ADVERTISEMENT

ഒപ്പോ റിനോ 3 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ചൈനയിൽ പുറത്തിറക്കിയ റെനോ 3 പ്രോയുടെ ട്വീക്ക്ഡ് പതിപ്പായ പുതിയ ഒപ്പോ ഫോൺ ഡ്യുവൽ ഹോൾ-പഞ്ച് സെൽഫി ക്യാമറയും ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും ഉൾക്കൊള്ളുന്നതാണ്. 64 മെഗാപിക്സൽ പ്രധാന ക്യാമറയും 44 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടെ നിരവധി സവിശേഷതകളുണ്ട്.

 

റെനോ 2 സീരീസിലെ സ്ലൈഡിംഗ് ക്യാമറകളിൽ നിന്ന് വ്യത്യസ്തമായി, മുൻ ക്യാമറകൾ സ്ഥാപിക്കാൻ ക്യാപ്സ്യൂൾ ആകൃതിയിലുള്ള കട്ടൗട്ടിനെയാണ് റെനോ 3 പ്രോ ആശ്രയിക്കുന്നത്. ഡിസൈൻ മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒപ്പോയുടെ പരമ്പരാഗത രീതിയിലാണുള്ളത്. 

oppo-reno-3-pro

 

ഒപ്പോ റിനോ 3 പ്രോയ്ക്ക് രണ്ട് വേരിയന്റുകളുണ്ട്. 8ജിബി / 128ജിബി മോഡലിന് 29,990 രൂപയും 8ജിബി / 256ജിബി മോഡലിന് 32,990 രൂപയുമാണ് വില. അറോറൽ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, സ്കൈ വൈറ്റ് എന്നീ നിറങ്ങളിലാണ് ഒപ്പോ റിനോ 3 പ്രോ വരുന്നത്. ഫ്ലിപ്പ്കാർട്ട്, ആമസോൺ, പേടിഎം മാൾ, സ്നാപ്ഡീൽ, ടാറ്റാക്ലിക്ക്, ഒപ്പോ ഓൺലൈൻ സ്റ്റോർ എന്നിവ വഴിയും റിലയൻസ് ഡിജിറ്റൽ, സംഗീത, പൂർവിക, ലോട്ട്, ക്രോമ എന്നിവയുൾപ്പെടെ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ലഭ്യമാണ്. അടിസ്ഥാന മോഡൽ മാർച്ച് 2 മുതൽ പ്രീ-ഓർഡറുകൾ സ്വീകരിക്കും. മാർച്ച് 6ന് വിൽപ്പന തുടങ്ങും. ടോപ്പ് എൻഡ് വേരിയന്റ് പിന്നീട് ലഭ്യമാക്കും.

oppo-reno-3-pro-s

 

oppo-enco

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആർ‌ബി‌എൽ ബാങ്ക്, യെസ് ബാങ്ക് കാർഡുകൾ വഴി വാങ്ങുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ബജാജ് ഫിൻ‌സെർവിൽ‌ ഇ‌എം‌ഐ പേയ്‌മെന്റ് ഓപ്ഷനും ലഭ്യമാണ്. ഒപ്പോ കെയർ പ്ലസും ലഭിക്കും. കൂടാതെ, ആദ്യത്തെ 1,000 വാങ്ങലുകൾക്ക് 2,000 രൂപ കിഴിവ് വിലയ്ക്ക് എൻ‌കോ ഫ്രീ വയർലെസ് ഇയർബഡുകളും വയർലെസ് സ്പീക്കറുകളും റെനോ 3 പ്രോയ്‌ക്കൊപ്പം ലഭിക്കും. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്കും ആനുകൂല്യങ്ങളുണ്ട്.

 

ഒപ്പോ ഫോണുകൾ എന്നും മികച്ച ക്യാമറകളുടെ പര്യായമാണ്. ഇത്തവണ ഒപ്പോ അതിന്റെ ക്യാമറകൾ അപ്‌ഗ്രേഡുചെയ്‌ത് റെനോ 3 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്മാർട് ഫോണിൽ 64 മെഗാപിക്സൽ മെയിൻ എഫ് / 1.8 സെൻസർ, 13 മെഗാപിക്സൽ എഫ് / 2.4 ടെലിഫോട്ടോ സെൻസർ, 20x ഡിജിറ്റൽ സൂം, 5 എക്സ് ഹൈബ്രിഡ് സൂം, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവയുണ്ട്. 119.9 ഡിഗ്രി, പോർട്രെയ്റ്റുകൾക്കായി 2 മെഗാപിക്സൽ മോണോക്രോമാറ്റിക് സെൻസർ എന്നീ ഫീച്ചറുകളുമുണ്ട്. മുൻവശത്ത് രണ്ട് ക്യാമറകളുണ്ട് - 44 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും. അൾട്രാ നൈറ്റ് സെൽഫി മോഡ്, എഐ നോയ്സ് റിഡക്ഷൻ, ഡ്യുവൽ ലെൻസ് ബൊക്കെ തുടങ്ങിയ സവിശേഷതകൾ ഒപ്പോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ചതിൽ നിന്ന് ഇന്ത്യയ്ക്ക് വേണ്ടിയുള്ള റെനോ 3 പ്രോ വളരെ വ്യത്യസ്തമാണ്. ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഫ്രണ്ട് ക്യാമറകൾ, പ്രോസസർ തുടങ്ങിയ കാര്യങ്ങൾ മാറ്റി. ഒപ്പോ റെനോ 3 പ്രോയിൽ 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഉണ്ട്. ഇരട്ട പഞ്ച്-ഹോൾ ഡിസൈനും കാണാം. ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 95 SoC ആണ് ഇത് പ്രവർത്തിക്കുന്നത്. ഇത് അടുത്തിടെ അവതരിപ്പിച്ച ഹീലിയോ പി 90 നേക്കാൾ മികച്ചതുമാണ്. പി 95 പ്രോസസർ ഉൾപ്പെടുത്തുന്ന ആദ്യത്തെ സ്മാർട് ഫോണാണ് ഒപ്പോ റെനോ 3 പ്രോ. 8 ജിബി റാമും 256 ജിബി യുഎഫ്എസ് 2.0 ഇന്റേണൽ സ്റ്റോറേജും സ്മാർട് ഫോൺ പായ്ക്ക് ചെയ്യുന്നു. ഒപ്പോ റെനോ 3 പ്രോ ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 7 ൽ പ്രവർത്തിക്കുന്നു. 30W സൂപ്പർ VOOC ഫ്ലാഷ് ചാർജ് 4.0 ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 4025 എംഎഎച്ച് ബാറ്ററിയാണ് സ്മാർട് ഫോണിന്റെ പിന്തുണ. കണക്റ്റിവിറ്റിക്കായി, റെനോ 3 പ്രോയിൽ വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4 ജി VoLTE എന്നിവയുണ്ട്. ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ എന്നിവയും സ്മാർട് ഫോണിലുണ്ട്

 

ഫോണിനൊപ്പം എൻ‌കോ ഫ്രീ, എൻ‌കോ ഡബ്ല്യു 31 എന്നീ വയർലെസ് ഇയർബഡുകളും ഒപ്പോ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ എയർപോഡിന്റെ ഡിസൈനുളള ഇയർബഡുകൾ സാംസങ്ങിന്റെ ഗാലക്‌സി ബഡ്ഡുകൾക്ക് വൻ വെല്ലുവിളിയായിരിക്കും. ഒപ്പോ വാച്ചും വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com