ADVERTISEMENT

പൊതുജനത്തിന് വാങ്ങാന്‍ സാധിക്കാത്ത, അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക നീക്കങ്ങള്‍ക്ക് ഉതകുന്ന വിധത്തിലുള്ള ഫോണ്‍ തങ്ങള്‍ നിര്‍മിച്ചു നല്‍കിയെന്നാണ് സാംസങ് പറയുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പ്രതിരോധ വകുപ്പിനുവേണ്ടിയാണ് ഈ പ്രത്യേക ഹാന്‍ഡ്സെറ്റ് സാംസങ് നിര്‍മിച്ചത്. ഫോണിന്റെ പേര് സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കല്‍ എഡിഷന്‍ എന്നാണ്. ടാക്ടിക്കല്‍ എന്നു പറഞ്ഞാല്‍ സൈനികതന്ത്രപരമായ എന്നു വായിക്കാം. അമേരിക്കയുടെ ഫെഡറല്‍ ഗവണ്‍മെന്റ്, പ്രതിരോധ വകുപ്പ് എന്നിവിടങ്ങളിലുള്ളവര്‍ക്കു മാത്രമായിരിക്കും ഇത് വാങ്ങാന്‍ സാധിക്കുക. ഒരു സൈനിക ദൗത്യം പ്ലാന്‍ ചെയ്യാനും, പരിശീലിക്കാനും, സൈനിക നടപടികള്‍ക്കും, ദൈനംദിന ഉപയോഗത്തിനും ഒരേ പോലെ ഉപകരിക്കുന്നതാണ് തങ്ങളുടെ ഫോണ്‍ എന്നാണ് സാംസങ് പറയുന്നത്.

 

ഇത്രയും കാലം ഒരേ തരത്തിലുള്ള ഫോണുകളാണ് മിക്കവരും ഉപയോഗിച്ചുവന്നത്. ഇനി ഈ രീതിക്ക് വ്യാപകമായി മാറ്റം വന്നേക്കുമെന്ന സൂചനയാണിത്. ടാക്ടിക്കല്‍ റേഡിയോകള്‍, ഡ്രോണ്‍ ഫീഡുകള്‍, ലേസര്‍ റെയ്ഞ്ച് ഫൈന്‍ഡര്‍, ഒരു ദൗദ്യത്തിന്റെ മൊത്തം കാര്യങ്ങള്‍ വീക്ഷിക്കാന്‍ സാധിക്കുന്ന എക്സ്റ്റേണല്‍ ജിപിഎസ്, നൈറ്റ് വിഷന്‍ മോഡ്, പ്രച്ഛന്ന മോഡ്, നാസയോട് ക്ലാസിഫൈഡ് സംവാദിക്കല്‍ നടത്താനുള്ള ശേഷി തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളിച്ചാണ് ഫോണ്‍ നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. നൈറ്റ് വിഷന്‍ മോഡ് ഉപയോഗിക്കുമ്പോള്‍, ഉപയോക്താവ് നൈറ്റ് വിഷന്‍ ഗ്ലാസ് അണിഞ്ഞിട്ടുണ്ടെങ്കില്‍ ഡിസ്പ്ലെ അതിനനുസരിച്ച് ക്രമീകരിക്കാം. പ്രച്ഛന്ന മോഡില്‍ (stealth mode) ഫോണിന്റെ എല്‍ടിഇ വേണ്ടെന്നു വയ്ക്കാം. ഫോണിന്റെ എല്ലാ ആര്‍എഫ് ബ്രോഡ്കാസ്റ്റിങും നിർത്തിവച്ച്, ഓഫ്-ഗ്രിഡ് കമ്മ്യൂണിക്കേഷനിലേക്കു പോകാം. മറ്റൊരു ഫീച്ചര്‍ ഓട്ടോ-ടച്ച് സെന്‍സിറ്റിവിറ്റിയാണ്. ഗ്ലൗ ഇട്ട കൈ വച്ചും അത് പ്രവര്‍ത്തിപ്പിക്കാനാകും. പ്രോ ഗ്രെയ്ഡ് 64 എംപി ക്യാമറ ഉപയോഗിച്ച് റെസലൂഷന്‍ കൂടിയ ചിത്രങ്ങള്‍ എടുത്തയയ്ക്കാന്‍ സാധിക്കും. 8 കെ വിഡിയോ റെക്കോഡിങും ഉണ്ട്. ടാക്ടിക്കല്‍ റേഡിയോകളോടും ദൗത്യ സിസ്റ്റങ്ങളോടും എളുപ്പത്തില്‍ കണക്ടു ചെയ്യാവുന്ന ഒന്നാണിത്. സാധാരണ ഫോണുകളെ പോലെയല്ലാതെ പല സൈനികാവശ്യങ്ങളും സുഗമമായി നിറവേറ്റുന്ന ഫോണാണിത്.

 

പുതിയ ഫോണ്‍ ബോക്‌സില്‍ നിന്നു പുറത്തെടുത്ത് ഓണ്‍ ചെയ്യുമ്പോള്‍ത്തന്നെ മറ്റു കസ്റ്റമൈസേഷനുകളൊന്നും ഇല്ലാതെ തന്നെ ടാക്ടിക്കല്‍ റേഡിയോകളോടും, സൈനിക ദൗത്യ സിസ്റ്റങ്ങളോടും കണക്ടു ചെയ്യുമെന്നു കമ്പനി പറയുന്നു. ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് കമ്പനി നല്‍കുന്ന ഉത്തരം തങ്ങള്‍ മള്‍ട്ടി എതര്‍നെറ്റ് ശേഷി നല്‍കിയിരിക്കുന്നതിനാലാണ് എന്നാണ്. സ്വകാര്യ സിം, 5ജി, വൈ-ഫൈ 6, സിബിആര്‍എസ് തുടങ്ങിയ ഫീച്ചറുകളുണ്ട് എന്നാണ് കമ്പനി പറയുന്നത്.

 

സോഫ്റ്റ്‌വെയറിനുമുണ്ട് പ്രത്യേകത: സാംസങ് നോക്സ് (Knox) എന്ന സൈനിക ഗ്രെയ്ഡ് ഉള്ള മൊബൈല്‍ സുരക്ഷാ പ്ലാറ്റ്ഫോം ആണ് സുരക്ഷയൊരുക്കുന്നത്. ഇത് ഹാര്‍ഡ്‌വെയറിന് പല ലെയറുകളുള്ള സോഫ്റ്റ്‌വെയര്‍ സുരക്ഷ ഒരുക്കുന്നു. ഡ്യൂവല്‍ഡാര്‍ (DualDAR) ആര്‍ക്കിടെക്ചര്‍ സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കല്‍ എഡിഷന്‍ സുരക്ഷയുടെ മറ്റൊരു ലെയർ കൂടെ നല്‍കുന്നു. രണ്ട് അധിക എന്‍ക്രിപ്ഷന്‍ അടരുകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഫോണ്‍ ഓഫ് ആയിക്കിടക്കുമ്പോഴും, ഓതന്റിക്കേറ്റു ചെയ്യാത്ത സമയത്തും പോലും ഇത് പ്രവര്‍ത്തന സജ്ജമായിരിക്കും.

s20

 

ദൗത്യ പൂര്‍ത്തീകരണ ഫോണ്‍ എന്നാണ് സാംസങ് തങ്ങളുടെ ഗ്യാലക്സി എസ്20 ടാക്ടിക്കല്‍ എഡിഷനെ വിളിക്കുന്നത്. ഇത് പൊതുവിപണിയില്‍ ലഭ്യമായ എസ്20 തന്നെയാണ് അതിന് അധിക സുരക്ഷാ ഫീച്ചറുകള്‍ നല്‍യിട്ടുണ്ട് എന്നേയുള്ളുവെന്നും പറയുന്നു.

 

∙ വിമര്‍ശനം

 

എന്നാല്‍, ഇത് അത്ര വലിയ ഫോണൊന്നുമല്ലെന്നു പറയുന്നവരും ഉണ്ട്. സ്റ്റെല്‍ത്ത് മോഡില്‍ എല്‍ടിഇ, ആര്‍എഫ് ബ്രോഡ്കാസ്റ്റിങ് തുടങ്ങിയവയൊക്കെ ഒഴിവാക്കി ഓഫ്ഗ്രിഡ് സംവാദിക്കല്‍ മോഡിലേക്കു പോകാമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍, ഇത് 'ഒരു വെറും സാധാരണ മനുഷ്യന്' എയര്‍പ്ലെയ്ന്‍ മോഡില്‍ സാധ്യമല്ലാത്ത കാര്യമാണോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സാംസങിന്റെ 'നാസാ നിലവാരത്തിലുള്ള' ഡ്യൂവല്‍ഡാര്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ സ്വാഭാവികമായി ഉള്ള ഫയല്‍ ബെയ്‌സ്ഡ് എന്‍ക്രിപ്ഷന്‍ തന്നെയാണെന്ന് ഉള്ളതെന്ന് സാംസങിന്റെ വിവരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണെന്നും വിമര്‍ശകര്‍ പറയുന്നു. കൂടാതെ ഡ്യൂവല്‍ഡാര്‍ ഗ്യാലക്‌സി എസ്10 മുതലുള്ള ഫ്‌ളാഗ്ഷിപ് ഫോണുകളില്‍ നല്‍കിവരുന്നതുമാണ്. ഡ്യൂവല്‍ഡാര്‍ ഫീച്ചര്‍ തങ്ങള്‍ 'അവതരിപ്പിക്കുന്നു' എന്നും മറ്റുമാണ് സാംസങ് പരസ്യത്തിലൂടെ അവകാശപ്പെടുന്നതെന്നും, വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ആകപ്പാടെ വ്യത്യാസമുള്ളത് ഫോണ്‍ ബൂട്ടു ചെയ്തു വരുമ്പോള്‍ 'ടാക്ടിക്കല്‍ എഡിഷന്‍' എന്ന് എഴുതിക്കാണിക്കും. അതാണ് ആകെയുള്ള വ്യത്യാസമെന്നാണ് അവര്‍ പറയുന്നത്. ഫോണിനെ പൊതിഞ്ഞു നില്‍ക്കുന്ന സുരക്ഷാ കെയ്‌സ് ജഗര്‍നട്ട് കെയ്‌സ് പോലെ തോന്നിക്കുന്നു. അതിനാണെങ്കില്‍ 290 ഡോളര്‍ വില വരും. അത് പട്ടാളക്കാരും പൊലിസുമൊക്കെ ഇപ്പോള്‍ത്തന്നെ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍, പുതിയ കെയ്‌സിന് ഐപി 67 വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ട്. ഫോണിനാകട്ടെ ഐപി68 ഉം.

 

സൈനികതന്ത്രപരമായ എഡിഷന്‍ എന്നൊക്കെ പറയുന്നത് യാതൊരു അര്‍ഥവുമില്ലാത്ത വിശേഷണമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍, അമേരിക്കന്‍ സൈന്യം പലതരത്തിലുമുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടത്രെ. എറ്റിഎകെ ( ആന്‍ഡ്രോയിഡ് ടാക്ടിക്കല്‍ അസള്‍ട്ട് കിറ്റ്), എപിഎഎസ്എസ് (ആന്‍ഡ്രോയിഡ് പ്രിസിഷന്‍ അസള്‍ട്ട് സ്‌ട്രൈക് സ്യൂട്ട് ), കില്‍സ്വിച്ച് (KILSWITCH--Kinetic Integrated Low-Cost Software Integrated Tactical Combat Handheld) തുടങ്ങിയവയാണ് അവ. ഇവയെല്ലാം ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടി പരുവപ്പെടുത്തിയവയാണ് - ആശയവിനിമയം, മാപ്പിങ്, ടാര്‍ഗറ്റിങ് തുടങ്ങിയവ. കട്ടിയുള്ള കെയ്‌സില്‍ അടക്കം ചെയ്ത ഗ്യാലക്‌സി എസ്20 ഇതെല്ലാം ഒരുമിപ്പിക്കുന്ന കാര്യത്തില്‍ വിജയിക്കുന്നുണ്ടാകാം. എന്നാല്‍, അത് വിപ്ലവകരമായ മാറ്റമുള്ള ഫോണൊന്നുമല്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. പക്ഷേ, ഇതൊക്കെ തുടക്കം മാത്രമാകാം. ഇനി പൊതുജനത്തിനുള്ള ഫോണുകള്‍ ഉദ്യോഗസ്ഥരും മറ്റും ഉപയോഗിക്കണമെന്നില്ല. അതായിരിക്കാം വരുന്ന മാറ്റം.

 

English Summary: Introducing a phone for the US Army - the ‘Galaxy S20 Tactical Edition’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com