ADVERTISEMENT

ഗുരുതരമായ, ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകൾ കണ്ടെത്തി ആപ്പിൾ വാച്ച് ആളുകളുടെ ജീവൻ രക്ഷിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ കാലങ്ങളിൽ നാം കേട്ടിട്ടുണ്ട്. എന്നാൽ ഒരു വ്യക്തിയുടെ ജീവൻ രക്ഷിക്കുന്ന ഒരു സ്മാർട് ഫോൺ ഒരിക്കലും കേട്ടിട്ടില്ല. എന്നാൽ ഗൂഗിൾ പിക്സൽ 3 എക്സ് എൽ സ്മാർട് ഫോൺ ഇപ്പോൾ ഒരു വെടിയുണ്ടയെ നേരിട്ട് മനുഷ്യ ജീവൻ രക്ഷിച്ചിരിക്കുന്നു!

 

ഹോങ്കോങ് ആസ്ഥാനമായുള്ള ഫൊട്ടോഗ്രഫി സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർമാരിൽ ഒരാൾക്കാണ് ഈ അനുഭവം നേരിട്ടത്. ചൈനീസ് സേനക്കെതിരെ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധക്കാരെ നേരിടാൻ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചിരുന്നു. ഇതിലൊരു ബുള്ളറ്റ് ഫോട്ടോഗ്രാഫറുടെ നേർക്കു വരികയും ഗൂഗിൾ പിക്‌സൽ 3 എക്‌സ്‌എൽ സ്മാർട് ഫോൺ ഉപയോഗിച്ച് പ്രതിരോധിക്കുകയുമായിരുന്നു.

 

പിക്‌സൽ 3 എക്‌സ്‌എൽ സ്മാർട് ഫോൺ യുവാവിനെ രക്ഷിച്ച വാർത്ത ചിത്രങ്ങൾ സഹിതം അവരുടെ ഔദ്യോഗിക ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. പരുക്കേല്‍ക്കാതെ ഫോട്ടോഗ്രാഫർ രക്ഷപ്പെട്ടെങ്കിലും ബുള്ളറ്റിന്റെ ആഘാതം മൂലം ഫോണിന് കേടുപാടുകൾ സംഭവിച്ചു.

 

ഫൊട്ടോഗ്രാഫി സ്റ്റുഡിയോ പങ്കിട്ട ചിത്രങ്ങളിൽ കാണുന്നത് പോലെ, ബുള്ളറ്റ് പിക്സൽ 3 എക്സ് എൽ സ്മാർട്ട്‌ഫോണിന്റെ താഴെ വലത് കോണിലാണ് തട്ടിയിരിക്കുന്നത്. ബുള്ളറ്റിന്റെ ആഘാതം ഫോണിന്റെ ഇരുവശങ്ങളിലുമുള്ള ഗ്ലാസിനെ തകർത്തിട്ടുണ്ട്. ഫോണിന്റെ പുറകുവശത്ത് ബുള്ളറ്റ് തട്ടിയ ഭാഗം കൂടുതൽ കേടായിട്ടുണ്ട്. ഫോണിന്റെ ബാക്ക് പാനലിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്. ഫോണിന്റെ ആന്തരിക ഘടകങ്ങൾ പുറത്തേക്ക് കാണാം.

 

സംഭവത്തിൽ ഫോണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും പിക്സൽ 3 എക്സ്എൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഐഫിക്സിറ്റ് കഴിഞ്ഞ വർഷം പിക്സൽ 3 എക്സ്എല്ലിന് റിപ്പയറബിലിറ്റി സ്കോർ 4 നൽകിയിരുന്നു. ഇത് നന്നാക്കാൻ എളുപ്പമുള്ള ഫോണല്ല എന്നാണ് അവർ പറഞ്ഞത്. അറ്റകുറ്റപ്പണി നടത്തുന്നത് എളുപ്പമല്ലായിരിക്കാം, എന്നാൽ ഇത് ദീർഘകാലം നീണ്ടുനിൽക്കുമെന്ന് ഉറപ്പുണ്ടെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

English Summary: Google Pixel 3 XL saves a life, takes a bullet for a man in Hong Kong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com