയിലാണ്.

ഐഫോണ്‍ പ്രോ മോഡലുകളുടെ പുറത്തേക്കുള്ള തള്ളി നില്‍ക്കല്‍ വിരൂപമാണെന്ന അഭിപ്രായമുള്ളവരും ഉണ്ട്. ആപ്പിളിന്റെ പ്രമുഖ ഡിസൈനറായ ജോണി ഐവ് രാജിവച്ചതിനു ശേഷം ആദ്യം ഇറക്കുന്ന ഐഫോണ്‍ മോഡലുകളാണ് കഴിഞ്ഞ ദിവസം അനാവരണം ചെയ്തത് എന്നതും ഓര്‍ത്തിരിക്കേണ്ട കാര്യമാണ്. സ്റ്റീവ് ജോബ്‌സ് യുഗത്തിന്റെയും നാമിതുവരെ കണ്ടു ശീലിച്ച ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് തുടങ്ങിയവയുടെയും മുഖ്യ ശില്‍പ്പികളിലൊരാള്‍ ഐവ് തന്നെയായിരുന്നു. എന്തായാലും ട്രൈപോഫോബിയ കൂടുതല്‍ വിവാദത്തിലേക്കു കടന്നാല്‍ ഐവിന്റെ അഭാവവും ചര്‍ച്ചയ്ക്കു വന്നേക്കാം.

ഇവ ചിത്രങ്ങളല്ലെ? നേരില്‍ കാണുമ്പോള്‍ ഈ പ്രശ്‌നം തോന്നുമോ എന്ന കാര്യമൊക്കെ ഇനി അറിയാനിരിക്കുന്നു. ആപ്പിളിനെതിരെ എന്തെങ്കിലും കിട്ടിയാല്‍ പൊലിപ്പിക്കാനിരിക്കുന്നവരാണോ പുതിയ വിവാദത്തിനു പിന്നിലെന്നു സംശയിക്കണം. എതിരാളികളുടെ സിനിമകള്‍ തിയറ്ററില്‍ വരുമ്പോള്‍ കൂവി തോല്‍പ്പിക്കാന്‍ ഇറങ്ങുന്നവരുടെ മനസോടെയാണോ ട്രൈപോഫോബിയയുമായി ആളുകള്‍ ഇറങ്ങുന്നതെന്ന കാര്യവും പരിഗണിക്കണം. പുതിയ ഐഫോണ്‍ പ്രോയുടെ ക്യാമറ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് വല്ലാത്ത അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ ട്രെപോഫോബിയ ഉണ്ടോ എന്ന് ചിന്തിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA