sections
MORE

4000 രൂപയ്ക്ക് 20 കോടി ഫോണിറക്കും! ചൈനീസ് കമ്പനികളെ തച്ചുതകര്‍ക്കാന്‍ അംബാനി

reliance-jio-ambani
SHARE

പ്രാദേശിക വാദത്തിന്റെ ആയുധവുമായാണ് ഏഷ്യയിലെ ഏറ്റവും വലിയ ധനികനും, റിലയന്‍സ് കമ്പനിയുടെ മേധാവിയുമായ മുകേഷ് അംബാനി എതിരാളികളെ കടത്തിവെട്ടി മുന്നേറുന്നത്. പെട്രോകെമിക്കല്‍സിലല്ല ഭാവി, ടെക്‌നോളജിയിലാണ് അതിരിക്കുന്നതെന്നു മനസിലാക്കിയ അദ്ദേഹം നടത്തുന്ന ചടുലമായ നീക്കങ്ങള്‍ അദ്ഭുതപ്പെടുത്തുന്നവയാണ്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിന്നനില്‍പ്പില്‍ തന്റെ 'ഫാനാക്കി' മാറ്റിയത് ഒറ്റ വാചകത്തിലാണ്. ഒരു ചൈനീസ് നിര്‍മിത ഉപകരണം പോലും ഉപയോഗിക്കാതെയാണ് തന്റെ ടെലികോം കമ്പനിയായ ജിയോ പ്രവര്‍ത്തിക്കുന്നാണ് അദ്ദേഹം പറഞ്ഞത്. ഫലമോ, ട്രംപ് അമേരിക്കയില്‍ തിരിച്ചെത്തി മാസങ്ങള്‍ക്കുള്ളില്‍ ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ ജിയോയില്‍ നിക്ഷേപമിറക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. 

ചൈനാ വിരുദ്ധത, പ്രാദേശികവാദം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് അംബാനി തന്റെ ബിസിനസുകളുമായി മുന്നോട്ടു നീങ്ങുന്നത്. അദ്ദേഹത്തിന്റെ ആവനാഴിയിലെ അസ്ത്രങ്ങളിലൊന്ന് ഉന്നംവയ്ക്കുന്നത് ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളായ ഷഓമിക്കും മറ്റുമെതിരെയാണ്. ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പ്പനയിലെ സിംഹഭാഗവും കൈയ്യടക്കിവച്ചിരിക്കുന്ന ചൈനീസ് കമ്പനികളെ വീഴ്ത്താന്‍ അവരുടെ ആയുധം തന്നെയായിരിക്കും പ്രയോഗിക്കുക. വില കുറച്ച ഫോണുകൾ ആവശ്യത്തിനു ഫീച്ചറുകളുമായി അവതരിപ്പിക്കുക ഇതാണ് ചൈനീസ് തന്ത്രം, ഇത് തന്നെയാണ് ജിയോയും ചെയ്യാൻ പോകുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട് ഫോണുകളില്‍ ചൈനീസ് കമ്പനികളെ കൂടാതെ പറഞ്ഞറിയിക്കത്തക്ക സാന്നിധ്യമുള്ളത് സാംസങ്ങിനു മാത്രമാണ്. ഏകദേശം 26 ശതമാനം. ഷഓമി 29 ശതമാനവും, വിവോ 17 ശതമാനവും, ഒപ്പോ 9 ശതമാനവും വിപണി കൈയ്യടക്കി വച്ചിരിക്കുകയാണ്.

തന്റെ ആക്രമണത്തിന്റെ ആദ്യ പടിയായി പ്രാദേശിക കമ്പനികളോട് 200 ദശലക്ഷം സ്മാര്‍ട് ഫോണുകള്‍ നിര്‍മിക്കാനുള്ള സാധനങ്ങളെത്തിച്ചു തുടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അടുത്ത രണ്ടു വർഷത്തിനുളളിലായിരിക്കും ഇത്രയധികം ഫോണുകള്‍ ഇറക്കുക. ഇതോടെ ഇന്ത്യന്‍ ടെക്‌നോളജി മേഖലയില്‍ പ്രാദേശികവല്‍ക്കരണം അതിവേഗത്തിലാകുമെന്നും കരുതുന്നു. ഗൂഗിളുമായി സഖ്യത്തിലായിക്കഴിഞ്ഞ അംബാനി, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലായിരിക്കും തന്റെ ഫോണിറക്കുക. ഏകദേശം 4000 രൂപയായിരിക്കും ഫോണിനു വിലയിടുക എന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വ്യക്തി പറഞ്ഞു. ഈ ഫോണ്‍ ജിയോയുടെ വില കുറഞ്ഞ പ്ലാനുകള്‍ക്കൊപ്പം അവതരിപ്പിക്കാനാണ് ഉദ്ദേശം. ഇതോടെ, എത്ര വിലകുറച്ചു വില്‍ക്കാമെന്നു വച്ചാലും ചൈനീസ് കമ്പനികള്‍ക്ക് നിലനില്‍പ്പില്ലാതെ വന്നേക്കുമെന്നാണ് കണക്കു കൂട്ടല്‍. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരെ കെട്ടുകെട്ടിച്ചതു പോലെ ചൈനീസ് കമ്പനികളും പായ്ക്കപ് പറഞ്ഞേക്കും. പ്രാദേശികമായി ഫോണ്‍ നിര്‍മിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിളും സാംസങും അടക്കമുള്ള ആഗോള ഭീമന്മാര്‍ ഇതിന്റെ ഗുണഭോക്താക്കളാകാന്‍ ശ്രമിക്കുന്നു. അംബാനിയും അത് ഉപയോഗിച്ചേക്കും. തങ്ങളുടെ പ്രാദേശിക കമ്പനികള്‍ക്ക് പ്രാധാന്യം നല്‍കാനൊരുങ്ങുകയാണ്. തുടക്ക മോഡലുകളുടെ വിലയില്‍ ആകര്‍ഷണിയതയൊരുക്കും. ബിസിനസ് ചെയ്യാനും, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും യോജിച്ച സ്ഥലമാണെന്ന് ലോകം മനസിലാക്കി വരികയാണെന്നാണ് ഇന്ത്യന്‍ സെല്ല്യൂലര്‍ ആന്‍ഡ് ഇലക്ട്രോണിക് അസോസിയേഷന്റെ മേധാവി പങ്കജ് മൊഹിന്ദ്രോ പറഞ്ഞത്. എന്നാല്‍ റിലയന്‍സിന്റെ പ്രതിനിധികള്‍ ഇതേക്കുറിച്ചു പ്രതികരിച്ചില്ല.

റിലയന്‍സിന്റെ ഉദ്ദേശം 150 മുതല്‍ 200 ദശലക്ഷം വരെ ഫോണുകള്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വില്‍ക്കാനാണെന്നാണ് അറിവ്. ഇത് പ്രാദേശിക നിര്‍മാണപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തും. ഈ വര്‍ഷം മാര്‍ച്ച് വരെ ഇന്ത്യയില്‍ ഒരു വര്‍ഷം ഏകദേശം 165 ദശലക്ഷം സ്മാര്‍ട് ഫോണുകളാണ് നിര്‍മിച്ചു വന്നത്. ( ഏകദേശം അത്രതന്നെ ഫീച്ചര്‍ ഫോണുകളും നിർമിച്ചിരുന്നു.) ഇവയില്‍ അഞ്ചിലൊന്ന് ഫോണുകൾ 7000 രൂപയില്‍ താഴെ വില വരുന്നവയായിരുന്നു.

ഈ വര്‍ഷം ജൂലൈയിലായിരുന്നു അംബാനി ഗൂഗിളുമായി സഖ്യത്തിലായത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് 4.5 ബില്ല്യന്‍ ഡോളര്‍ അംബാനിയുടെ കമ്പനിയില്‍ നക്ഷേപിക്കുകയും, ഇരു കമ്പനികളും ടെക്‌നോളജിയുടെ കാര്യത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. ഫെയ്‌സ്ബുക്കും അംബാനിയുടെ കമ്പനിയില്‍ നിക്ഷേപമിറക്കും. ഈ കമ്പനികളടക്കം അമേരിക്കന്‍ കമ്പനികള്‍ അംബാനിയുടെ കമ്പനികളില്‍ 20 ബില്ല്യന്‍ ഡോളറിലേറെയാണ് നിക്ഷേപിക്കുക. പുതിയ ഫോണ്‍ വളരെ വേഗം വിപണിയിലെത്തിയേക്കും. എന്നാല്‍ ഇത് ഈ വര്‍ഷത്തെ ദീപാവലിക്കു മുൻപ് എത്താനുള്ള സാധ്യത കുറവാണെന്നു പറയുന്നു.

അംബാനിയുടെ സ്മാര്‍ട് ഫോണ്‍ നിര്‍മാണക്കമ്പനി വിജയിക്കുകയാണെങ്കില്‍ അത് ജിയോ പ്ലാറ്റ്‌ഫോമുകളുടെ വിജയം കൂടെയായിരിക്കും. ഇകൊമേഴ്‌സ്, സമൂഹ മാധ്യമങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവയൊക്കെ ഒരു കുടക്കീഴിലൊരുക്കി ഇന്ത്യന്‍ ഉപയോക്താക്കളെ ഒരുമിച്ചു നിർത്താനായിരിക്കും അംബാനി ശ്രമിക്കുക. ഏകദേശം 150 രൂപയില്‍ താഴെ പ്രതിമാസം മുടക്കി കോളും ഡേറ്റയും ആസ്വദിക്കുന്ന ഒന്നാം തലമുറ ഉപയോക്താക്കളെ പുതിയ പ്ലാറ്റ്‌ഫോമിലെക്ക് ആകര്‍ഷിക്കാമെന്നും അംബാനി കരുതുന്നു. ഏകദേശം 50 കോടി ആളുകള്‍ ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവരായി ഉണ്ടെന്നതും അംബാനിക്ക് ആവേശം പകരുന്നു. തങ്ങള്‍ ഇന്ത്യന്‍ കമ്പനികളുമായി മാത്രമെ സഹകരിക്കൂവെന്ന നിലപാടില്‍ റിലയന്‍സ് അയവു വരുത്തില്ലാത്തതിനാല്‍ ചൈനീസ് കമ്പനികള്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും പറയുന്നു.

തുടക്കത്തില്‍, ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഹാന്‍ഡ്‌സെറ്റുകളില്‍ 50 ലക്ഷം എണ്ണം പ്രതിമാസം തങ്ങളുടെ കടകളിലൂടെ വിറ്റഴിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇത്രയും നിര്‍മിച്ചു നല്‍കാന്‍ ശേഷിയുള്ള ഒരു നിര്‍മാതാവു പോലും ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല എന്നതിനാല്‍ ഇത് പകുത്ത് നല്‍കാനായിരിക്കും അംബാനി ശ്രമിക്കുക. ഇന്ത്യയിലെ രണ്ടു വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ അംബാനിയുടെ കമ്പനിയുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായി വാര്‍ത്തകളുണ്ട്. താന്‍  2ജിയില്‍ പെട്ടു കിടക്കുന്നവരെ കൈപിട്ടിച്ചുയര്‍ത്താനും ശ്രമിക്കുമെന്ന് അംബാനി പറയുന്നു. ലോകം 5ജിയുടെ വാതില്‍പ്പടിയിലെത്തി നില്‍ക്കുമ്പോള്‍ നിരവധിയാളുകള്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അവര്‍ക്കും ജിയോയുടെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ താത്പര്യജനകമായേക്കാം. കൂടാതെ, മഹാവ്യാധി പടര്‍ന്നതോടെ വിദ്യാഭ്യാസവും മറ്റും ഓണ്‍ലൈനിലായി. തങ്ങളുടെ കുട്ടകള്‍ക്ക് വില കുറഞ്ഞ ഒരു ഫോണ്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കും ഇത് ഗുണകരമായേക്കും. എന്നാല്‍, ഇതോടെ ജിയോയുട കയ്യിലേക്ക് അനുസ്യൂതം പ്രവഹിക്കാന്‍ പോകുന്ന ഡേറ്റയ്ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തെക്കുറിച്ച് എന്തു കൊണ്ട് ആരും ചര്‍ച്ച ചെയ്യുന്നില്ല എന്നു ചോദിക്കുന്നവരുമുണ്ട്.

English Summary: A $50 phone is Mukesh Ambani’s weapon to dominate India telecom market

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA