ADVERTISEMENT

ഏറ്റവും കരുത്തും, അത്യാധുനികത വെളിപ്പെടുത്തുന്ന ഡിസൈൻ വൈഭവവും ഒത്തുചേരുന്ന ഒരു സ്മാര്‍ട് ഫോണായിരിക്കും ഈ വര്‍ഷത്തെ ഐഫോണ്‍ 12 സീരിസിലെ പ്രധാനിയായ ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നാണ് സ്മാർട് ഫോണ്‍ പ്രേമികള്‍ കരുതിവന്നത്. എന്നാല്‍, ഐഫോണ്‍ 12 പ്രോ മാക്‌സിന്റേതെന്ന രീതിയില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ബെഞ്ച്മാര്‍ക്ക് റിസള്‍ട്ടുകള്‍ ശരിയാണെങ്കില്‍, ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ കരുത്തു വ്യത്യാസമായിരിക്കും ഐഫോണ്‍ 11 പ്രോ മാക്‌സും പുതിയ ഫ്‌ളാഗ്ഷിപ് മോഡലും തമ്മിലെന്നാണ് പറയുന്നത്. ബെഞ്ച്മാര്‍ക്കിങ് പ്ലാറ്റ്‌ഫോമായ അന്റുറ്റുവില്‍ (AnTuTu) നിന്ന് ചോര്‍ന്നു കിട്ടിയതെന്ന രീതിയിലാണ് പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് മാക്ബുക്ക് പ്രോയെക്കാള്‍ കരുത്തുറ്റ പ്രോസസറുമായി ഐഫോണ്‍ 12 പ്രോ മാക്‌സ് എത്തുമെന്നായിരുന്നു. ചരിത്രം കുറിക്കുന്ന ശക്തിയുള്ളതായിരിക്കും ആപ്പിളിന്റെ എ14 ബയോണിക് ചിപ്‌സെറ്റ് എന്നാണ് ഇതുവരെ കേട്ടുവന്നത്. പക്ഷേ, ഇതിന്റെ സത്യമറിയണമെങ്കില്‍ ഒരാഴ്ച കൂടെയെങ്കിലും കാത്തിരിക്കേണ്ടിവരും.

 

കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 11 പ്രോ മാക്‌സിനെക്കാള്‍ കേവലം 16 ശതമാനം അധിക ശക്തി മാത്രമേ പുതിയ മോഡലിന് ഉണ്ടാകൂ എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പറയുന്നത്. സിപിയു പ്രകടനം പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ലെന്നാണ് പറയുന്നതെങ്കില്‍ ജിപിയു പ്രകടനം അതിലും നിരാശപ്പെടുത്തുന്നുവത്രെ-കേവലം 4 ശതമാനം. എന്നാല്‍, മെമ്മറി പ്രകടനം 22 ശതമാനം വര്‍ധിച്ചതായി കാണിച്ചിരിക്കുന്നു. എന്നാല്‍, ലോകത്തെ ആദ്യത്തെ നാനോമീറ്റര്‍ ചിപ്പ് എന്ന അവകാശവാദവുമായി എത്തുന്ന ഐഫോണ്‍ 12 പ്രോ മാക്‌സില്‍ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ മാസം വരെ ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ ജിപിയു പ്രകടനത്തില്‍ 50 ശതമാനവും, സിപിയു പ്രകടനം 40 ശതമാനവും വര്‍ധന കാണിക്കുമെന്നാണ് പ്രതീക്ഷപുലര്‍ത്തിയിരുന്നത്.

 

∙ ആപ്പിള്‍ എ14 ബയോണിക് ചിപ്പിന്റെ 'കഴുത്തു ഞെരിച്ചു'?

 

എന്താണ് സംഭവിച്ചത്? ചുരുക്കിപ്പറഞ്ഞാല്‍ ബാറ്ററിയുടെ പ്രകടനമാണത്രെ ഫോണിനെ കുഴപ്പത്തില്‍ ചാടിച്ചിരിക്കുന്നത്. എല്ലാ യുക്തിയേയും പെട്ടിയിലടച്ച് ആപ്പിളെടുത്ത തീരുമാനമാണ് കമ്പനിയെ കുഴിയില്‍ ചാടിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. ഐഫോണ്‍ 12 ശ്രേണിയിലുള്ള ഫോണുകളുടെ എല്ലാം ബാറ്ററി കപ്പാസിറ്റി കുറയ്ക്കാന്‍ എടുത്ത തീരുമാനമാണ് ആപ്പിളിനു വിനയായിരിക്കുന്നതെന്നു പറയുന്നു. ഈ ഫോണുകളിലാണ് ആപ്പിള്‍ ആദ്യമായി, കുറച്ചു സമയത്തിനുള്ളില്‍ ബാറ്ററി തീർക്കുന്ന എന്ന കുപ്രസിദ്ധിയുള്ള 5ജി സാങ്കേതികവിദ്യ ആദ്യമായി കൊണ്ടുവരുന്നത്. ബാറ്ററിയുടെ കാര്യത്തില്‍ മിക്കവാറും 5ജി മോഡങ്ങളുടെയെല്ലാം ഗതിയിതാണെന്നിരിക്കെ, ആപ്പിള്‍ എന്തിനാണ് ഈ പണി കാണിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഐഫോണ്‍ 12 പ്രോ മാക്‌സിലെങ്കിലും 120 ഹെഡ്‌സ് പ്രോ മോഷന്‍ ഡിസ്‌പ്ലെ കൊണ്ടുവരുമെന്നു പറഞ്ഞെങ്കിലും അതു വേണ്ടന്നു വയ്ക്കാനുള്ള കാരണവും ബാറ്ററിയുടെ ശേഷിക്കുറവാണത്രെ. എന്നാല്‍, ഫോണ്‍ നിര്‍മിച്ചുവന്നപ്പോള്‍, ബാറ്ററിയുടെ പ്രകടനത്തിന് അനുസരിച്ച് പുതിയ പ്രോസസറിന്റെ കരുത്ത് ക്രമീകരിച്ചതാണ് നിരാശാജനകമായ ഈ പ്രകടനത്തിനു പിന്നിലെന്ന് പറയുന്നു. കരുത്തിനു പ്രാധാന്യം നല്‍കുന്ന രീതിയില്‍ പ്രോസസര്‍ ക്രമീകരിച്ചിരുന്നെങ്കില്‍, പ്രോസസറും 5ജി മോഡവും കൂടെ നിസാര സമയത്തിനുള്ളല്‍ പുതിയ ഐഫോണിന്റെ ബാറ്ററി തീർത്ത കഥകള്‍ കേള്‍ക്കേണ്ടി വന്നേനെയത്രെ.

 

ഐഫോണ്‍ 12 പ്രോ മാക്‌സ് അടക്കമുള്ള ഈ വര്‍ഷത്തെ ഫോണുകളില്‍ 5ജി മോഡം അടക്കമുള്ള പുതിയ ടെക്‌നോളജികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിന് കമ്പനിക്ക് കൂടുതല്‍ ചെലവും വന്നിട്ടുണ്ട്. ഇത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബാറ്ററിയുടെ ശേഷി കുറച്ചതത്രെ. എന്നാല്‍, ഇക്കാര്യം ആപ്പിള്‍ തന്നെ സൂത്രത്തില്‍ വെളിപ്പെടുത്തിയിരുന്നിരിക്കാം എന്നും പറയുന്നു. പുതിയ ഐപാഡ് എയര്‍ മോഡല്‍ പുറത്തെടുക്കുന്ന സമയത്ത് എ14 ചിപ്പിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. കമ്പനി അപ്പോള്‍ തങ്ങളുടെ തൊട്ടുപിന്നിലെ ചിപ്പായ എ13 ബയോണിക്കുമായി താരതമ്യം ചെയ്യുന്നതിനു പകരം അതിനും മുൻപുള്ള എ12 പ്രോസസറുമായി താരതമ്യം ചെയ്താണ് അവതരിപ്പിച്ചത്. ഇപ്പോള്‍ പ്രചരിക്കുന്ന അന്റുറ്റു ടെസ്റ്റ് ഫലങ്ങള്‍ ശരിവയ്ക്കുന്ന രീതിയില്‍ത്തന്നെയാണ് 2020 ഐപാഡ് എയറിന്റെ പ്രകടനവുമെന്നു പറയുന്നു. അതിന് ആപ്പിളിന്റെ ഏ13 ബയോണിക് പ്രോസസറുമായി ഏകദേശം 17 ശതമാനം പ്രകടന മികവേയുള്ളു. എട്ടു ശതമാനം ജിപിയു കരുത്തും ഉണ്ട്. നേരിയ വ്യത്യാസം ഇത്തരം അന്റുറ്റു ടെസ്റ്റുകളില്‍ വരാവുന്നതാണെന്നും പറയുന്നു.

 

ഐപാഡ് എയറിന്റെ ബാറ്ററിയും, അതിന്റെ തൊട്ടുമുന്നിലെ മോഡലിനെ അപേക്ഷിച്ച്, ആപ്പിള്‍ 8 ശതമാനം കുറച്ചിരുന്നു. ഐഫോണ്‍ 12 മോഡലുകളുടെ ബാറ്ററി 10 ശതമാനമാണ് ഐഫോണ്‍ 11 സീരിസിനെ വച്ച് കുറച്ചിരിക്കുന്നതത്രെ. ജിപിയു, സിപിയു പ്രകടനം ആപ്പിള്‍ പിടിച്ചു കെട്ടുകയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. പുതിയ ഐഫോണ്‍ 12 സീരിസിലെ ഫോണുകള്‍ക്കൊപ്പം ചാര്‍ജറും, ഇയര്‍പോഡുകളും ഉണ്ടായിരിക്കില്ലെന്നതും, നോച് പൂര്‍ണമായും ഒഴിവാക്കാന്‍ ഇത്തവണയും കമ്പനിക്കു സാധിച്ചിട്ടില്ലെന്നതും, മുന്‍ വര്‍ഷത്തേതിനെക്കാള്‍ വില വര്‍ധിപ്പിക്കുന്നു എന്നതും ചിലപ്പോള്‍ കടുത്ത ഐഫോണ്‍ പ്രേമികളെപ്പോലും നിരാശരാക്കിയേക്കാമെന്നു പറയുന്നു. ഇതൊക്കെയാണെങ്കിലും, അത്യാകര്‍ഷകമായ ഡിസൈനാണ് ഫോണിന് എന്നകാര്യം ഫോണ്‍ വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം. പുതിയ സൈസുകളിലാണ് ഫോണ്‍ എത്തുന്നത് എന്നതും അവ പരീക്ഷിച്ചു നോക്കാന്‍ ഐഫോണ്‍ പ്രേമികളെ പ്രേരിപ്പിച്ചേക്കാം. അടുത്ത വര്‍ഷം ആദ്യം ഐഫോണ്‍ 12 പ്രോ എന്നൊരു വിലകുറഞ്ഞ പുതിയ മോഡല്‍ അവതരിപ്പിച്ചേക്കുമെന്നും ഇതിനായി കാത്തിരിക്കുന്നതായിരിക്കും എടുത്തുചാടി പുതിയ മോഡലുകള്‍ വാങ്ങുന്നതിനേക്കാള്‍ ബുദ്ധിപൂര്‍വ്വമായ തീരുമാനമെന്നും ചിലര്‍ പറയുന്നു.

 

English Summary: iPhone 12 Pro Max set to disappoint? Can this be true?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com