ADVERTISEMENT

സാംസങ്ങിന്റെ ഏറ്റവും മുന്തിയ ഫോണുകളില്‍ എന്തെല്ലാമാണ് അടക്കം ചെയ്തിട്ടുണ്ടാകുക എന്ന കാര്യത്തില്‍ ടെക്‌നോളജി പ്രേമികള്‍ എക്കാലത്തും ജിജ്ഞാസുക്കളായിരുന്നു. ആപ്പിള്‍ പോലും തങ്ങളുടെ ഹാര്‍ഡ്‌വെയര്‍ നിര്‍മാണത്തിന് വിശ്വസിച്ച് ആശ്രയിക്കുന്നത് ഈ കൊറിയന്‍ ഭീമനെയാണ് എന്നോര്‍ക്കാം. ഇതിനാല്‍ തന്നെ ഈ വര്‍ഷത്തെ ഗ്യാലക്‌സിന നോട്ട് 20 സീരിസ് അനാവരണം ചെയ്യുന്നത് സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ ഉറ്റു നോക്കുകയായിരുന്നു. രണ്ടു നോട്ട് മോഡലുകളാണ് ഈ വര്‍ഷം കമ്പനി വിപണിയിലെത്തിക്കുക - നോട്ട് 20, നോട്ട് 20 അള്‍ട്രാ. നോട്ട് സീരിസിലെ ഫോണുകള്‍ മുന്‍വര്‍ഷങ്ങളിലും അവയുടെ സ്‌ക്രീനുകളുടെ മികവിലും, പ്രോസസിങ് കരുത്തിലും, എസ്-പെന്‍ എന്നറിയപ്പെടുന്ന സ്റ്റൈലസിന്റെ സാന്നിധ്യത്താലും വ്യസ്ത്യസ്തമായ ഒരു പാക്കേജ് ആയിരുന്നു. ഇതടക്കം ഇപ്പോള്‍ ലഭ്യമായ മികച്ച ടെക്‌നോളജിയെല്ലാം ഈ വര്‍ഷത്തെ മോഡലുകളില്‍ നിറച്ചിട്ടുണ്ടെങ്കിലും അല്‍പ്പം അധികം നല്‍കിയരിക്കുന്നത് അള്‍ട്രാ മോഡലിനാണ്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് ആണ് പ്രോസസിങ് കരുത്തു പകരുന്നത്. 12 ജിബി റാമും അള്‍ട്രാ മോഡലിന് ഉണ്ട്. 4,500 എംഎഎച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

6.9-ഇഞ്ച് വലുപ്പമുള്ള ഡൈനമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയാണ് അള്‍ട്രാ മോഡലിന്. ഇതിന് 120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുമുണ്ട്. അത്യാകര്‍ഷകമായ സ്‌ക്രീനിനു മുകളിലുള്ള ചെറിയ ദ്വാരത്തില്‍ 10എംപി സെല്‍ഫി ക്യാമറ പിടിപ്പിച്ചിരിക്കുന്നു. ബെസലിന്റെ അസാന്നിധ്യം സ്‌ക്രീനിന്റെ മുഴുവന്‍ പ്രതലവും ഉപയോഗത്തിനു നല്‍കുന്നു. മീറ്റിങ്ങിനിടയ്ക്കു പെട്ടെന്നു നോട്ടു കുറിക്കാന്‍ മുതല്‍ ഫോട്ടോ എഡിറ്റിങ്ങിനു വരെ ഇത് വളരെ ഉപയോഗപ്രദമാണ്. ഫോണിനു നീളമാണ് കൂടുതല്‍ എന്നതിനാല്‍ അതു കൈകാര്യം ചെയ്യാന്‍ താരതമ്യേന എളുപ്പമാണ്. ആന്‍ഡ്രോയിഡ് 10 കേന്ദ്രീകരിച്ചാണ് സോഫ്റ്റ്‌വെയര്‍.

നോട്ട് 20 അള്‍ട്രായുടെ പിന്നിലുള്ള ക്യാമറാ സിസ്റ്റത്തിന്റെ വലുപ്പവും ശ്രദ്ധയാകര്‍ഷക്കും. 108എംപി വൈഡ് ആങ്ഗിള്‍ പ്രധാന ക്യാമറയും, 12എംപി ടെലി ലെന്‍സും, 12എംപി അള്‍ട്രാവൈഡ് ലെന്‍സുമാണ് നല്‍കിയിരിക്കുന്നത്. 50എക്‌സ് സൂമും ഉണ്ട്. 8കെ വിഡിയോ അടക്കം റെക്കോഡു ചെയ്യാമെന്നത് ഫോണിന്റെ ഷൂട്ടിങ് ആകര്‍ഷകമാക്കുന്നു. സെക്കന്‍ഡില്‍ 960 ഫ്രെയിം 720പി വിഡിയോയും റെക്കോഡു ചെയ്യാം!

galaxy-note20-group

ഇത്തവണ നോട്ട് പ്രേമികള്‍ക്ക് വണ്‍നോട്ട് ആപ്പിന്റെ സേവനം കൂടെ നല്‍കിയിരിക്കുന്നു. അത് സാംസങ് നോട്ടുമായി സിങ്ക് ചെയ്തിരിക്കുന്നതിനാല്‍ നിങ്ങള്‍ ഫോണിലെ സാംസങ് നോട്ട്‌സില്‍ തയാറാക്കുന്ന കുറിപ്പുകള്‍ പിസിയിലെത്തുന്നത് എളുപ്പമാക്കും. ഇത് പ്രൊഡക്ടിവിറ്റിക്കായി ഫോണ്‍ ഉപയോഗിക്കുന്നവരുടെ പ്രവൃത്തികള്‍ എളുപ്പമാക്കും. അനുമതിയുള്ള പിഡിഎഫ് ഫയലുകളില്‍ വരയ്ക്കാനും കുറിക്കാനും സാധിക്കും. ആപ്പിളിന്റെ എയര്‍ഡ്രോപ് ഫീച്ചറിനു സമാനമായ ഒന്നു നല്‍കാനായി അള്‍ട്രാ വൈഡ്ബാന്‍ഡ് റേഡിയോ നല്‍കിയരിക്കുന്നു. ഇതിലൂടെ അടുത്തുള്ള രണ്ടു ഫോണുകള്‍ തമ്മില്‍ ഫയല്‍ കൈമാറ്റം എളുപ്പമാകും. താമസിയാതെ ഓഗ്‌മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ, വച്ചു മറന്ന മറ്റ് സാംസങ് ഉപകരണങ്ങള്‍ കണ്ടുപിടിക്കാനും വാതില്‍ തുറക്കാനുമൊക്കെയുള്ള ശേഷിയും ഈ ഫോണുകള്‍ക്കു നല്‍കുമെന്ന് സാംസങ് പറയുന്നു. നോട്ട് സീരിസ് അതുപയോഗിച്ച് എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നവരെ ലക്ഷ്യമാക്കി ഇറക്കുന്നവയാണ്. പുതിയ സീരിസില്‍ വിന്‍ഡോസ് കംപ്യൂട്ടറുകളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 15 മുതല്‍ നോട്ട് 20 ഉടമകള്‍ക്ക് എക്‌സ്‌ബോക്‌സ് ഗെയിം പാസ് അള്‍ട്ടിമേറ്റിലൂടെ ഗെയിമുകള്‍ സ്ട്രീം ചെയ്യാം. 5ജി വേരിയന്റും ഉണ്ട്. തുടക്ക വേരിയന്റിന് വില 1,300 ഡോളറാണ്.

അള്‍ട്രാ മോഡലിനോടുള്ള സ്‌നേഹം സാംസങ് തങ്ങളുടെ നോട്ട് 20യോടു കാണിച്ചിട്ടില്ല. 5ജി അടക്കമുണ്ടെങ്കിലും ധാരാളം കുറവുകളും ഉണ്ട്. നോട്ട് 20 മോഡലിന് 6.7-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. ഇതിന് 60 ഹെട്‌സ് റിഫ്രഷ് റെയ്‌റ്റേയുളളു. പ്രോസസര്‍ സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് ആണെങ്കിലും 8ജിബി റാമാണ് നല്‍കിയിരിക്കുന്നത്. 4300 എംഎഎച് ബാറ്ററിയുമുണ്ട്. 12 എംപി പ്രധാന ക്യാമറ, 64 എംപി ടെലി, 12 എംപി അള്‍ട്രാവൈഡ് എന്നിങ്ങനെയാണ് പിന്‍ ക്യാമറാ സിസ്റ്റം. 3എക്‌സ് സൂമും ഉണ്ട്. എന്നാല്‍, 8കെ വിഡിയോ റെക്കോഡിങ് മുതല്‍ പല ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 1,000 ഡോളറാണ് വില.

galaxy-note20-group-1

∙ ഗ്യാലക്‌സി ബഡ്‌സ് ലൈവ്

ആപ്പിള്‍ എയര്‍പോഡ്‌സിനു എതിരാളിയായ സാംസങ് ഗ്യാലക്‌സി ബഡ്‌സ് ലൈവ് അവതരിപ്പിച്ചു. ഗ്യാലക്‌സി നോട്ട് 20 ഫോണുകളില്‍ ഷൂട്ടു ചെയ്യുന്ന ലൈവ് വിഡിയോയ്ക്ക് ഈ വയര്‍ലെസ് ഇയര്‍ ഫോണുകളിലൂടെ വോയിസ് റെക്കോഡു ചെയ്യാം.

∙ ഗ്യാലക്‌സി വാച് 3

സാംസങ് ഗ്യാലക്‌സി വാച്ച് 3 അവതരിപ്പിച്ചു. ആരോഗ്യ പരിപാലനത്തന് ഊന്നല്‍ നല്‍കുന്ന ഈ ഉപകരണത്തിന് ബ്ലഡ് പ്രഷര്‍ നോക്കാനും, ഇസിജി നോക്കാനു സാധിക്കും.

∙ ഗ്യാലക്‌സി ടാബ് എസ്7, എസ്7പ്ലസ്

പിസിയുടെ നിലവാരമുള്ള കംപ്യൂട്ടിങ് സാധ്യമാക്കുമെന്ന അവകാശവാദത്തോടെയാണ് സാംസങ് തങ്ങളുടെ ഗ്യാലക്‌സി ടാബ് എസ്7, എസ്7പ്ലസ് എന്നിവ അവതരിപ്പിച്ചിരിക്കുന്നത്. കീബോര്‍ഡ്, എസ് പെന്‍ തുടങ്ങിയവയുമായി കൂടുതല്‍ നന്നായി ഇണക്കിയിരിക്കുന്നതിനാല്‍ അത് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കമ്പനി പറയുന്നു. എസ്7 മോഡലിന്റെ തുടക്ക വേരിയന്റിന് 649 ഡോളറാണ് വില. എസ്7 പ്ലസിന്റെ തുടക്ക വേരിയന്റിന് 849 ഡോളര്‍ നല്‍കണം. ഇവയ്ക്ക് 5ജി വേര്‍ഷനുകളും ഉണ്ട്. അവയ്ക്ക് യഥാക്രമം 849, 1049 ഡോളറായരിക്കും വില.

English Summary: Samsung Galaxy Note 20, Galaxy Note 20 Ultra With S Pen, Triple Rear Cameras Launched: Price, Specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com