sections
MORE

16 ജിബി റാം, 100X സ്‌പെയ്‌സ് സൂം, പുതിയ സാംസങ് ഗ്യാലക്‌സി ഫോണ്‍ പുറത്തിറങ്ങി

s20-price
SHARE

ടെക്‌നോളജിയുടെ നൂതനത്വം തുറന്നുകാട്ടുന്ന ചില സ്മാര്‍ട് ഫോണ്‍ സീരിസുകളുണ്ട്, അതിലൊന്നാണ് സാംസങ്ങിന്റെ എസ് സീരിസ്. കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ ഉൾപ്പെടുന്ന ഗ്യാലക്‌സി എസ്20, എസ് 20പ്ലസ്, എസ്20 അള്‍ട്രാ എന്നീ മോഡലുകളാണ് അവരിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ മോഡലുകള്‍ക്കെല്ലാം തിലകക്കുറി ചാര്‍ത്തുന്നത് അവയുടെ 120 ഹെട്‌സ് ഡിസ്‌പ്ലേയാണ്. എല്ലാ മോഡലുകള്‍ക്കും കുറഞ്ഞത് 8 ജിബി റാമും 8കെ വിഡിയോ റെക്കോഡിങും ഉണ്ട്. മാര്‍ച്ച് 6 മുതല്‍ ഇവ വാങ്ങാം. ഇന്ത്യയിലും അധികം താമസിയാതെ എത്തും. ഇവ കൂടതാതെ, മടക്കാവുന്ന സ്‌ക്രീനുള്ള ഗ്യാലക്‌സി Z ഫ്‌ളിപും അവതരിപ്പിച്ചു.

എട്ടു കോറുകളുള്ള, 7എന്‍എം, 64-ബിറ്റ് പ്രോസസറാണ് എല്ലാ മോഡലുകള്‍ക്കും ഉള്ളത്. മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ചതുപോലെ ഈ ഫോണുകളെല്ലാം ക്വാല്‍കമിന്റെ സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്പ് അല്ലെങ്കില്‍ സാംസങ്ങിന്റെ എക്‌സിനോസ് 990 എന്നിവയില്‍ ഒന്നായിരിക്കും ഉണ്ടാകുക. എക്‌സിനോസ് 990 സാംസങ് തന്നെ നിര്‍മ്മിക്കുന്നതാണ്. അതിന് സ്‌നാപ്ഡ്രാഗണ്‍ 865ന്റെ ഒപ്പം കരുത്തുണ്ടാകും. ഇന്ത്യയില്‍ എക്‌സിനോസ് 990 വച്ചുള്ള ഫോണുകളാകും ഇറങ്ങുക എന്നാണ് കേള്‍ക്കുന്നത്. ഈ ഫോണുകളെ ചാലകമാക്കുന്നത് ആന്‍ഡ്രോയിഡ് 10-കേന്ദ്രീകൃതമായി സാംസങ് തന്നെ നിര്‍മ്മിച്ച വണ്‍യുഐ (OneUI) ആണ്. ഒരേ യൂസര്‍ ഇന്റര്‍ഫെയ്‌സ് ആയിരിക്കും എല്ലാ മോഡലുകളിലും.

ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകളില്‍ പ്രധാനപ്പെട്ടത് അതിന്റെ ഐപി68 റെയ്റ്റിങ് ആണ്. ഈ മോഡലുകളിലെല്ലാം ഡിസ്‌പ്ലേയ്ക്കുളളില്‍ തന്നെയുള്ള അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. ഫെയ്‌സ്‌ഐഡിയും റിവേഴ്‌സ് ചാര്‍ജിങ് (വയര്‍ലസ് ചാര്‍ജിങ് ഉള്ള ഫോണുകള്‍ ഈ മോഡലുകളുടെ മുകളില്‍ വച്ചാല്‍ ചാര്‍ജു ചെയ്‌തെടുക്കാം) ഫീച്ചറും ഉണ്ട്. മറ്റൊന്ന് പഞ്ച്-ഹോള്‍-ഡിസ്‌പ്ലേയാണ്. സ്‌ക്രീനിന്റെ മുകള്‍ഭാഗത്ത് നടുവിലായി ചെറിയ ദ്വാരമിട്ടാണ് സെല്‍ഫി ക്യാമറാ സിസ്റ്റം പിടിപ്പിച്ചിരിക്കുന്നത്. ഇതിനെ സാംസങ് ഇന്‍ഫിനിറ്റി-ഒ (Infinity-O) ഡിസ്‌പ്ലേ എന്നാണ് വിളിക്കുന്നത്.

s20-ultra

ബാറ്ററി

കുറഞ്ഞ മോഡലായ എസ്20യ്ക്ക് 4000 എംഎഎച് ബാറ്ററിയാണ് ഉള്ളത്. എസ്20 പ്ലസിന് 4500 എംഎഎച്ചും, അള്‍ട്രായ്ക്ക് 5000 എംഎഎച്ചും ബാറ്ററി ഉണ്ട്. ഇന്നത്തെ ഫോണുകളുടെ ഫീച്ചറായ ഫാസ്റ്റ് ചാര്‍ജിങ് മൂന്നു മോഡലുകളിലും ഉണ്ട്. അള്‍ട്രാ മോഡല്‍ 45W ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നു. ഇതിലൂടെ ചാര്‍ജിങ് വേഗം മറ്റു ഫോണുകളെ അപേക്ഷിച്ച് വര്‍ധിപ്പിക്കാമെങ്കിലും ഉപയോക്താക്കള്‍ ചാര്‍ജര്‍ വേറെ വാങ്ങിക്കണം. ഫോണിനൊപ്പം ലഭിക്കില്ല. കുറഞ്ഞ രണ്ടു മോഡലുകളും 25W ചാര്‍ജറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ക്രീന്‍

എസ്20യ്ക്ക് 6.2-ഇഞ്ച് ക്വോഡ് എച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇിതന് 120ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റും ഉണ്ട്. (ഇത് ഫുള്‍ എച്ഡി വരെയെ ലഭിക്കൂ). എചിഡിആര്‍ 10 പ്ലസ് സര്‍ട്ടിഫിക്കറ്റുള്ള ഡിസ്‌പ്ലേയ്ക്ക് 563 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി. എസ്20 പ്ലസിന് 6.7-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്. ഇതിനെ സാംസങ് വിളിക്കുന്നത് ക്വാഡ് എച്ഡിപ്ലസ് ഡൈനാമിക് അമോലെഡ് 2x എന്നാണ്. 525 പിപിഐ റെസലൂഷന്‍. അള്‍ട്രാ മോഡലിന് 6.9-ഇഞ്ച് സ്‌ക്രീനാണ് ഉള്ളത്. മേല്‍പ്പറഞ്ഞ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഗ്യാലക്‌സി എസ്20 കോസ്മിക് ഗ്രേ, ക്ലൗഡ് പിങ്ക്, ക്ലൗഡ് ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാക്കും. പ്ലസ് വേര്‍ഷന് കോസ്മിക് ഗ്രേ, കോസ്മിക് ബ്ലാക്, ക്ലൗഡ് ബ്ലൂ എന്നീ നിറങ്ങളാകും ഉണ്ടാകുക. എന്നാല്‍ അള്‍ട്രാ വേര്‍ഷന് രണ്ടു നിറങ്ങളാണ് – കോസ്മിക് ഗ്രേ, കോസ്മിക് ബ്ലാക്. മുകളിലും താഴെയും ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. വശങ്ങളില്‍ മറ്റലും.

s20-camera

ക്യാമറകള്‍

എസ്20യ്ക്ക് പിന്നില്‍ മൂന്നു സെന്‍സറുകളാണ് ഉള്ളത്. എസ്20 പ്ലസ്, അള്‍ട്രാ എന്നീ മോഡലുകള്‍ക്ക് നാലു ക്യാമറാ സിസ്റ്റവും നല്‍കിയിരിക്കുന്നു. എസ്20യുടെ ക്യാമറാ സിസ്റ്റം ഇങ്ങനെയാണ്- 64എംപി ടെലിഫോട്ടോ, 12എംപി വൈഡ്, 12എംപി അള്‍ട്രാ വൈഡ്. എസ്20 പ്ലസിനും ഇതിനു സമാനമായസെറ്റ് - അപ് ആണുള്ളത്. എന്നാല്‍, ഇതിന് പോര്‍ട്രെയ്റ്റ് ഷോട്ടുകള്‍ക്കായി ഡെപ്ത് വിഷന്‍ സെന്‍സര്‍ അധികമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനെ ടൈം-ഓഫ്-ഫ്‌ളൈറ്റ് എന്നും വിശേഷിപ്പിക്കും. സാംസങ്ങിന്റെ ക്യാമറാ ഭീമന്‍ മോഡല്‍ എസ്20 അള്‍ട്രായാണ്. ഇതില്‍ 108 എംപി സെന്‍സറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അള്‍ട്രായില്‍ 108 എംപി വൈഡ് (F1.8), 48 എംപി ടെലി, 12 എംപി വൈഡ്, ഡെപ്ത് വിഷന്‍. 100X സ്‌പെയ്‌സ് സൂം എന്ന ഫീച്ചറും ഇതിനുണ്ട്. ഒപ്ടിക്കല്‍, ഡിജിറ്റല്‍, എഐ എന്നിവയുടെ ശേഷി ഉപയോഗിച്ചാണ് ഈ സൂം കൊണ്ടുവന്നിരിക്കുന്നത്.

സെല്‍ഫി ക്യാമറകളുടെ കാര്യത്തിലും മൂന്നു മോഡലുകളും തമ്മില്‍ വേര്‍തിരിവുണ്ട്. എസ്20, എസ്20 മോഡലുകളുടെ സെല്‍ഫി ക്യാമറ 10 എംപിയാണ്. എന്നാല്‍, അള്‍ട്രായിക്ക് 40എംപി ക്യാമറ നല്‍കിയിരിക്കുന്നു.

വിഡിയോ റെക്കോഡിങ് പുതിയ തലത്തില്‍

ഈ മോഡലുളുടെയെല്ലാം ഹെഡ്‌ലൈന്‍ ഫീച്ചര്‍ 8കെ വിഡിയോ റെക്കോഡിങ് ആണ്. ഇവ മുറിയാതെ റെക്കോഡ് ചെയ്യാം. എന്നാല്‍, ഫയലുകള്‍ 4ജിബി ആകുമ്പോള്‍ തനിയെ മുറിയും. ഇവ പോസ്റ്റ്‌ പ്രോസസിങ് സമയത്ത് അല്‍പ്പം സമയം ചെലവഴിച്ചാല്‍ കൂട്ടിയോജിപ്പിക്കാം. ഈ വിഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ അവ 33 എംപി റെസലൂഷനുള്ള ചിത്രങ്ങളായി സേവു ചെയ്യാം! ഇതു കൂടാതെ, സ്‌പെയ്‌സ് സൂം എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഹൈ-റെസലൂഷന്‍ ഫോട്ടോകളിലേക്ക് സൂം ചെയ്ത് അവ ക്രോപ് ചെയ്ത് മികച്ച ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ അനുവദിക്കും.

z-flip

സാംസങ്ങിന്റെ സൂപ്പര്‍ സ്റ്റെഡി മോഡ് കൂടുതല്‍ മികവുറ്റതാക്കി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് പകലും രാത്രിയും ഫോട്ടോ എടുക്കുകയോ വിഡിയോ റെക്കോഡ് ചെയ്യുകയോ ചെയ്യുമ്പോള്‍ പ്രയോജനപ്പെടുത്താം. നൈറ്റ് ഹൈപ്പര്‍ലാപ്‌സ് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടിക്‌ടോക് കണ്ടന്റ് സൃഷ്ടാക്കള്‍ക്ക് പണി എളുപ്പമാക്കാനായി 10 സെക്കന്‍ഡ് വിഡിയോ വ്യത്യസ്തമായ ലെന്‍സ് ഉപയോഗിച്ച് എടുക്കും. വിവിധ ഔട്ട്പുട്ട് ലെവലിലുള്ള ലൈഫ് ഫോക്കസ്, അള്‍ട്രാ വൈഡ്. തുടങ്ങിയ മോഡുകളില്‍ ഒരേ സമയം റെക്കോഡ് ചെയ്യും. ക്വിക് ഷെയര്‍ ആണ് മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍. അടുത്തുള്ള രണ്ടു ഗ്യാലക്‌സി ഫോണുകള്‍ തമ്മില്‍ എളുപ്പത്തില്‍ കണ്ടെന്റ് കൈമാറാം.

വേരിയന്റുകള്‍

ഗ്യാലക്‌സി എസ് 20 മോഡലിന് 8ജിബി റാം/128ജിബി സ്റ്റോറേജ്, 12ജിബി റാം, 128ജിബി സ്റ്റോറേജ്, എസ് 20പ്ലസിന് 8ജിബി റാം, 128ജിബി സ്റ്റോറേജ്, 12ജിബി റാം, 512ജിബി സ്റ്റോറേജ്, അള്‍ട്രാ മോഡലിന് 16 ജിബി വരെ എല്‍പിഡിഡിആര്‍5 റാം, 512 ജിബി വരെ സ്റ്റോറേജ് എന്നിവായാണ് ഉണ്ടായിരിക്കുക. എല്ലാ ഫോണുകളും 1ടിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കും.

flip

ഗ്യാലക്‌സി ഫ്‌ളിപ് സാംസങ്ങിന്റെ രണ്ടാം തലമുറ ഫോള്‍ഡിങ് ഫോണാണ്. 6.7-ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിന്. ഇതിന്റെ നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക്കിനു പകരം വളരെ നേര്‍ത്ത ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ പുറമേ 1.06-ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലൈയും ഉണ്ട്. സമയം, ബാറ്ററി ലെവല്‍, നോട്ടിഫിക്കേഷന്‍ തുടങ്ങിയവ ഇവിടെ കാണാം. സെല്‍ഫി എടുക്കാന്‍ മിറര്‍ ആയും ഉപയോഗിക്കാം. ബാക്കി ഫീച്ചറുകള്‍ ഗ്യാലക്‌സി എസ്10ഇ യില്‍ കണ്ടതുപോലെയാണ്. തുടക്ക വില 1,380 ഡോളർ ആയരിക്കും.

മറ്റു മോഡലുകളുടെ വില

എസ്20യുടെ തുടക്ക മോഡലിന് 999 ഡോളറാണ് വില (ഏകദേശം  71,225 രൂപ); എസ്20 തുടക്ക മോഡലിന് 1199 ഡോളറാണ് വില (ഏകദേശം 85,514 രൂപ). എന്നാല്‍, അള്‍ട്രാ മോഡലിന്റെ തുടക്ക വില 1,399 ഡോളറാണ് (ഏകദേശം 1 ലക്ഷം രൂപ). ഇവയ്‌ക്കൊപ്പം ഗ്യാലക്‌സി ബഡ്‌സ് പ്ലസ് എന്ന വയര്‍ലെസ് ഇയര്‍ഫോണുകളും അവതരിപ്പിച്ചു. ഇവയ്ക്ക് 11 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കും. ഐഒഎസിലും പ്രവര്‍ത്തിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA