ADVERTISEMENT

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വിപണി പേടിച്ചിരുന്നതു പോലെ മൊബൈല്‍ ഫോണുകളുടെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അഥവാ ജിഎസ്ടി 12 ല്‍ നിന്ന് 18 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത് കേന്ദ്ര ധന വകുപ്പുമന്ത്രി നിര്‍മ്മലാ സീതാരാമനാണ്. ഈ ടാക്‌സ് വര്‍ധന ഉപയോക്താവിന്റെ തലയ്ക്കിരിക്കട്ടെ എന്ന് ഫോണ്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചാല്‍ സ്മാര്‍ട് ഫോണുകളുടെ വില ഏപ്രില്‍ 1 മുതല്‍ ഉയരും. ഇപ്പോള്‍ വരെ മൊബൈല്‍ ഫോണുകളുടെ ജിഎസ്ടി 12 ശതമാനവും ബാറ്ററിക്കും മറ്റു ഘടകഭാഗങ്ങള്‍ക്കുമുള്ള ടാക്‌സ് 18 ശതമാനവുമാണ്.

 

സ്മാര്‍ട് ഫോണുകള്‍ക്ക് നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് തിരിച്ചടിയായിരിക്കുമെന്നാണ് ഇന്ത്യാ സെല്ലുലാര്‍ അസോസിയേഷന്റെ ചെയര്‍മാന്‍ പങ്കജ് മൊഹിന്‍ഡ്രൂ (Pankaj Mohindroo) പറഞ്ഞത്. ജിഎസ്ടി വര്‍ധിപ്പിച്ച് വില കൂടുമ്പോള്‍ വില്‍പ്പന കുറയാമെന്നും ഇന്ത്യയില്‍ മാത്രം 2025ഓടെ 8000 കോടി ഡോളര്‍ (6 ലക്ഷം കോടി) വിറ്റുവരവു നേടണമെന്നുമുള്ള ലക്ഷ്യം നടക്കാതെ പോയേക്കാമെന്നാണ് അദ്ദേഹം ഭയക്കുന്നത്. രണ്ടു ലക്ഷം കോടിയുടെയെങ്കിലും കുറവു വരാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. രാജ്യതന്ത്രജ്ഞത (statesmanship) കാണിക്കേണ്ട സമയമായിരുന്നു ഇതെന്നും താന്‍ പുതിയ തീരുമാനത്തില്‍ നിരാശനാണെന്നും അദ്ദേഹം പറയുന്നു.

 

വ്യവസായം തകര്‍ന്നടിയാമെന്ന് ഷഓമി

 

പുതിയ നീക്കത്തിലൂടെ ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വ്യവസായം തകര്‍ന്നടിഞ്ഞേക്കാമെന്നാണ് രാജ്യത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണുകള്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയുടെ മാനേജിങ് ഡയറക്ടര്‍ മനു കുമാര്‍ അഭിപ്രായപ്പെട്ടത്. ഷഓമി തങ്ങളുടെ ഫോണുകള്‍ ഏതാണ്ടു പൂര്‍ണ്ണമായിതന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ചാണ് വില പിടിച്ചു നിർത്തിവന്നത്. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം തന്നെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനിയില്‍ നിന്ന് ശരിക്കു ലാഭമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയിരുന്ന കാര്യമണെന്ന് അദ്ദേഹം ട്വീറ്റു ചെയ്തു. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധ ക്ഷണിച്ച് അദ്ദേഹം നടത്തിയ മറ്റൊരു ട്വീറ്റില്‍ ജിഎസ്ടി വർധന പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ്.

 

രൂപയുടെ മൂല്യത്തകര്‍ച്ചയും കോവിഡ്-19ന്റെ ആഘാതത്തിലും തകർന്നിരിക്കുകയാണ് സ്മാര്‍ട് ഫോണ്‍ വ്യവസായം. ഏറ്റവും കുറഞ്ഞത് 200 ഡോളറിനു (15,000 രൂപ) താഴെയുള്ള ഫോണുകളെയെങ്കിലും ഇതില്‍നിന്ന് ഒഴിവാക്കിത്തരണമെന്നാണ് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുന്നത്. എല്ലാവരും വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. മൊബൈല്‍ ഫോണ്‍ വ്യവസായത്തെയും മെയ്ക്ഇന്‍ഇന്ത്യാ (#MakeInIndia) പ്രോഗ്രാമിനെയും ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കര്‍ക്കു പ്രിയപ്പെട്ട ഷഓമി ഫോണുകളിലധികവും 15,000 രൂപയ്ക്കു താഴെയുളളവയാണ്.

 

ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ നേരത്തെ കേന്ദ്ര ധനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ നികുതി നിരക്ക് 12 ശതമാനമാക്കി നിലനിര്‍ത്തണമെന്ന് അഭ്യര്‍തഥിച്ചിരുന്നു. കൊറോണാവൈറസ് ബാധ ഈ മേഖലയിലുള്ള കമ്പനികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചുവെന്നും തന്റെ കത്തിൽ മൊഹിന്‍ഡ്രൂ പറഞ്ഞു. ഇത്തരം ഒരു നീക്കം നടത്താനുള്ള ഏറ്റവും മോശം സമയമാണിത് എന്നാണ് അദ്ദേഹം പറഞ്ഞത്.

 

സ്മാര്‍ട് ഫോണുകള്‍ക്ക് ജിഎസ്ടി വര്‍ധിപ്പിച്ചുവെങ്കിലും വളത്തിനും ചെരുപ്പിനും തുണിക്കും വര്‍ധന വേണ്ടാ എന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത് എന്നത് ആശ്വാസകരമാണ്. എന്നാല്‍, സ്മാര്‍ട് ഫോണുകള്‍ക്ക് ജിഎസ്ടി വര്‍ധിപ്പിക്കാനുള്ള നീക്കം, ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാനിരുന്ന കമ്പനികളെയും വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചേക്കുമെന്നും വാര്‍ത്തകള്‍ പറയുന്നു. പ്രാദേശികമായി സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുക എന്നത് ഇന്ത്യന്‍ ടെക് വ്യവസായാത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളിലൊന്നാണ്. പുതിയ നീക്കത്തിന്റെ ആഘാതം സ്മാര്‍ട് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്ന 31-32 കോടി ഇന്ത്യക്കാരെ ബാധിച്ചേക്കുമെന്നും വലിയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com