ADVERTISEMENT

ഐഫോണുകളുടെ അവതരണത്തില്‍ എക്കാലവും പിന്തുടര്‍ന്നുവന്ന ഒരു പാരമ്പര്യം തൊട്ടു മുൻപത്തേക്കാളും മികച്ച പ്രോസസറുമായി ആയിരിക്കും പുതിയ മോഡല്‍ ഇറക്കൂ എന്നതാണ്. ഇക്കൊല്ലം ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 12 മോഡലുകളും അതില്‍ നിന്ന് വ്യത്യസ്തമാകില്ലെന്നു മാത്രമല്ല 2020 ഐഫോണ്‍ മോഡലുകളില്‍ അവതരിപ്പിക്കുന്ന എ14 പ്രോസസര്‍ അതീവ ശക്തിയുള്ളതായിരിക്കുമെന്നും പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു. 

പുതിയ ചിപ്പ് ആപ്പിളിനു വേണ്ടി നിര്‍മ്മിക്കുന്നത് ടിഎസ്എംസി കമ്പനിയാണ്. പുതിയ ചിപ് 5 എന്‍എം ഫാബ്രിക്കേഷന്‍ പ്രോസസ് ഉപയോഗിച്ചായിരിക്കും നിര്‍മ്മിക്കുക. ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 11 മോഡലുകളിലുള്ള എ13 ചിപ്പുകള്‍ 7എന്‍എം പ്രോസസിലൂടെ നിര്‍മ്മിച്ചതാണ്. ഈ വര്‍ഷത്തെ എ14 ചിപ്പുകളുടെ ബെഞ്ച്മാര്‍ക്ക് സ്‌കോറുകള്‍ ഡെസ്‌ക്ടോപ് സിപിയുവിനോടും, 15-ഇഞ്ച് മാക്ബുക് പ്രോ മോഡലിനോടും കിടപിടിക്കുന്നതായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എ14 ചിപ്പ് ഒറ്റ കോറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 1,500-1,600 സ്‌കോര്‍ ലഭിച്ചേക്കാം. മള്‍ട്ടി കോര്‍ മോഡില്‍ കൂടെ ഉപയോഗിക്കുന്നമ്പോള്‍ പ്രകടനം 4,500-5,000 വരെ എത്തിയേക്കാമെന്നാണ് പറയുന്നത്. എന്നാല്‍, ഇത് അഭ്യൂഹമാണ് ഇത്തരം കരുത്ത് എ14 ചിപ്പുകള്‍ പുറത്തെടുക്കുമോ എന്ന കാര്യം കണ്ടറിയേണ്ടതാണെന്നും വാദമുണ്ട്. പക്ഷേ, ഈ സ്‌കോര്‍ എത്തിച്ചേരുന്നുണ്ടെങ്കില്‍ പുതിയ ഐഫോണുകള്‍ക്ക് 15-ഇഞ്ച് മാക്ബുക് പ്രോയുടെ കരുത്തായിരിക്കും ഉണ്ടാകുക.

(അതേസമയം, ആപ്പിള്‍ തങ്ങളുടെ മാക്ബുക്കുകളുടെ നിര്‍മ്മാണത്തില്‍ എആര്‍എം-കേന്ദ്രീകരിച്ചുള്ള പ്രോസസറുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്നും പറയുന്നു. ഐഫോണുകള്‍ മാക്ബുക്കുകളുടെ പ്രോസസിങ് കരുത്ത് നേടുകയാണെങ്കില്‍ മാക്ബുക്കുകളെ അതുക്കും മേലെ പ്രകടനം നടത്തുന്ന ഉപകരണങ്ങളായി നിലനിർത്താനുള്ള ശ്രമമാണിതെന്നും പറയുന്നു.)

ഐഫോണ്‍ 12 സീരിസിന് പുതിയ ഫെയ്‌സ്‌ഐഡി സിസ്റ്റം

ഈ വര്‍ഷത്തെ ഐഫോണുകളില്‍ നിന്ന് നിലവിലുള്ള ട്രൂഡെപ്ത് ക്യാമറാ സിസ്റ്റം എടുത്തുകളയുകയാണെന്നും ഇതിനൊപ്പം ഫെയ്‌സ്‌ഐഡിയും പോകുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇത്ര നാള്‍ ഉപയോഗിച്ച ട്രൂഡെപ്ത് ക്യാമറാ സിസ്റ്റം എടുത്തുകളയുക മാത്രമാണ് ചെയ്യുന്നത്. പകരം കാലോചിതമായി പരിഷ്‌കരിച്ച ട്രൂഡെപ്ത് ക്യാമറാ സിസ്റ്റം ഐഫോണ്‍ 12ല്‍ കാണുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഐഫോണ്‍ Xല്‍ ആണ് ട്രൂഡെപ്ത് ക്യാമറാ സിസ്റ്റം ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാല്‍, ഏതു രീതിയിലാണ് ട്രൂഡെപ്ത് ക്യാമറാ സിസ്റ്റവും ഫെയ്‌സ്‌ഐഡിയും മികവാര്‍ജ്ജിക്കുക എന്നതിനെപ്പറ്റി യാതൊരു വിവരവും ഇപ്പോള്‍ ഇല്ലെന്നും പറയുന്നു.

സ്മാര്‍ട് ഫോണുകളില്‍ അവതരിപ്പിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും സുരക്ഷിതമായ ഒന്നാണ് തങ്ങളുടെ ഫെയ്‌സ്‌ഐഡി എന്ന് ആപ്പിള്‍ പല തവണ പറഞ്ഞിട്ടുണ്ട്. ഉടമയുടെ മുഖത്തിന്റെ 3ഡി, 2ഡി ചിത്രങ്ങള്‍, ഇന്‍ഫ്രാറെഡ് പ്രകാശം ഉപയോഗിച്ച് പകര്‍ത്തി, സവിശേഷമായ മുഖത്തിന്റെ മാപ് തയാറാക്കുകയാണ് ഇപ്പോഴത്തെ ഫെയ്‌സ്‌ഐഡി ചെയ്യുന്നത്. ഫ്‌ളഡ് ഇലൂമിനേറ്റര്‍ ടെക്‌നോളജിയുമായി ഒത്തു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് ഇരുട്ടിൽ പ്രവര്‍ത്തിക്കുകയും ചെയ്യും. ഐഫോണ്‍ 11ല്‍ ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കിയിരുന്നു. പെട്ടെന്നു അണ്‍ലോക് ആകുമെന്നതു കൂടാതെ, കൂടുതല്‍ വൈഡ് വീക്ഷണകോണും ഉപയോഗിച്ചിരുന്നു. എന്തായാലും ഐഫോണ്‍ 12ല്‍ കൊണ്ടുവരാന്‍ പോകുന്ന പരിഷ്കാരങ്ങള്‍ ഏതു വിധത്തിലുള്ളതായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

അതേസമയം, ഐഫോണ്‍ 12പ്രോ മോഡലുകളുടെ പിന്‍ ക്യാമറാ സിസ്റ്റത്തില്‍ 3ഡി ടൈം ഓഫ് ഫ്‌ളൈറ്റ് (ടോഫ്) സെന്‍സര്‍ ഉപയോഗിക്കുമെന്നും പറയുന്നു. പ്രോ മോഡലുകള്‍ 6.7-ഇഞ്ച്, 6.1-ഇഞ്ച്, 5.4-ഇഞ്ച് എന്നീ മൂന്നു വലുപ്പങ്ങളിലോ, ഇവയില്‍ ഏതെങ്കിലും രണ്ടു വലുപ്പങ്ങളിലോ ആകാം പുറത്തിറക്കുക. ഇവയ്ക്ക് 120 ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റുള്ള ഓലെഡ് സ്‌ക്രീനുകളായിരിക്കാം ലഭിക്കുക എന്നത് മുന്‍ ഐഫോണ്‍ മോഡലുകളെക്കാള്‍ സ്‌ക്രീന്‍ ടെ്ക്‌നോളജിയുടെ കാര്യത്തില്‍ മികച്ചതായിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

മറ്റൊരു അഭ്യൂഹം

മുകളില്‍ പറഞ്ഞ സൈസുകള്‍ കൂടാതെ, രണ്ട് ഐഫോണ്‍ 12 പ്രോ മോഡലുകളും ഉണ്ടാകാം എന്നാണ് പുതിയ വാദം. 6.1-ഇഞ്ച്, 5.4-ഇഞ്ച് വലുപ്പമുള്ള രണ്ട് ഓലെഡ് സ്‌ക്രീനുള്ള മോഡലുകളും ഈ വര്‍ഷം ഇറക്കുമെന്നും എന്നാല്‍ ഇവയ്ക്ക് പിന്നില്‍ ഇരട്ട ക്യാമറകളെ ഉണ്ടാകൂ എന്നുമാണ് പറയുന്നത്. ഈ രണ്ടു മോഡലുകള്‍ക്ക് 4 ജിബി റാം ആയിരിക്കും ഉണ്ടായിരിക്കുക. അതേസമയം, പ്രോ മോഡലുകള്‍ 6ജിബി റാം ഉള്‍ക്കൊള്ളുന്നവയായിരിക്കുമെന്നും പറയുന്നു.

പ്രധാന മോഡലുകളെല്ലാം ഓലെഡ് സ്‌ക്രീനിലേക്കു മാറുമ്പോള്‍, വില കുറഞ്ഞ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐഫോണ്‍ എസ്ഇ2 (ഐഫോണ്‍ 9 എന്നു വിളിക്കുമെന്ന് ചിലര്‍) മോഡലുകള്‍ ഇറക്കിയേക്കുമത്രെ. ഇവയ്ക്കാകട്ടെ എല്‍സിഡി സ്‌ക്രീനുകളുമായിരിക്കും. ഐഫോണ്‍ 8ന്റെ രൂപകല്‍പ്പനയും ഐഫോണ്‍ 11ന്റെ പ്രോസസറും ഉള്‍പ്പെടുത്തിയായരിക്കും ഇവയുടെ നിര്‍മ്മാണമത്രെ. ഇവയില്‍ ആദ്യ മോഡല്‍ ഈ വര്‍ഷം ആദ്യം അവതരിപ്പിക്കുമെന്നും രണ്ടാം മോഡല്‍ (കുടുതല്‍ സ്‌ക്രീന്‍ വലുപ്പമുള്ള എസ്ഇ2 പ്ലസ്) 2021 ആദ്യമായിരിക്കും അവതരിപ്പിക്കുക എന്നും ചിലര്‍ വാദിക്കുന്നു. ഐഫോണ്‍ 12 മോഡലുകളുടെ വില ഉയര്‍ന്നേക്കും. എന്നാല്‍, എസ്ഇ2 ന്റെ തുടക്ക വില 399 ഡോളരായിരിക്കുമത്രെ. ഇന്ത്യയില്‍ ഏകദേശം 30,000 രൂപയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ തന്നെയാണ് അവ നിര്‍മ്മിക്കുന്നതെങ്കില്‍ വില കുറഞ്ഞേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com