ADVERTISEMENT

ഐഒഎസ് 14ന് ഒപ്പം അതു ലഭ്യമായ ഐഫോണ്‍ 6എസ് മുതലുള്ള 'പഴയ' ഫോണുകളുടെയും ക്യാമറകള്‍ക്ക് പുതിയ ഫീച്ചറുകള്‍ നല്‍കാനൊരുങ്ങുകയാണ് ആപ്പിളെന്ന് അഭ്യൂഹം. ഇക്കാര്യത്തെക്കുറിച്ച് അടുത്തിടെ സമാപിച്ച വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലും ആപ്പിള്‍ പരാമര്‍ശിക്കുകയുണ്ടായില്ലെന്നും പറയുന്നു. പുതിയ ഫീച്ചറുകള്‍ ഐഫോണ്‍ 6 എസ്, 7 മുതലായവ അടക്കമുള്ള ഹാന്‍ഡ്‌സെറ്റുകള്‍ക്കും ലഭ്യാക്കുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹം. ഈ വര്‍ത്ത ശരിയാണെങ്കില്‍, മുൻപ് നടത്താത്ത തരത്തിലുളള ഒരു നീക്കമായിരിക്കും ഇത്. ഹോം സ്‌ക്രീനിനു കണ്ടുവന്ന രീതി മാറ്റം വരുത്തും, സിരിക്ക് പുതിയ ലുക്ക് നല്‍കും, പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് കൊണ്ടുവരും തുടങ്ങിയ ഫീച്ചറുകളൊക്കെ കൊണ്ടുവരുന്ന കാര്യം ആപ്പിൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെയാണ് പുതിയ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത പുതിയ ഫീച്ചറുകളത്രെ.

 

സാധാരണ ഗതിയില്‍ ക്യാമറാ ഫീച്ചറുകളില്‍ പലതും അതതു വര്‍ഷം ഇറക്കുന്ന മോഡലുകള്‍ക്കാണ് നല്‍കാറെന്ന പതിവാണ് ഇപ്പോള്‍ ആപ്പിള്‍ തെറ്റിക്കാനൊരുങ്ങുന്നത്. തീര്‍ച്ചയായും ഐഫോണ്‍ 12 മോഡലുകള്‍ക്ക് ഇവയേക്കാള്‍ നൂതന ഫീച്ചറുകള്‍ ഉണ്ടാകും. എന്നാലും, എന്തെല്ലാമാണ് ഐഒഎസ് 14 ലൂടെ പഴയ ഫോണുകളുടെ ക്യാമറയ്ക്കു ലഭിക്കുമെന്നു പറഞ്ഞുകേള്‍ക്കുന്ന ഫീച്ചറുകളെന്നു പരിശോധിക്കാം. എല്ലാ ഫീച്ചറുകളും എല്ലാ മോഡലുകള്‍ക്കും ലഭിക്കില്ലെന്നും മനസില്‍വയ്ക്കാം.

 

ക്യാമറകളുടെ സ്പീഡ് വര്‍ധിക്കും. ആപ് അതിവേഗം തുറക്കാനാകും. ഫോട്ടോകള്‍ അതിവേഗം പ്രോസസു ചെയ്യപ്പെടും. പോര്‍ട്രെയ്റ്റ് മോഡ് ലഭ്യമായ മോഡലുകളില്‍ അതു പോലും കൂടുതല്‍ സ്പീഡില്‍ പ്രവര്‍ത്തിക്കും. ക്യാമറയുടെ വേഗം കൂടുന്നതോടെ ഫോണിനു മൊത്തത്തില്‍ സ്പീഡു കൂടിയതായി ഉപയോക്താവിനു തോന്നിയേക്കുമെന്നു പറയുന്നു. സെറ്റിങ്‌സില്‍ 'പ്രയോരിട്ടൈസ് ഫാസ്റ്റ് ഷൂട്ടിങ്' എന്നൊരു ഫീച്ചര്‍ കണ്ടേക്കും. വേഗം ഫോട്ടോ എടുക്കുമ്പോഴും മികച്ച റിസള്‍ട്ടുകള്‍ നല്‍കുന്നതായിരിക്കും ഇതെന്നു പറയുന്നു.

 

ഐഒഎസ് 14ല്‍ ക്യാമറാ ആപ് തുറന്ന് വോളിയം അപ് ബട്ടണ്‍ പ്രസു ചെയ്താല്‍ ബേസ്റ്റ് മോഡ് എനേബിൾ ആകും. ഇപ്പോള്‍ത്തന്നെ ബേസ്റ്റ് മോഡ് ലഭ്യമായ മോഡലുകളില്‍, വോളിയം ഡൗണ്‍ ബട്ടണ്‍ ഉപയോഗിച്ച് ക്വിക് ടെയ്ക് റെക്കോഡിങ് മോഡ് എനേബിൾ ചെയ്യാം.

 

ഐഒഎസ് 14ല്‍, ഐഫോണ്‍ XR, XS തുടങ്ങിയ ഫോണുകളില്‍ ക്വിക് ടെയ്ക് മോഡ് ഉപയോഗിച്ച് അതിവേഗം വിഡിയോ ക്ലിപ്പുകള്‍ പകര്‍ത്താം. ഇതിനു ഷട്ടര്‍ ബട്ടണില്‍ ദീര്‍ഘനേരം സ്പര്‍ശിച്ചാല്‍ മതിയാകും. വിഡിയോ ഫോര്‍മാറ്റ് കണ്ട്രോള്‍ ആണ് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. വളരെ നേരത്തെ വരേണ്ടതായിരുന്നു ഈ ഫീച്ചര്‍ എന്നു പറയുന്നവരുണ്ട്. വിഡിയോ റെക്കോഡിങ് റെസലൂഷന്‍ ആപ്പിനുള്ളില്‍ തന്നെ മാറ്റാമെന്നതാണ് ഈ ഫീച്ചറിലൂടെ സാധ്യമാകുന്നത്. ഇപ്പോള്‍ വിഡിയോ റെസലൂഷന്‍ മാറ്റാന്‍ ഓരോ തവണയും സെറ്റിങ്‌സില്‍ പോകണം. പുതിയ മാറ്റത്തിലൂടെ ഒരുപാടു സമയം ലാഭിക്കാനായേക്കും.

 

മുന്‍ ക്യാമറ മിറര്‍ ഫീച്ചറാണ് പ്രതീക്ഷിക്കുന്ന മറ്റൊരു മാറ്റം. ക്ലിക്കു ചെയ്യുന്ന സമയത്ത് എങ്ങനെ കാണുന്നോ അതുപടി ഫോട്ടോ സേവു ചെയ്യാനാകുമെന്നാണ് ഇതിന്റെ മെച്ചം. സാധാരണഗതിയില്‍ ടെക്‌സ്റ്റ് കാണാന്‍ പാകത്തിനാണ് ആപ്പിള്‍ ഫോട്ടോ സേവു ചെയ്യുന്നത്. ഈ ഫീച്ചര്‍ ഉപയോഗിക്കുകയോ വേണ്ടന്നു വയ്ക്കുകയോ ചെയ്യാം.

 

നൈറ്റ് മോഡ് ലഭ്യമായ മോഡലുകളില്‍ അതും അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. ജൈറോസ്‌കോപ് ഉപയോഗിച്ചായിരിക്കും ഫോണ്‍ പിടിച്ചിരിക്കുന്ന കൈയ്യുടെ ചലനം ഇനി അറിയുക.

 

എക്‌സ്‌പോഷര്‍ ലോക്- ഐഒഎസ് 14ല്‍ എക്‌സ്‌പോഷര്‍ ലോക്കു ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും. ഫോട്ടോയ്ക്കും വിഡിയോയ്ക്കും ഇതു സെറ്റു ചെയ്യാം. തുടര്‍ച്ചയായി ഫോട്ടോ എടുക്കുമ്പോള്‍, അല്ലെങ്കില്‍ വിഡിയോ ഷൂട്ടു ചെയ്യുമ്പോള്‍ വീണ്ടും എക്സ്‌പോഷര്‍ സെറ്റു ചെയ്യേണ്ടതായി വരില്ലെന്നതും ഷൂട്ടിങ് സ്പീഡ് വര്‍ധിപ്പിച്ചേക്കും.

 

English Summary: 'Old' iPhone cameras to get new features!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com