ADVERTISEMENT

കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ചൈനാവിരുദ്ധ വികാരം സമൂഹ മാധ്യമങ്ങളില്‍ പടരുകയാണ്. എന്നാല്‍, ഇത് ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുളള സ്മാര്‍ട് ഫോണ്‍ കമ്പനിയായ ഷഓമിയെ ബാധിക്കില്ലെന്ന് കമ്പനിയുടെ ഇന്ത്യാ മേധാവി മനു ജെയിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ ചൈനാ വിരുദ്ധതയ്ക്ക് വന്‍ പ്രചാരം സിദ്ധിക്കുന്നുണ്ടെന്നു സമ്മതിച്ച ജെയിന്‍ പറഞ്ഞത് അത് തങ്ങളുടെ ബിസിനസിനെ 'അര്‍ഥവത്തായ' രീതിയില്‍ ബാധിച്ചേക്കില്ലെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞു.‌

 

ചൈനയോട് നിഷേധാത്മകമായ നിലപാടാണ് ഇന്ത്യയിലെ ചില സമൂഹ മാധ്യമ ഉപയോക്താക്കള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, അത് മികച്ച ഫോണുകള്‍ നിർമ്മിച്ച് വിതരണം ചെയ്തു വന്നിരുന്ന ഷഓമിയുടെ ഇന്ത്യയിലെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കില്ലെന്നാണ് മനു പറയുന്നത്. ആളുകള്‍ തങ്ങളുടെ ദേഷ്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. എന്നാല്‍, കുറച്ചു സമയം കഴിയുമ്പോള്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മഹാവ്യാധി ലോകത്ത് എവിടെ വേണമെങ്കിലും തുടങ്ങാം. ഈ യാഥാര്‍ഥ്യം ആളുകള്‍ കുറച്ചു കഴിയുമ്പോള്‍ മനസ്സിലാക്കുമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

 

തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ഷഓമി. രാജ്യത്തു വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളില്‍ ഏകദേശം 30 ശതമാനവും അവരുടേതാണ്. കൊറോണ വൈറസ് ബാധ സ്മാര്‍ട് ഫോണ്‍ വിപണിയെ ശക്തമായി ബാധിച്ചു കഴിഞ്ഞു. കുറച്ചു നാളുകള്‍ കഴിഞ്ഞു മാത്രമായിരിക്കും പൂര്‍വ്വസ്ഥിതി പ്രാപിക്കുക എന്നു സമ്മതിച്ച ജെയിന്‍ തന്റെ കമ്പനിക്ക് ഒന്നാം സ്ഥാനത്ത് തുടരാനായേക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

 

ഷഓമി ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയാണ്. അതില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളല്‍ നിന്നുള്ള ആളുകള്‍ ഉണ്ട്. ഇവരെല്ലാം ഷഓമിക്കായി പ്രവര്‍ത്തിക്കുന്നു. ഷഓമി ഇന്ത്യയുടെ കാര്യമെടുത്താല്‍, അവിടെ ഇന്ത്യക്കാര്‍ മാത്രമെയുള്ളു. അവരെല്ലാവരും ഇന്ത്യ കേന്ദ്രമാക്കി മാത്രം പ്രവര്‍ത്തിക്കുന്നവരുമാണ്. മറ്റേതു ഇന്ത്യന്‍ കമ്പനിയേയും പോലെയാണ്. ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. സർക്കാർ പറഞ്ഞതനുസിച്ച് ഡേറ്റ സ്റ്റോർ ചെയ്യാനായി പ്രാദേശിക സെര്‍വറുകളും സ്ഥാപിച്ചു. തങ്ങള്‍ കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളും പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്നു. തങ്ങള്‍ ഏകദേശം 50,000  പേര്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്നും ഇവരില്‍ ഒരോരുത്തരും ഇന്ത്യക്കാരാണെന്നും ജെയിന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com