ADVERTISEMENT

രാജ്യാന്തര വിപണിയിലെ മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് എംഐ 11 സീരീസ് തിങ്കളാഴ്ച ചൈനയിൽ അവതരിപ്പിച്ചു. എന്നാൽ, ചൈനയിൽ വിൽക്കുന്ന എംഐ 11 ഹാൻഡ്സെറ്റുകൾക്കൊപ്പം ചാർജര്‍ നൽകില്ലെന്നും ഷഓമി അറിയിച്ചു. ആപ്പിളിന്റെ വഴിയെയാണ് ഷഓമി എന്നത് വ്യക്തമാക്കുന്നതാണ് ഈ നീക്കം.

 

കഴിഞ്ഞയാഴ്ച ഷഓമിയുടെ സിഇഒ ലീ ജുൻ വെളിപ്പെടുത്തിയതിന് അനുസൃതമായി ബോക്സിൽ ചാർജറില്ലാതെയാണ് എംഐ 11 ഫ്ലാഗ്ഷിപ്പ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ, ഇവന്റിൽ അവതരിപ്പിച്ച രണ്ട് എംഐ 11 മോഡലുകളിൽ ആദ്യത്തേതിൽ മാത്രമാണ് ചാർജർ ഇല്ലാത്തതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാമത്തെ എംഐ 11 ബോക്സില്‍ കമ്പനി 55W ചാർജർ  പായ്ക്ക് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ, രണ്ടു മോഡലിനും വില ഒന്നുതന്നെയാണ്. അതായത് പുതിയ ഫോൺ വാങ്ങുമ്പോൾ ചാർജിങ് അഡാപ്റ്റർ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കും.

 

അതേസമയം, ആപ്പിളിന്റെ തന്ത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഷഓമിയുടെ സമീപനം കൂടുതൽ ഉപഭോക്തൃ സൗഹാർദ്ദപരമായി തോന്നും. കാരണം, ചാർജർ ലഭ്യമായതും അല്ലാത്തതുമായ ബോക്സുകൾ ലഭ്യമാണ്. ഇത് വാങ്ങുന്നയാൾക്ക് തീരുമാനിക്കാം. പരിസ്ഥിതി സ്നേഹം കൂടുതലുള്ളവർക്ക് ചാർജർ ഉപേക്ഷിക്കുകയും ചെയ്യാം. എന്തായാലും ഒരു ബോക്സിൽ സ്മാർട് ഫോൺ മാത്രമാണുള്ളത്. മറ്റൊന്നിൽ സ്മാർട് ഫോണും 55W ചാർ‌ജറും, വില രണ്ടിനും ഒന്ന് തന്നെ.

 

അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ടെക്‌നോളജികളുടെ ചെറിയൊരു പ്രദര്‍ശനമായിരിക്കും ഇതെന്നാണ് ടെക് ലോകം കരുതുന്നത്. ചൈനയില്‍ നിന്ന് ഇറങ്ങിയിരുന്ന ഏറ്റവും മേന്മയേറിയ ഫോണുകള്‍ വാവെയ് ആണ് അവതരിപ്പിച്ചിരുന്നതെങ്കില്‍ അവരിന്ന് അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് അനുദിനമെന്നോണം പിന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പിന്നെയുള്ളത് വണ്‍പ്ലസാണ്. എന്നാല്‍, ഷഓമിയാകട്ടെ കഴിഞ്ഞ വര്‍ഷത്തെ എംഐ10 തന്നെ മികച്ച ഫീച്ചറുകളോടെയാണ് അവതരിപ്പിച്ചിരുന്നത്. വണ്‍പ്ലസിന്റെ അക്കാലത്തെ മോഡലുകളെക്കാള്‍ കാര്യമായി പിന്നിലല്ലായിരുന്നു എന്നു തന്നെയല്ല ക്യാമറയുടെ പ്രകടനത്തിന്റെ കാര്യത്തിലും മറ്റും മുന്നിലുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ചൈനയില്‍ നിന്നുള്ള ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ നിര്‍മാതാകാനുള്ള സാധ്യതയുള്ള കമ്പനിയാണ് ഷഓമി.

 

നിലവിലുള്ള ഏതൊരു ഫ്‌ളാഗ്ഷിപ് ഫോണിനു മുന്നിലും തലതാഴ്‌ത്തേണ്ട കാര്യമില്ലാത്തതെന്നു തോന്നിക്കുന്ന സ്‌പെസിഫിക്കേഷനുകളുള്ള ഫോണിന്റെ വില ഏകദേശം 45,000 രൂപയാണ്. ക്വാല്‍കമിന്റെ 5എന്‍എം പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 888നെ കേന്ദ്ര സ്ഥാനത്തു നിർത്തി നിര്‍മിച്ചതാണ് പുതിയ ഫോണ്‍. ഈ 5ജി ഉള്‍ക്കൊള്ളുന്ന പ്രോസസര്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് കിട്ടിയിട്ടുള്ളതിലേക്കും വച്ച് ശക്തമാണ്. അഡ്രെനോ 660 ജിപിയു, ആറാം തലമുറയിലെ എഐ എൻജിന്‍ തുടങ്ങിയവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നു. തുടക്ക വേരിയന്റിന് 8ജിബി റാമും, 128ജിബി സംഭരണശേഷിയുമാണുള്ളത്. റാമാണെങ്കില്‍ ഡിഡിആര്‍5 (LPDDR5 RAM) ആണ്. ആന്തരിക സ്റ്റോറേജിന് ഉപയോഗിച്ചിരിക്കുന്നത് യുഎഫ്എസ് 3.1 ആണ്. ഡിസ്‌പ്ലെയ്ക്ക് ഉപയോഗിച്ചിരിക്കുന്ന അമോലെഡ് സ്‌ക്രീനിന്റെ വലുപ്പം 6.81-ഇഞ്ച് ആണ്. ഇതിന് 3200 x 1440 റെസലൂഷനാണ് ഉള്ളത്.

 

120 ഹെട്‌സ് റിഫ്രഷ് റെയ്റ്റുമുണ്ട്. എച്ച്ഡിആര്‍10 പ്ലസ് സപ്പോര്‍ട്ട്, പി3 കളര്‍ സ്പെക്ട്രം, കോര്‍ണിങ് ഗൊറിലാ ഗ്ലാസ് വിക്ടസ് തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സാംസങ് ഗ്യാലക്‌സി നോട്ട് 20 മാത്രമാണ് നിലവില്‍ ഈ സവിശേഷ ഗൊറിലാ ഗ്ലാസ് സംരക്ഷണമുള്ള മറ്റൊരു മോഡല്‍.

 

ഫൊട്ടോഗ്രാഫിയില്‍ മുന്‍പിലെത്തുക എന്നത് ഷഓമിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. അവരുടെ എൻജിനീയര്‍മാര്‍ ഇതിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് എന്നതും വ്യക്തമാണ്. പുതിയ 108എംപി പ്രധാന ക്യമാറയുടെ സെന്‍സറിന് 1/1.33-ഇഞ്ച് വലുപ്പമുണ്ട്. (ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ ക്യാമറ സെന്‍സറിന്റെ വലുപ്പം ഇതില്‍ കുറവാണ്. എന്നാല്‍, സാംസങ്, വാവെയ് തുടങ്ങിയ കമ്പനികള്‍ക്ക് ഇതേ വലുപ്പമുള്ള ക്യാമറാ സെന്‍സറുകളുള്ള ഫോണുകളുണ്ട്.) പ്രധാന ക്യാമറയ്ക്ക് 7പി ലെന്‍സ്, എഫ്/1.85 അപേര്‍ചര്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. 13എംപി അള്‍ട്രാ വൈഡ് ലെന്‍സിന് 123ഡിഗ്രി കാഴ്ചയാണ് ലഭിക്കുന്നത്. പിന്‍ക്യാമറ ത്രയത്തിലെ മൂന്നാം കണ്ണ് ടെലിഫോട്ടോ അല്ലെങ്കില്‍ മാക്രോ ലെന്‍സാണ്. ഇതിന് 5എംപി റെസലൂഷന്‍ മാത്രമാണ് ഉള്ളത്. 8കെ വിഡിയോ റെക്കോഡിങ്ങാണ് ഏറ്റവും സിവിശേഷമായ ഫീച്ചറുകളിലൊന്ന്. സെല്‍ഫി ക്യാമറയ്ക്ക് 20 എംപി റെസലൂഷനാണുള്ളത്.

 

ബാറ്ററി 4600 എംഎഎച് ആണ്. ക്വിക് ചാര്‍ജ് 4പ്ലസ് ഉണ്ട്. 55w ഫാസ്റ്റ് ചാര്‍ജിങ് വരെ ഇതിനു താങ്ങാനാകും. 50w വയര്‍ലെസ് ചാര്‍ജിങും സാധ്യമാണ്. 10w റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങും സാധിക്കും. ആന്‍ഡ്രോയിഡ് 11 കേന്ദ്രീകൃത ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉളളത്. ഹാര്‍മാന്‍ കാര്‍ഡോണ്‍ സ്പീക്കര്‍, വൈ-ഫൈ6, ഐആര്‍ സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. വണ്‍പ്ലസ് തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ വാങ്ങാന്‍ മടിയില്ലാത്തവര്‍ക്ക് നിശ്ചയമായും പരിഗണിക്കാവുന്ന മോഡലാണിത്.

 

∙ ചാര്‍ജറില്ലാതെ വില്‍ക്കുന്നത് ചൈനയില്‍ മാത്രമെന്ന് ഷഓമി

 

ആപ്പിളിന്റെ ഐഫോണ്‍ 12 സീരിസിന് ചാര്‍ജറില്ലാതെ ഇറക്കിയതിനെ കളിയാക്കിയ ഷഓമി തങ്ങളുടെ എംഐ11ന് ചാര്‍ജറില്ലാതെ പുറത്തിറക്കി എന്നത് പരിഹാസത്തിനു വഴിവച്ചിരുന്നു. അപ്പോഴാണ് കമ്പനി പുതിയ വശദീകരണവുമായി എത്തിയിരിക്കുന്നത്. ഒരേ വിലയ്ക്ക് ചാര്‍ജറുള്ള പാക്കും ചാര്‍ജറില്ലാത്ത പാക്കും ലഭ്യമാക്കുമെന്ന വിചിത്രമായ വിശദീകരണവും കമ്പനി ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്.

 

English Summary: Xiaomi launches Mi 11 without charger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com