sections
MORE

ഗൂഗിളിനെ ചവിട്ടി പുറത്താക്കാന്‍ ഇന്ത്യയുടെ സഹായം തേടി ചൈനീസ് കമ്പനികൾ

Huawei-phone
SHARE

ചൈനീസ് സ്മാര്‍ട് ഫോണ്‍ നര്‍മാണ ഭീമന്മാരായ വാവെയും ഒപ്പോയും ഗൂഗിള്‍ മൊബൈല്‍ സര്‍വീസസിനു പകരം നില്‍ക്കാന്‍ കെല്‍പ്പുള്ള സേവനങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഡെവലപ്പര്‍മാരുടെ പിന്തുണ തേടി. ഈ നീക്കത്തില്‍ പങ്കാളികളാകാന്‍ മറ്റു ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളെയും അവര്‍ ക്ഷണിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് വിജയിക്കുകയാണെങ്കില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് ഏഷ്യയിലും വെളിയിലും കനത്ത പ്രഹരമേല്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഇപ്പോള്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ കാര്യത്തില്‍ ആന്‍ഡ്രോഡിയിന്റെ ആധിപത്യത്തിന് വെല്ലുവിളിയില്ല. ലോകത്തെ സ്മാര്‍ട് ഫോണുകളില്‍ ഏകദേശം 76 ശതമാനവും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിലാണ്. എന്നാല്‍, അമേരിക്കന്‍ കമ്പനിയുടെ ആധിപത്യത്തിനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനാണ് വാവെയുടെ തീരുമാനം. ഗൂഗിള്‍ അങ്ങനെ പുറത്താക്കപ്പെട്ടാല്‍ അതിന് അവര്‍ സ്വയം കുറ്റപ്പെടുത്തുകയാണ് വേണ്ടതെന്നു പറയുന്നവരും ഉണ്ട്. 

വാവെയ്‌ക്കെതിരെ അമേരിക്കയിലെ ട്രംപ് ഭരണകൂടം നീങ്ങിയപ്പോള്‍ അവര്‍ വേണ്ടവിധത്തില്‍ ലോബിയിങ് നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി വരില്ലായിരുന്നുവെന്നാണ് ആ വാദം ഉയര്‍ത്തുന്നവര്‍ പറയുന്നത്. വാവെയെ അമേരിക്ക സമ്മര്‍ദ്ദത്തിലാക്കിയതാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സൃഷ്ടിക്കു പിന്നില്‍. തങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഉപയോഗിക്കാനാണിഷ്ടം എന്നു പറഞ്ഞെങ്കിലും കമ്പനിക്കു വേണ്ടി ചെറുവിരലനക്കാന്‍ പോലും ഗൂഗിള്‍ തയാറായില്ല.

ലോകത്തെ ഏറ്റവും ജനപ്രിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കരുതെന്നുള്ള വിലക്ക് വാവെയ്‌ക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായിരുന്നു. എന്നാല്‍, ഗൂഗിളിനും വാവെയ്ക്കുമിടയില്‍ നില്‍ക്കുന്ന ഉപയോക്താവിന്റെ തലയ്ക്കു മുകളില്‍ തൂങ്ങുന്നത് ഇരട്ടത്തലയുള്ള വാളാണെന്നു വാദിക്കുന്നവരും ഉണ്ട്. തങ്ങളെ ഗൂഗിള്‍ പുറത്താക്കി മാസങ്ങള്‍ക്കുള്ളില്‍ തന്നെ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണി ഒഎസില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ മുന്തിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയിരുന്നു. ഗൂഗിള്‍ ആപ്‌സിന് അതില്‍ ഇടം നല്‍കിയിരുന്നില്ല. തങ്ങള്‍ വാവെയെ മൊബൈല്‍ സര്‍വീസസ് എന്ന പകരം പദ്ധതി നടപ്പിലാക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. വാവെയ് ഉടനെ തന്ന് ഇന്ത്യയിലെ 150 പ്രമുഖ ആപ് സൃഷ്ടാക്കളുമായി ചര്‍ച്ചയും തുടങ്ങി. 

സ്വന്തമായി 150 ആപ്പുകളെങ്കിലും തങ്ങളുടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി ഉടനടി ഇറക്കുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ഗൂഗിള്‍ സേവനങ്ങള്‍ ഇല്ലാതാക്കിയ ഫോണുകള്‍ കുറെ കസ്റ്റമര്‍മാര്‍ വാങ്ങാതായാല്‍ വാവെയ്ക്കു നഷ്ടമുണ്ടാകും. ഇതുപോലെ വാവെയുടെ ഫോണുകള്‍ ആരെങ്കിലുമൊക്കെ വാങ്ങുമ്പോള്‍ ഗൂഗിളിനും നഷ്ടമാണെന്ന് കാണാം. ലോക സ്മാര്‍ട് ഫോണ്‍ വിപണിയുടെ 19 ശതമാനത്തോളം വാവെയുടെ കയ്യിലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. 

ഇതു കൂടാതെ ചൈനീസ് കമ്പനികള്‍ ഒത്തു ചേര്‍ന്നാല്‍, ഗൂഗിളിനെ മൊബൈല്‍ ഓപ്പറേറ്റിങ് സിറ്റം നിര്‍മാണ രംഗത്തു നിന്നു പുറത്താക്കാമെന്ന് കരുതുന്നവരും ഉണ്ട്. ആദ്യ നീക്കം നടത്തിയെന്ന അനുകൂല ഘടകം ഗൂഗിളിനുണ്ടെങ്കിലും ചൈനീസ് കമ്പനികള്‍ ഒരു സംയുക്ത നീക്കം നടത്തിയാല്‍ അതു തകര്‍ക്കാവുന്നതേയുള്ളു എന്നാണ് അവരുടെ വാദം. ഒക്ടോബര്‍ 2019ല്‍, ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവയ സാംസങ്ങിനെ ചൈനീസ് മാര്‍ക്കറ്റില്‍ നിന്നു കെട്ടുകെട്ടിച്ചത് വാവെയും മറ്റു ചൈനീസ് നിര്‍മാതാക്കളും കൂടെയാണ്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം വാവെയും സഹ ചൈനീസ് കമ്പനിയായ ഒപ്പോയും ഇന്ത്യന്‍ ആപ് ഡെവലപ്പര്‍മാരുമായി ചര്‍ച്ചയിലേര്‍പ്പെട്ടിരിക്കുകയാണ് എന്നാണ്. 

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ വിപണിയായ ചൈനയില്‍ നിന്ന് ഗൂഗിള്‍ ഏകദേശം പുറത്തായിക്കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, ഏഷ്യയിലെ സ്ഥതി അതല്ല. രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ വിപണിയായ ഇന്ത്യയില്‍ ഗൂഗിളിനാണ് ആധിപത്യം. ഇന്ത്യയില്‍ നിന്നു കൂടി ഗൂഗിളിനെ പറഞ്ഞുവിടാന്‍ വാവെയ്ക്കു സാധിച്ചാല്‍ അത് ഗൂഗിളിന് ലഭിക്കാവുന്ന ചീത്ത വാര്‍ത്തകളിലൊന്നായിരിക്കുമെന്നാണ് പറയുന്നത്. 

ഗൂഗിള്‍ മൊബൈല്‍ സര്‍വീസസില്‍ ( പ്ലേ സ്റ്റോറില്‍ അല്ല) ഉള്ളതിനേക്കാള്‍ ആപ്പുകള്‍ ഇപ്പോള്‍ത്തന്നെ വാവെയ്ക്കുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഗൂഗിളിനെതിരെയയുള്ള യുദ്ധത്തില്‍ വാവെയ് ജയിക്കാനുളള നല്ല സാധ്യതയുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. സമീപ ഭാവിയില്‍ ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ കമ്പനികളെ ഏഷ്യയില്‍ നിന്നു പുറത്താക്കിയേക്കും. ജിമെയില്‍, മാപ്‌സ്, യുട്യൂബ് തുടങ്ങിയ ആപ്പുകള്‍ക്കു പകരമുള്ള വാവെയുടെ ആപ്പുകള്‍ വിജയിക്കുകയാണെങ്കില്‍ അത് അമേരിക്കന്‍ ഭീമന് ലഭിക്കാവുന്നതിലെ വലിയ അടികളിലൊന്നായിരിക്കുമെന്നാണ് പറയുന്നത്. 

അമേരിക്ക വാവെയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ നടത്തിയ സമയത്ത് പ്രതികരിക്കാതിരിക്കുക വഴി സ്വന്തം പാദത്തില്‍ ഗൂഗിള്‍ വെടിവയ്ക്കുകയായിരിക്കും ചെയ്തതെന്ന് വാദിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ ഗൂഗിള്‍ കരുതുന്നുണ്ടാകും അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന തിരിച്ചടി ഏഷ്യയില്‍ ഒതുങ്ങാന്‍ സാധ്യതിയില്ല എന്ന്. ഇനിയിപ്പോള്‍ ചൈനയുടെ മുന്നേറ്റത്തെ തടയാനാവില്ല എന്നാണ് ഒരു വാദം. കാത്തിരുന്നു കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA