ADVERTISEMENT

ഐഫോണ്‍ X വമ്പന്‍ ഡിസൈന്‍ മാറ്റമാണ് കൊണ്ടുവന്നതെങ്കില്‍ അതിലെ പിഴവുകളെല്ലാം തീര്‍ത്ത്, നോച്ചില്ലാതെ പരന്നൊഴുകുന്ന സ്‌ക്രീനുമായി 2020ലെ ഐഫോണ്‍ എത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. വരാനിരിക്കുന്ന ഐഫോണുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പോസ്റ്റു ചെയ്ത് പ്രശസ്തനായ ബെന്‍ഗെസ്‌കിന്‍ ആണ് തന്റെ ട്വിറ്റര്‍ പേജില്‍ അടുത്ത വര്‍ഷത്തെ പ്രധാന ഐഫോണിന്റെ ഡിസൈന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഓരോ വര്‍ഷവും പല ഡിസൈനുകളും പരീക്ഷിച്ച ശേഷമായിരിക്കും ഏതു ഡിസൈനുമായി മുന്നോട്ടു പോകണമെന്ന കാര്യത്തില്‍ കമ്പനി തീരുമാനത്തിലെത്തുക. ഗാസ്‌കിന്‍ പറയുന്നത് ഇത് അടുത്ത വര്‍ഷത്തെ ഐഫോണുകളുടെ പ്രോട്ടോ ടൈപുകളിലൊന്നാണ് (ആദ്യ ഡിസൈൻ) എന്നാണ്. ഇവിടെ ഫെയ്‌സ്‌ഐഡി അടങ്ങുന്ന ട്രൂഡെപ്ത് ക്യാമറ സിസ്റ്റവും മറ്റു സെന്‍സറുകളും സ്‌ക്രീനിനുള്ളില്‍ അടക്കം ചെയ്യുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. (ഐഫോണ്‍ Xല്‍ ഇത്തരമൊരു ഡിസൈന്‍ കൊണ്ടുവരാനാണ് ആപ്പിളിന്റെ എൻജിനീയര്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ക്കതു സാധിക്കാതെ വന്നതിനാല്‍ വിലക്ഷണമായ ഡിസൈന്‍ എന്നു പലരും വിധിയെഴുതിയ നോച്ച് പിന്നീട് പ്രധാനപ്പെട്ട ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും എത്തുന്ന കാഴ്ചയാണ് പിന്നെ ലോകം കണ്ടത്.) എന്നാല്‍, പിന്നീട് പല ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും നോച്ച് ഇല്ലാത്ത ഡിസൈനുള്ള ഫോണുകള്‍ നിര്‍മിച്ചു. പക്ഷേ, 2019ലെ ഐഫോണ്‍ പോലും നോച്ചുമായാണ് ഇറങ്ങിയത്. എന്തായാലും ഐഫോണ്‍ പ്രേമികള്‍ക്കും അടുത്ത വര്‍ഷം നോച്ചില്ലാത്ത ഐഫോണ്‍ കൈയ്യില്‍ വയ്ക്കാന്‍ പറ്റിയേക്കുമെന്നാണ് ഇപ്പോഴത്തെ അഭ്യൂഹങ്ങള്‍ പറയുന്നത്.

 

കൂറ്റന്‍ സ്‌ക്രീന്‍

 

പുതിയ സ്‌ക്രീനിനു നോച്ചില്ല എന്നതു മാത്രമല്ല, വലുപ്പവും കൂടുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. അടുത്ത വര്‍ഷത്തെ മോഡലുകളിലൊന്നിന് 6.7 ഇഞ്ച് വലുപ്പമുള്ള കൂറ്റന്‍ സ്‌ക്രീനായിയിരിക്കും ലഭിക്കുക എന്നാണ് പറയുന്നത്. ഈ ഫോണ്‍ പുറത്തിറങ്ങിയാല്‍ ആപ്പിളിന്റെ ഏറ്റവും വലുപ്പം കൂടിയ മോഡലായിരിക്കും ഇത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ഒരു പ്രോട്ടോടൈപ്പ് മോഡലിന്റെ ചിത്രമാണ്. ഈ ഡിസൈനില്‍ മാറ്റം വന്നാല്‍ അദ്ഭുതപ്പെടേണ്ട എന്ന കാര്യവും മനസില്‍ വയ്ക്കണം.

 

മറ്റൊരു മാറ്റമായി പറയുന്നത് ഒരു പ്രോ മോഡലിന്റെ വലുപ്പം കുറയുമെന്നതാണ്. ഈ വര്‍ഷത്തെ ഐഫോണ്‍ 11 പ്രോ മാക്‌സിനു പകരമുള്ള മോഡലായിരിക്കാം 6.7-ഇഞ്ച് സ്‌ക്രീനുമായി അടുത്ത വര്‍ഷം എത്തുന്നത്. എന്നാല്‍, ഈ വര്‍ഷത്തെ ഐഫോണ്‍ 11 പ്രോയ്ക്കു പകരമുള്ള സ്‌ക്രിനിന്റെ വലുപ്പം 5.4-ഇഞ്ചായി കുറച്ചേക്കാമെന്നും പറയുന്നു. ഇതു ശരിയാണെങ്കില്‍ വലുപ്പം കുറഞ്ഞ സ്‌ക്രീന്‍ ആഗ്രഹിക്കുന്ന നിരവധി ഉപയോക്താക്കളുണ്ടെന്ന കാര്യം ആപ്പിളും അംഗീകരിക്കുന്നു എന്നതായിരിക്കാം പുതിയ നീക്കത്തിനു പിന്നിലെന്നു കരുതുന്നു. 

 

മറ്റു വിശേഷങ്ങള്‍ നോക്കാം

 

നിലവിലുള്ള ഏറ്റവും നല്ല സ്‌ക്രീനുള്ള ഫോണുകളിലൊന്ന് വണ്‍പ്ലസ് 7 പ്രോ ആണ്. ഇതിന്റെ 90ഹെട്‌സ് റിഫ്രഷ് റെയ്റ്റുള്ള സ്‌ക്രീന്‍ മനോഹരമാണ്. എന്നാല്‍ അടുത്ത വര്‍ഷത്തെ ഐഫോണിന് ആവശ്യാനുസരണം 60 ഹെട്‌സ് അല്ലെങ്കില്‍ 120 ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉപയോഗിക്കാന്‍ അനുവദിക്കുന്ന സ്‌ക്രീനാകും കിട്ടുക എന്നു പറയുന്നു. ഗെയ്മര്‍മാരെയും മറ്റും ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തയായിരിക്കുമിത്. ആപ്പിളും ഈ ഫീച്ചര്‍ നല്‍കുന്ന കാര്യത്തില്‍ പിന്നിലൊന്നുമല്ല. ഇതുവരെ ഇറങ്ങിയ ഐഫോണുകളിൽ ഇല്ലെങ്കിലും ഐപാഡ് പ്രോ മോഡലുകളില്‍ ഉയര്‍ന്ന റിഫ്രഷ് റെയ്റ്റുള്ള സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. വണ്‍പ്ലസ് 7 പ്രോയ്ക്കുള്ള സ്‌ക്രീന്‍ നല്‍കിയത് സാംസങ് ആണ്. ആപ്പിള്‍ ഇപ്പോള്‍ ഐഫോണിനായി ഉയര്‍ന്ന റിഫ്രഷ് റെയ്റ്റുള്ള സ്‌ക്രീന്‍ നിര്‍മിച്ചു കിട്ടാന്‍ സാംസങും എല്‍ജിയുമായി ചര്‍ച്ചയിലാണെന്ന് മറ്റൊരു ടിപ്സ്റ്ററായ ഐസ് യൂണിവേഴ്‌സ് അവകാശപ്പെടുന്നു.

 

പണിപ്പുരയിലിരിക്കുന്ന ഐഫോണുകളെക്കുറിച്ച് ഏറ്റവുമധികം വിശ്വാസയോഗ്യമായ വിവരങ്ങള്‍ പുറത്തുവിടുന്നയാള്‍ എന്ന ഖ്യാതിയുള്ള മിങ്-ചി കുവോ നേരത്തെ തന്നെ സ്‌ക്രീനില്‍ വരുന്ന മാറ്റം പ്രവചിച്ചിട്ടുള്ളതാണ് എന്നതാണ് പുതിയ ഡിസൈന്‍ ചിത്രം ഗൗരവത്തിലെടുക്കാമെന്ന് പലരും പറയുന്നത്. കുവോ പറഞ്ഞത് അടുത്ത വര്‍ഷത്തെ മോഡലുകളില്‍ സ്‌ക്രീനില്‍ വരുന്ന മാറ്റം കൂടാതെ 5ജി സപ്പോര്‍ട്ടും ഉണ്ടാകുമെന്നാണ്. ഒരു മോഡലെങ്കിലും 5ജി ആന്റിനയുമായി ആയിരിക്കും എത്തുക എന്നു കരുതുന്നു. അടുത്ത വര്‍ഷത്തെ ഫോണുകളില്‍ പ്രതീക്ഷിക്കുന്ന ഗൗരവമുള്ള മാറ്റങ്ങളിലൊന്ന് ക്യാമറ ഫങ്ഷനിലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി 12 എംപി സെന്‍സറുമായാണ് ഐഫോണുകള്‍ ഇറങ്ങുന്നത്. ഇതിനൊരു മാറ്റം കണ്ടേക്കാമെന്നും പറയുന്നു. അടുത്ത കാലത്ത് കണ്ട 48 എംപി, 64 എംപി, 108 എംപി പോലെയുള്ള സ്മാര്‍ട് ഫോണ്‍ ക്യാമറാ മൊഡ്യുളുകള്‍ ആപ്പിള്‍ പരീക്ഷിക്കുമെന്നതിനുള്ള ഒരു സൂചനയും ലഭ്യമല്ല. പിന്‍ ക്യാമറ സിസ്റ്റത്തില്‍ ടൈം-ഓഫ്-ഫ്‌ളൈറ്റ് സെന്‍സര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ കാര്യത്തിലും മുന്‍ മോഡലുകളെ ഏറെ പിന്നിലാക്കുന്ന മോഡലാണ് ആപ്പിളിന്റെ പണിപ്പുരയിലിരിക്കുന്നതെന്നാണ് കോവോ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com