sections
MORE

ലോകോത്തര ടെക് കമ്പനികളെല്ലാം ഇന്ത്യയിലേക്ക്, ഫോൺ നിർമാണത്തിൽ ചൈനയെ കീഴടക്കും?

Foxconn-factory
SHARE

ആഗോളതലത്തില്‍ ഇന്ത്യയെ പ്രധാന സ്മാര്‍ട് ഫോണ്‍ നിര്‍മാണ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിന്നും നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ ഇലക്ട്രോണിക് സ്വപ്‌നത്തിന് കൂടുതല്‍ തെളിച്ചം നല്‍കുന്നതാണ്. സ്മാര്‍ട് ഫോണ്‍ നിര്‍മാണ രംഗത്ത് വന്‍ശക്തിയാകാന്‍ ഇന്ത്യയ്ക്ക് ചൈന മാത്രമാണോ വെല്ലുവിളി? അവകാശവാദങ്ങള്‍ക്കിടയില്‍ യഥാര്‍ഥത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്?

ലോകത്തെ രണ്ടാമത്തെ സ്മാര്‍ട് ഫോണ്‍ വിപണി മാത്രമല്ല രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണ താവളം കൂടിയാണ് ഇന്ത്യ. എങ്കിലും അഞ്ച് വിഭാഗങ്ങളില്‍ കൂടി ഇന്ത്യന്‍ വ്യവസായരംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എയര്‍ കണ്ടീഷണര്‍, ഓഡിയോ ഉപകരണങ്ങള്‍, റഫ്രിജറേറ്ററുകള്‍, ടെലിവിഷന്‍, വാഷിങ് മെഷീന്‍ എന്നിവയാണത്. സിഇഎഎംഎ (കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്റ് അപ്ലെയന്‍സസ് മാനുഫാക്ചറേഴ്‌സ് അസോസിയേന്‍) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഈ അഞ്ച് വിഭാഗങ്ങളുടെ നിര്‍മാണ വ്യവസായം 2025 ആകുമ്പോഴേക്കും 11.7 ശതമാനം വര്‍ധിക്കും. 76400 കോടിയില്‍ നിന്നും 1.48 ലക്ഷം കോടിയിലേക്കായിരിക്കും വളര്‍ച്ച.

തായ്‌വാനീസ് കമ്പനികളായ ഫോക്‌സ്‌കോണ്‍ വിസ്‌ട്രോണ്‍ എന്നിവരാണ് ഇന്ത്യയില്‍ ആപ്പിള്‍ ഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്നത്. മറ്റൊരു ഐഫോണ്‍ നിര്‍മാണ കമ്പനിയായ പെഗ്‌ട്രൊണും ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ നിര്‍മാണ കേന്ദ്രം തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ 11 എന്നീ മോഡലുകളാണ് ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇയാണ് വിസ്‌ട്രൊണിന്റെ ബെംഗളൂരു പ്ലാന്റില്‍ നിര്‍മിക്കുന്നത്. നേരത്തെ വിസ്‌ട്രൊണ്‍ ഐഫോണ്‍ 7, ഐഫോണ്‍ 6 മോഡലുകളും ആപ്പിളിനുവേണ്ടി നിര്‍മിച്ചിരുന്നു. 

ഇന്ത്യന്‍ കമ്പനികളില്‍ ലാവ, പാഡ്‌ജെറ്റ് ടെക്‌നോളജീസ്, സോജോ മാനുഫാക്ചറിങ് സര്‍വീസസ് എന്നിവയാണ് മുന്നിലുള്ളത്.  കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍ നിര്‍മാണം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും സ്മാര്‍ട് ഫോണുകളുടെ ഭാഗങ്ങളുടെ കൂട്ടിച്ചേര്‍ക്കലാണ് പ്രധാനമായും നടക്കുന്നത്. അതേസമയം, ഫോണ്‍ ചാര്‍ജറുകള്‍ അടക്കമുള്ള പലഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുന്നുമുണ്ട്. ഉത്പന്നത്തിന് അനുസരിച്ചുള്ള ഇളവുകള്‍ നല്‍കുന്ന പദ്ധതി പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സ്മാര്‍ട് ഫോണുകളുടെ നിര്‍മാണത്തിലും കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇപ്പോഴും ചൈന തന്നെയാണ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലുള്ളത്. ഇന്ത്യയിലെ ഇലക്ട്രോണിക് നിര്‍മാണ കമ്പനികള്‍ക്ക് ഇപ്പോഴും ചൈനയെ ആശ്രയിക്കേണ്ട നിലയുണ്ട്. ഏതെങ്കിലും കമ്പനികള്‍ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിക്കണമെങ്കില്‍ അവർക്ക് ഇന്ത്യയിലെ കമ്പനികളുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തേണ്ടി വരും.

ഈ വര്‍ഷമാണ് ആപ്പിളിന്റെ ഐഫോണ്‍ 11 നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. ഐഫോണ്‍ 12 ആഗോളതലത്തില്‍ പുറത്തിറക്കാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു ഇത്. ഇന്ത്യയില്‍ ഒരു മുന്‍നിര സ്മാര്‍ട് ഫോണ്‍ കമ്പനികളും അവരുടെ പ്രധാന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നില്ലെന്നതാണ് സത്യം. മാത്രമല്ല ഇന്ത്യക്ക് സ്മാര്‍ട് ഫോണ്‍ നിര്‍മാണ രംഗത്ത് ചൈനയോട് മാത്രമല്ല മത്സരിക്കേണ്ടത്. വിയറ്റ്‌നാം, ഇന്തൊനീഷ്യ, മലേഷ്യ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ കടുത്ത മത്സരം നേരിടേണ്ടി വരും.

English Summary: India’s quest to become a mobile production hub

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA