ADVERTISEMENT

ചൈനീസ് ഉല്‍പ്പനങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇത് ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് തിരിച്ചടിയാകുമോ എന്നാണിപ്പോള്‍ ഉയരുന്ന ചോദ്യം. രണ്ടു കൊല്ലം മുൻപ് കേവലം രണ്ടു സ്മാര്‍ട് ഫോണ്‍ നിര്‍മാണ ഫാക്ടറികള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യയിലിപ്പോള്‍ 258 ഫാക്ടറകള്‍ ഉണ്ട്. ഇവയിലെല്ലാമായി നൂറുകണക്കിനു ഡോളര്‍ നിക്ഷേപവും വന്നിട്ടുണ്ട്. നേരിട്ടോ, അല്ലാതെയോ ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങളും ഇതിലൂടെ നേടാനായി. ഇതെല്ലാം വന്‍ നേട്ടങ്ങളായാണ് കൊണ്ടുവന്നിരിക്കുന്നത്. പല കമ്പനികളും ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ തയാറായി നില്‍ക്കുകയുമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ പോക്കു പോയാല്‍ ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം പൊലിഞ്ഞേക്കുമോ എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. രാജ്യത്തെ ചൈനീസ് പ്രതിഷേധത്തിൽ ചൈനീസ് കമ്പനികളെല്ലാം ഭീതിയിലാണ്. കൊറോണവൈറസ് തകർത്ത വിപണി തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു പ്രതിസന്ധി കൂടി ഉയർന്നുവന്നിരിക്കുന്നത്.

 

സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തെക്കുറിച്ചുള്ള നഗ്ന സത്യമിതാണ്. ഇന്ത്യയിൽ നിക്ഷേപമിറക്കിയ കമ്പനികള്‍ക്കെല്ലാം ചൈനയില്‍ ആഴത്തില്‍ വേരോട്ടമുള്ളവയാണ്. (അല്ലാത്ത കമ്പനികളും പല ഘടകഭാഗങ്ങളും ചൈനയില്‍ നിന്നു വരുത്തുന്നവയാണ്.) ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്, ഇന്റെക്‌സ്, ലാവാ, കാര്‍ബണ്‍ എന്നിവ നാലും കൂടെ അറിയപ്പെടുന്നത് മില്‍ക്ക് (MILK) എന്ന പേരിലാണ്. മില്‍ക്കിനെ ചൈനീസ് കമ്പനികള്‍ അടിച്ചു നിലംപരിശാക്കിക്കഴിഞ്ഞു. (മില്‍ക്കും ഘടകഭാഗങ്ങള്‍ക്കായി ചൈനയെ ആശ്രിയിക്കുന്നുമുണ്ട്.) അവസാനം ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനിയിലെ മില്‍ക്കിന്റെ ഓഹരിവിഹിതം, മാര്‍ക്കറ്റ് ഗവേഷണ കമ്പനിയായ കൗണ്ടര്‍പോയിന്റ് പുറത്തുവിട്ടത് ഇങ്ങനെയാണ്: മൈക്രോമാക്‌സ്- 1.1 ശതമാനം, ഇന്റെക്‌സ്- 0.1 ശതമാനം, ലാവാ- 1.2 ശതമാനം, കാര്‍ബണ്‍- 0.2 ശതമാനം. അതേസമയം, ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ 72 ശതമാനവും 2019ല്‍ ചൈനീസ് ബ്രാന്‍ഡുകളുടെ കൈയ്യിലാണ്. ഒരു വര്‍ഷം മുമ്പ് 60 ശതമാനമായിരുന്നു അവരുടെ വിഹിതം.

 

ചൈനീസ് ബിസിനസ് ഭീമന്മാരായ ബിബികെ ഗ്രൂപ്പിന് (ഒപ്പോ, റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുടെ ഉടമ) മൊത്തം 37 ശതമാനം ഓഹരിയുണ്ട്. ഷഓമിക്ക് 28 ശതമാനവും. ഈ രണ്ടു ഗ്രൂപ്പുകളും ഇന്ത്യയില്‍ ഫാക്ടറികള്‍ തുടങ്ങാനായി വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുമുണ്ട്. ഫോണുകളും അക്‌സസറികളും അവര്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മിച്ചെടുക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 7 സ്മാര്‍ട് ഫോണ്‍ നിര്‍മാണ ഫാക്ടറികളാണ് ഷഓമിക്ക് ഉള്ളത്. ആപ്പിള്‍ കമ്പനിക്ക് ഐഫോണ്‍ അടക്കം നിര്‍മിച്ചു നല്‍കുന്ന, തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിക്കൊപ്പമാണ് ഷഓമി ചില പ്ലാന്റുകള്‍ നടത്തുന്നത്. ചിലതാകട്ടെ സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളെക്‌സ് കമ്പനിയോട് സഹകരിച്ചും.

 

ഷഓമി ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളില്‍ 99 ശതമാനവും ഇവിടെ തന്നെ നിര്‍മിച്ചെടുക്കുന്നവയാണ്. ഏഴു ഫാക്ടറികളിലായി അവര്‍ 25,000 ലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇവരില്‍ 95 ശതമാവും സ്ത്രീകളാണ്. തങ്ങളുടെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി നിര്‍മിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം പ്രാദേശികമായി സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൂടാതെ ഒരു സമാര്‍ട് ടിവി നിര്‍മാണ ഫാക്ടറിയും ഷഓമി ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം ഇതിനായി 3,500 കോടി രൂപയാണ് കമ്പനി ഇറക്കിയത്.

 

റിയല്‍മിയുടെ വൈസ് പ്രസിഡന്റും, റിയല്‍മി ഇന്ത്യയുടെ തലവനുമായ മാധവ് സേത് പറയുന്നത് തങ്ങള്‍ വിവിധ ഫാക്ടറികളിലായി 7,500 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട് എന്നാണ്. ഈ വര്‍ഷം അത് 10,000 പേരായി ഉയരാന്‍ ഇരിക്കുകയായിരുന്നു. ഇന്ത്യയിലെ വികസന പദ്ധതികളുടെ ഭാഗമായി വിവോ 7,500 കോടി രൂപ വിവിധ ഘട്ടങ്ങളിലായി മുടക്കിക്കഴിഞ്ഞു. ടിസിഎല്‍ ആകട്ടെ തങ്ങളുടെ തിരുപ്പതിയിലെ പ്ലാന്റിലേക്ക് 2,200 കോടി രൂപ ഇറക്കുകയാണ്. ഇവിടെ സ്മാര്‍ട് ഫോണുകളും ടിവി സ്‌ക്രീനുകളും നിര്‍മിക്കും. തങ്ങളുടെ നോയിഡയിലെ പ്ലാന്റിന് ഒരു വര്‍ഷം പരമാവധി 33.5 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിവോ പറയുന്നത്. ഒരുവര്‍ഷം 10,000 ലേറെ പേര്‍ക്ക് തൊഴിലവസരങ്ങളും നല്‍കുന്നു.

 

ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന സവിശേഷ സ്ഥതിഗതികള്‍ക്ക് പല മാനങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൊറോണാവൈറസിന്റെ ആഘാതത്തിനു ശേഷം വിപണി ഉണര്‍ന്നു വരുന്ന സമയവും കൂടെയാണിത്. ആദ്യമായുള്ളത് വൈകാരിക പ്രശ്‌നമാണ്. ചില പൗരന്മാര്‍ ചൈനയുമായുണ്ടായിട്ടുള്ള പ്രശ്‌നങ്ങളില്‍ വൈകാരികമായ പ്രതികരണവുമായി എത്തുന്നതോടെ തത്കാലം വില്‍പ്പന താഴ്‌ന്നേക്കുമെന്നും എന്നാല്‍ അത് പിന്നീട് പൂര്‍വ്വസ്ഥിതി പ്രാപിച്ചേക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ഒരു വാദം. രണ്ടാമത്തേതായി, കുറച്ചുകൂടെ സന്തുലിതമായ പ്രതികരണമാണ് ഇന്ത്യയ്ക്ക് നല്ലതെന്ന അഭിപ്രായമാണ് ഉയരുന്നത്. ചൈനീസ് കമ്പനികള്‍ ഇവിടെ നടത്തിയിരിക്കുന്ന മുതല്‍മുടക്കും അധ്വാനവും നമ്മള്‍ പരിഗണിക്കണം എന്നാണ് അവര്‍ വാദിക്കുന്നത്. ഈ ചൈനീസ് കമ്പനികളായിരിക്കും മെയ്ക് ഇന്‍ ഇന്ത്യയുടെ ആദ്യ ഗുണഭോക്താക്കള്‍. അവര്‍ ഇന്ത്യയെ ഒരു കയറ്റുമതി രാജ്യമായി പരിണമിപ്പിക്കും. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം ഒക്കെ പ്രയോജനപ്പെടുത്തി ലോകത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉപകരണ നിര്‍മാണ രാജ്യങ്ങളിലൊന്നായി ഇന്ത്യയെ വളര്‍ത്തും. മൂന്നാമതായി ഓര്‍ക്കേണ്ടത് മാര്‍ക്കറ്റ് യാഥാര്‍ഥ്യങ്ങളാണ്- ഇന്ത്യയിലെത്തിയ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് മൂന്നു വര്‍ഷമെടുത്തു ഇപ്പോഴത്തെ വളര്‍ച്ച നേടാന്‍. പെട്ടെന്ന് അവരെ എടുത്തുമാറ്റിയാല്‍ അതു സൃഷ്ടിക്കുന്ന ശൂന്യത ആരു നികത്തും?

 

തീര്‍ച്ചയായും ഇന്ത്യന്‍ കമ്പനികള്‍ സ്മാര്‍ട് ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ രംഗത്ത് വളരുന്നതാണ് എല്ലാവര്‍ക്കും കാണാന്‍ ആഗ്രഹം. എന്നാല്‍ അത് ഒരു രാത്രി ഉറങ്ങി വെളുക്കുമ്പോള്‍ സംഭവിച്ചോളണമെന്നു പറയുന്നതെങ്ങനെയാണ്? നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നത് 2025നുള്ളില്‍ ഏകദേശം 100 ബില്ല്യന്‍ ഡോളറിന്റെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയാണ്. ഇതു കൂടാതെ 40 ബില്ല്യന്‍ ഡോളറിന്റെ ഘടകഭാഗ കയറ്റുമതിയും. ലോകത്തെ 198 രാജ്യങ്ങളും ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍, ഇപ്പോള്‍ കയറ്റുമതി കാര്യമായി നടക്കുന്നത് രണ്ടു രാജ്യങ്ങളില്‍ നിന്നു മാത്രമാണ്- ചൈനയും വിയറ്റ്‌നാമും. ഇന്ത്യയാകട്ടെ പരിമിതമായ നേട്ടം മാത്രമാണ് ഇതുവരെ ഉണ്ടാകികയിരിക്കുന്നത്. ഏകദേശം 3 ബില്ല്യന്‍ ഡോളറിന്റെ കയറ്റുമതിയാണ്  ഇന്ത്യ നടത്തിയത്. പ്രൊഡക്ഷന്‍ ലിങ്ക്ട് ഇന്‍സെന്റീവ് സ്‌കീം എത്തുന്നതോടെ കയറ്റുമതിയിൽ വന്‍കുതിപ്പാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇതിനു ഒരു നിമിഷം പോലും കളയാനില്ലെന്നാണ് ഐസിഇഎയുടെ ചെയര്‍മാനായ പങ്കജ് മൊഹീന്ദ്രോ പറയുന്നത്.

 

ഇന്ത്യയിലേക്ക് ഘടകഭാഗങ്ങള്‍ എത്തുന്നത് ചൈനയില്‍ നിന്നാണെന്ന കാര്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല. ഈ വേരുകള്‍ ആഴത്തിലോടുന്നവയാണ്. ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമം തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ, അതിനു സമയമെടുക്കും. അതേസമയം, ഇന്ത്യയുടെയും ചൈനയുടെയും രാഷ്ട്രീയ നേതൃത്വം അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണുമെന്നു പ്രതീക്ഷയുണ്ടെന്നും മൊഹീന്ദ്രോ പറഞ്ഞു. കേവലം രണ്ടു ഫാക്ടറിയില്‍ നിന്ന് ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവായിതീര്‍ന്ന (ഐടി മന്ത്രാലയത്തിന്റെ കണക്കുപ്രകാരം) ഇന്ത്യയ്ക്ക് സമയം കളയാനില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുന്ന പ്രാദേശികമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാകുകയും ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ തിരിച്ചുവരവു നടത്തുന്നതു കാണുകയും വേണമെന്നാണ് വിപണിയെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുടെ അഭിപ്രായം.

English Summary: ''Digital India'' to take a hit as chorus grows against Chinese mobile brands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com