ADVERTISEMENT

ഈ വര്‍ഷം ഒന്നാം പാദത്തില്‍ പ്രതീക്ഷിച്ച വില്‍പ്പന നടന്നേക്കില്ലെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. കൊറോണാവൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കേറ്റ ആഘാതമാണ് ഇതിനു കാരണം. അതേസമയം, പകുതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് മാറ്റാന്‍ ബുദ്ധി കാണിച്ച സാംസങ് ഈ അവസരം മുതലാക്കാമെന്ന കണക്കുകൂട്ടലിലുമാണ്. സാംസങ്ങിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ പ്രശ്‌നം നേരിട്ടിട്ടില്ല എന്നാണ് പറയുന്നത്. ചൈനയിലെ പ്രൊഡക്ഷന്‍ മാത്രമല്ല വില്‍പ്പന കുറയുന്നതും ആപ്പിള്‍, ഷഓമി തുടങ്ങിയ പല കമ്പനികളെയും ബാധിക്കുന്നു. 

 

എസ്ഇ2 (ഐഫോണ്‍ 9) ഇറങ്ങുന്നത് മാറ്റിവയ്‌ക്കേണ്ടിവരുമോ?

 

ആപ്പിളിന്റെ വില കുറഞ്ഞ ഐഫോണ്‍ മോഡലായ എസ്ഇ2, അഥവാ ഐഫോണ്‍ 9 അടുത്ത മാസം അവതരിപ്പിക്കുമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. മാര്‍ച്ച് 31ന് അല്ലെങ്കില്‍ ഏപ്രില്‍ 3ന് അവതരിപ്പിക്കുമെന്നാണ് ഇന്റര്‍നെറ്റില്‍ പരന്ന സംസാരത്തില്‍ നിന്ന് മനസ്സിലാക്കാനായത്. എന്നാല്‍, ഇതിന്റെ നിര്‍മ്മാണം മാര്‍ച്ചിലേ തുടങ്ങൂ എന്ന് നിക്കേയ് ഏഷ്യന്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത കാലത്ത് വന്ന ഒന്നിലേറെ റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് മാര്‍ച്ചില്‍ തന്നെ പുതിയ ഫോണ്‍ പുറത്തിറക്കുമെന്നാണ്. എന്നാല്‍, ആപ്പിള്‍ കമ്പനിയിലെ നിക്ഷേപകരോട് തങ്ങളുടെ വിറ്റുവരവ് നടപ്പു പാദത്തില്‍ പ്രതീക്ഷിച്ചിടത്തോളം നേടാനായേക്കില്ലെന്ന് അവര്‍ അറിയിച്ചു കഴിഞ്ഞു. ചൈനയിലെ ഫാക്ടറികള്‍ തുറന്നു തുടങ്ങിയെങ്കിലും ആപ്പിളിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലെത്താന്‍ കാലതാമസം നേരിട്ടേക്കുമെന്നും അവര്‍ പറയുന്നു. ലോകമെമ്പാടും കുറച്ചു കാലത്തേക്ക് ഐഫോണുകളുടെ ലഭ്യതയില്‍ കുറവ് അനുഭവപ്പെട്ടേക്കാം. ഇതു കൂടാതെ, ചൈനയില്‍ ഐഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും തങ്ങളുടെ ബിസിനസിനെ ബാധിച്ചേക്കാമെന്നും അവര്‍ പറയുന്നു.

 

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയില്‍ ആപ്പിളിന്റെ 42 സ്‌റ്റോറുകളും കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. ഏറെക്കാലമായി പറഞ്ഞു കേള്‍ക്കുന്ന എസ്ഇ2 മോഡലിന്റെ നിര്‍മ്മാണം മാറ്റിവയ്ക്കുമ്പോള്‍ അതിനി വേണോ എന്ന് ആപ്പിളിനെക്കൊണ്ടു ചിന്തിപ്പിക്കുമോ എന്നു ചോദിക്കുന്നവരും ഉണ്ട്. ഈ മോഡല്‍ ഇന്ത്യ തുടങ്ങിയ വിപണികളിലാണ് വന്‍ ചലനം സൃഷ്ടിക്കുക. എന്നാല്‍, ഐഫോണ്‍ XR, 11 എന്നീ മോഡലുകള്‍ അത്യുജ്വല പ്രകടനമാണ് ഇന്ത്യയില്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. പ്രീമിയം ഫോണുകള്‍ തന്നെ ഇത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ സാഹചര്യത്തില്‍ എസിഇ2 ഇത്ര പാടുപെട്ട് എന്തിനാണ് ഇറക്കുന്നതെന്ന് ചില അവലോകകര്‍ ചോദിക്കുന്നു. എന്നാല്‍, ഈ ഫോണിനായുള്ള തേഡ് പാര്‍ട്ടി കവറുകള്‍ പോലും ഒരുങ്ങിക്കഴഞ്ഞു. അതിനാല്‍, ആപ്പിള്‍ അതിന്റെ നിര്‍മ്മാണത്തില്‍ നിന്ന് പിന്നോട്ടുപോകാനുളള സാധ്യത കാണുന്നില്ല എന്നാണ് പൊതുവെയുള്ള അഭിപ്രായം.

 

നേട്ടം കൊയ്യാന്‍ സാംസങ്

 

സാംസങ്ങിന്റെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരാള്‍ പറഞ്ഞത് ആപ്പിള്‍, വാവെയ് തുടങ്ങിയ എതിരാളികളില്‍ നിന്ന് ബഹുദൂരം മുന്നേറാനുള്ള അവസരമായാണ് സാംസങ് ഇതിനെ കാണുന്നതെന്നാണ്. ചൈനാ പ്രശ്‌നത്തില്‍ നിന്ന് സാംസങ് രക്ഷപെട്ടത് ഭാഗ്യത്തിനാണ്. എന്നാല്‍, അവര്‍ തുറന്നു പറഞ്ഞില്ലെങ്കിലും വലിയ ആശ്വാസത്തിലാണ് കമ്പനി. വിയറ്റ്‌നാമിലേക്ക് തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വലിയൊരു പങ്ക് മാറ്റിയതാണ് സാംസങ്ങിന് തുണയായത്. തത്കാലം അവരുടെ പ്രവര്‍ത്തനം സുഗമാമായി നടക്കുന്നു. എന്നാല്‍, കൊറോണാവൈറസ് ബാധ ദീര്‍ഘകാലത്തേക്കു തുടര്‍ന്നാല്‍ ആവരും വെട്ടിലാകും. ഘടകഭാഗങ്ങളില്‍ പലതും കിട്ടാന്‍ ചൈനയെ തന്നെയാണ് സാംസങും ആശ്രിയിക്കുന്നത് എന്നതാണ് കാരണം.

 

2009ലാണ് സാംസങ് വിയറ്റ്‌നാമില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണം തുടങ്ങിയത്. അവര്‍ക്ക് സർക്കാർ ഇളവുകള്‍ നല്‍കിയത് പ്രോത്സാഹനവുമായി. ചൈനയിലും കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയായിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം ചൈനയില്‍ സാംസങ്ങിന്റെ ഫോണുകളുടെ വില്‍പ്പന പൂര്‍ണ്ണമായും ഇല്ലാതായതോടെ അവിടുന്നു കെട്ടുകെട്ടാന്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ കമ്പനിക്ക് ഗുണകരമായിരിക്കുന്നത്.

 

എല്ലാ കമ്പനികളും ഇനി മാറി ചിന്തിക്കും

 

ചൈനയിലെ പകര്‍ച്ചബാധ ലോകത്തെ എല്ലാ കമ്പനികള്‍ക്കും ഒരു പുതിയ അനുഭവമാണ്. അതില്‍ നിന്ന് പാഠമുള്‍ക്കൊളളാതെ ഒരു കമ്പനിക്കും മുന്നോട്ടുപോകാനാവില്ല. പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിവരും. ആപ്പിള്‍ അടക്കമുള്ള കമ്പനികള്‍ക്ക് ചൈനയ്ക്കു വെളിയില്‍ പുതിയ നിര്‍മ്മാണശാലകള്‍ തുറക്കുന്നതിനെക്കുറിച്ചായിരിക്കും ഇനി എല്ലാവരും ചിന്തിക്കുക. വിയറ്റ്‌നാം, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളായിരിക്കും പരിഗണിക്കപ്പെടുക.

 

ആപ്പിളിന്റെ പ്രൊഡക്ഷന്‍ 10 ശതമാനവും വാവെയുടേത് 15 ശതമാനവും കുറഞ്ഞേക്കാമെന്നാണ് ട്രെന്‍ഡ്‌ഫോഴ്‌സ് (TrendForce) പറയുന്നത്. എന്നാല്‍, സാംസങ്ങിന് പരമാവധി 3 ശതമാനം കുറവായിരിക്കും വരിക. സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണത്തിലെ റെക്കോഡ് ഇടിവായിരിക്കാം ഈ വര്‍ഷം കാണാന്‍പോകുന്നതെന്നു പറയുന്നവരും ഉണ്ട്. ആപ്പിളിനു വേണ്ടി ഐഫോണ്‍ നിര്‍മ്മിക്കുന്ന ഫോക്‌സകോണ്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ നിര്‍മ്മാണ ശാലകള്‍ ഇപ്പോള്‍ തുറന്നു തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com