ADVERTISEMENT

ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്, കാരണം അവരുടെ പ്രിയ ഫോണുകള്‍ക്ക് ഇന്ത്യയില്‍ വില കുറഞ്ഞേക്കും. ഐഫോണ്‍ എക്സ്ആറിന്റെ ആരംഭ മോഡലിന്റെ ഇപ്പോഴത്തെ വില 49,900 രൂപയാണ്. ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങിയതോടെ, ഈ മോഡല്‍ 39920 രൂപയ്ക്ക് വില്‍ക്കാന്‍ സാധിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിന് ആപ്പിള്‍ തയാറാകുമോ എന്നാണ് കമ്പനിയുടെ ആരാധകര്‍ ചോദിക്കുന്നത്. അങ്ങനെ ആപ്പിള്‍ ചെയ്താല്‍ ഇന്ത്യയില്‍ പ്രീമിയം ഫോണുകളുടെ മുഴുവന്‍ വില താഴ്‌ന്നേക്കാം.

ഇന്ത്യയില്‍ ഐഫോണ്‍ എക്സ്ആർ മോഡലിന്റെ നിര്‍മ്മാണം തുടങ്ങിയതായി ചില ഇംഗ്ലീഷ് പത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായി ആണ് ഒരു പ്രീമിയം മോഡല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ആപ്പിളിനു വേണ്ടി ഐഫോണുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ചൈനീസ് കമ്പനിയായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ സ്ഥാപനത്തിലാണ് നിര്‍മ്മാണം തുടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഐഫോണ്‍ എക്സ്ആറിന്റെ വില കുറയുമോ എന്നാണ് ആപ്പിള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ 20 ശതമനമെങ്കിലും ഡ്യൂട്ടി കുറയുമെന്നതാണ് ഇതിന്റെ വില കുറച്ച് 39,920 ആക്കാമെന്ന് പറയുന്നത്. എന്നാല്‍, അത്തരം ഒരു സൂചനയും ആപ്പിള്‍ ഇതുവരെ നല്‍കിയിട്ടില്ല. എന്തിന്, തങ്ങള്‍ ഇന്ത്യയില്‍ എക്സ്ആർ മോഡല്‍ നിര്‍മ്മാണം തുടങ്ങിയ കാര്യംപോലും ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല.

പഴയ മോഡലുകളായ ഐഫോണ്‍ 6എസ്, 7, 8 തുടങ്ങിയ മോഡലുകള്‍ ഇപ്പോഴും വില്‍ക്കപ്പെടുന്നുണ്ട് എന്നതാണ് അതിന്റെ ഒരു കാരണം. പക്ഷെ, ആപ്പിള്‍ പഴയ മോഡലുകളുടെ വില്‍പ്പന നിറുത്തി, XR മോഡല്‍ വില കുറച്ചു വില്‍ക്കാന്‍ തീരുമാനിച്ചാല്‍, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ക്ക് അതു വന്‍ തിരിച്ചടിയായേക്കാം എന്നാണ് വിലയിരുത്തല്‍. ചെന്നൈയില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിൽപനയ്‌ക്കെത്തിക്കാനും കമ്പനിക്കു പരിപാടിയുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ത്തന്നെ ഐഫോണ്‍ 6എസ്, 7 മോഡലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവ യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നു എന്നും പറയുന്നു. 

ലോകത്തെ ഏറ്റവും മൂല്ല്യമുള്ള കമ്പനിയായി അറിയപ്പെടുന്ന ആപ്പിളിന്, ഇന്ത്യയില്‍ ഫോണ്‍ നിര്‍മ്മിക്കാനുളള തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഐഫോണ്‍ XRന്റെ നിര്‍മ്മാണം ശരിക്കമൊരു പരീക്ഷണമാണെന്നാണ് പറയുന്നത്. ഇതു വിജയം കണ്ടാല്‍ ഇപ്പോഴത്തെ മുന്തിയ മോഡലുകളായ ഐഫോണ്‍ 11ഉം ഇന്ത്യയില്‍ നിര്‍മ്മിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതും ഐഫോണുകള്‍ക്ക് ഭാവിയില്‍ 20 ശതമാനം വരെ വില കുറയാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

ഐഫോണ്‍ XRന് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചതെന്നതും ഇന്ത്യയില്‍ ഈ മോഡല്‍ നര്‍മ്മിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചരിക്കാമെന്ന് ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റ് റീസേര്‍ച് വാദിക്കുന്നു. വില 50,000ത്തിലേക്കു കൊണ്ടുവന്നതും ആപ്പിളിന് അനുകൂലമാണ്. വണ്‍പ്ലസ്, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്കാണ് ഈ വില ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. 

ഐഫോണ്‍ 11 ഇപ്പോള്‍ വാങ്ങാന്‍ ലഭ്യമല്ല

ദീപാവലിക്ക് ഐഫോണ്‍ 11 വാങ്ങാന്‍ കാത്തിരുന്നവരെ അമ്പേ നിരാശരാക്കി ഈ സീരിസിലെ ഫോണുകള്‍ ഇപ്പോള്‍ സ്‌റ്റോക്ക് തീര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആമസോണിലും, ഫ്‌ളിപ്കാര്‍ട്ടിലും മാളുകളിലും മറ്റും ഈ പുതിയ മോഡലുകള്‍ ഔട്ട് ഓഫ് സ്റ്റോക്കാണെന്നത് ഐഫോണ്‍ ആരാധകരില്‍ നിരാശ പടര്‍ത്തിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആപ്പിളിന്റെ റീസെല്ലര്‍മാരുടെയടുത്തും ഫോണുകള്‍ ലഭ്യമല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ആപ്പിളിന്റെ ഇന്ത്യയിലെ പ്രീമിയം റീസെല്ലര്‍മാരും ഈ കാര്യം സമ്മതിച്ചു. ഐഫോണ്‍ 11 സീരിസ് ലഭ്യമല്ലാതായിട്ട് 20 ദിവസത്തോളമായി എന്നാണ് ഒരു ഔട്‌ലറ്റ് അറിയിച്ചത്. പുതിയ സ്റ്റോക്ക് എന്നുവരുമെന്ന കാര്യത്തെക്കുറിച്ചും തങ്ങള്‍ക്ക് ഇപ്പോള്‍ അറിവില്ലെന്നും വില്‍പനക്കാര്‍ പറയുന്നു. ഐഫോണ്‍ 11 ന്റെ തുടക്ക മോഡലിന്റെ വില 64,900 രൂപയാണ്. 

ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ 109,900 രൂപ വിലയുള്ള മോഡലിന് അപ്രതീക്ഷിത സ്വീകരണമാണ് ഇന്ത്യയില്‍ ലഭിച്ചതെന്നും വാര്‍ത്തകളുണ്ട്. ഇന്ത്യയില്‍ 42,000 എണ്ണം ഐഫോണ്‍ 11 വിറ്റതായും, 23,000 എണ്ണം ഐഫോണ്‍ 11 പ്രോ വിറ്റതായും, 18,000 എണ്ണം ഐഫോണ്‍ 11 പ്രോ മാക്‌സ് വിറ്റതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇതിലും കൂടുതല്‍ എണ്ണം വിറ്റുപോയിരിക്കാമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com