ADVERTISEMENT

ഇടത്തരം സ്മാര്‍ട് ഫോണുകള്‍ക്കു പോലും 2,000-3,000 രൂപ ഇളവ് ലഭിച്ചിരുന്നതിനാല്‍ പലരും ഫോണുകള്‍ വാങ്ങാനായി ഓണ്‍ലൈന്‍ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ഓണ്‍ലൈനില്‍ ഇനിയും ഫോണ്‍ ലഭിക്കുമെങ്കിലും ഡിസ്‌കൗണ്ട് ഉണ്ടായേക്കില്ല എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. വന്‍ ഡിസ്‌കൗണ്ടില്‍ ഫോണുകളും മറ്റും ഓണ്‍ലൈനില്‍ വിറ്റുകൂടാ എന്ന സർക്കാർ നിബന്ധന പ്രാബല്യത്തില്‍ വരാന്‍ പോകുന്നു. സർക്കാരിന്റെ പുതിയ നീക്കം ഫോണ്‍ നിര്‍മ്മാതാക്കളെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.

 

പലപ്പോഴും ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍ നേരിട്ടാണ് ഓണ്‍ലൈനില്‍ വിലക്കുറവ് സാധ്യമാക്കിയിരുന്നത്. ഇത്തരം നിര്‍മ്മാതാക്കളെ ബഹിഷ്‌കരിക്കാന്‍ ഓഫ്‌ലൈന്‍ കടക്കാര്‍ തീരുമാനിച്ചതോടെ വില ഏകീകരിക്കാന്‍ തന്നെയാണ് വിവിധ ബ്രാന്‍ഡുകളുടെ തീരുമാനം. ഇപ്പോഴും കൂടുതല്‍ ഫോണുകള്‍ വില്‍ക്കുന്നത് ഓഫ്‌ലൈനിലാണ് എന്നതാണ് നിര്‍മ്മാതാക്കള്‍ കടക്കാരുടെ ഭീഷണിക്കു വഴങ്ങാനുള്ള പ്രധാന കാരണം. ഓണ്‍ലൈനില്‍ ഏകദേശം 40 ശതമാനം ഫോണുകളാണ് വിറ്റുപോകുന്നതെങ്കില്‍ കടകളിലൂടെയാണ് 60 ശതമാനം ഫോണുകളും വില്‍ക്കുന്നത് എന്നത് നിര്‍മ്മാതാക്കള്‍ക്ക് അവഗണിക്കാനാകാത്ത കാരണമാണ്. ഇതിനാല്‍, നിര്‍മ്മാതാക്കള്‍ ഇനി വില ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരു പോലെ നടപ്പിലാക്കിയേക്കും.

 

ഇത് വിലയിടലിനെ സാരമായി ബാധിക്കാന്‍ പോകുകയാണ് എന്നാണ് ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്റെ (ഐഡിസി) ഗവേഷണ വിഭാഗം മേധാവിയായ നവ്‌കേന്ദര്‍ സിങ് പറയുന്നത്. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ക്ക് അവ നടത്തിക്കൊണ്ടു പോകാന്‍ ഓണ്‍ലൈനിനെ അപേക്ഷിച്ച് കൂടുതല്‍ ചെലവുണ്ട്. അതിനാല്‍ അവിടെ വിലയും കൂടുതലാണ്. ഇതിനാല്‍ ഓഫ്‌ലൈനിലും ഓണ്‍ലൈനിലും വില ഏകീകരിക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായി തീരുമെന്നും ഓണ്‍ലൈനില്‍ നന്നായി വിറ്റുപോകുന്ന പല ഫോണുകള്‍ക്കും ഉടനെ വില ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറയുന്നു.

 

ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ് ഡീലുകളിലായിരുന്നു ഏറ്റവുമധികം വിലക്കുറവ് നല്‍കി വന്നിരുന്നത്. എന്നാല്‍ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ഷഓമി, സാംസങ്, വിവോ, ഒപ്പോ, റിയല്‍മി തുടങ്ങിയ ബ്രാന്‍ഡുകള്‍ എക്‌സ്‌ക്ലൂസീവ് വില്‍പ്പന നിർത്താനൊരുങ്ങുകയാണ്. വിവോ, സാംസങ്, ഒപ്പോ എന്നീ കമ്പനികള്‍ ഇപ്പോള്‍ത്തന്നെ ഓഫ്‌ലൈന്‍ വില്‍പ്പനയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇവര്‍ താമസിയാതെ ഓണ്‍ലൈനില്‍ ഒരു ഇളവും നല്‍കാതിരുന്നേക്കുമെന്നു പറയുന്നു.

 

എന്നാല്‍, റിയല്‍മി ഇന്ത്യാ മേധാവി മാധവ് സേത്ത് പറഞ്ഞത് തങ്ങളുടെ ഫോണുകള്‍ക്ക് ഒരു വിലക്കൂടുതലും ഉണ്ടാവില്ല എന്നാണ്. തങ്ങള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒരേ വിലയ്ക്കു വില്‍ക്കുന്നുവെന്നും ഫോണുകള്‍ ഒരേ ദിവസം തന്നെ രണ്ടിടത്തും വില്‍പ്പനയ്‌ക്ക് എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടിടത്തു നിന്നു വാങ്ങിയാലും ഉപയോക്താവിന് ഒരു മാറ്റവും ഇപ്പോള്‍ത്തന്നെ അനുഭവിക്കാനാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാരണത്താല്‍ തങ്ങളുടെ ഫോണുകള്‍ക്ക് വില കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഷഓമി, സാംസങ്, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ പുതിയ നിലപാട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ ഡസ്‌കൗണ്ടിനെതിരെ കടക്കാര്‍ സംയുക്തമായി നടത്തിവരുന്ന എതിര്‍പ്പിനെതിരെ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വന്നേക്കുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, വില ഏകീകരിക്കല്‍ ഓണ്‍ലൈന്‍ ഫോണ്‍ വില്‍പ്പനയെ ബാധിച്ചേക്കില്ലെന്നു വാദിക്കുന്നവരും ഉണ്ട്. ഓണ്‍ലൈനില്‍ റിവ്യൂകളും റേറ്റിങും ഒക്കെ നോക്കി വാങ്ങുന്നവര്‍ അതു തുടര്‍ന്നേക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.

 

ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന മറ്റൊരു നേട്ടം നല്ല സൈറ്റുകളെല്ലാം നല്‍കിവരുന്ന 10 ദിവസത്തെ റീപ്ലെയ്‌സ്‌മെന്റ് പോളിസിയാണ്. കടക്കാരും മറ്റും അടുത്തതായി ഇതിനെതിരെ രംഗത്തിറങ്ങുമോ എന്ന പേടിയിലാണ് ഓണ്‍ലൈന്‍ വാങ്ങല്‍ പ്രേമികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com