ADVERTISEMENT

ആപ്പിള്‍ അടുത്തതായി ഇറക്കാന്‍ പോകുന്ന ഐഫോണ്‍, വിലകുറഞ്ഞ ശ്രേണിയായ എസ്ഇ വിഭാഗത്തിലായിരിക്കുമെന്ന് അഭ്യൂഹം. ഐഫോണ്‍ 13 സീരീസ് സെപ്റ്റംബറിനു മുൻപെ പ്രതീക്ഷിക്കേണ്ട. അതിനു മുൻപെ അവതരിപ്പിക്കുമെന്നു കരുതുന്ന ഐഫോണ്‍ എസ്ഇ പ്ലസിലാണ് ഇപ്പോള്‍ ശ്രദ്ധ. ഐഫോൺ എസ്ഇ 2020 മോഡല്‍ 42,500 രൂപയ്ക്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആ മോഡല്‍ അടുത്തിടെ 33,999 രൂപയ്ക്കു വരെ ഓണ്‍ലൈനിൽ വിറ്റിരുന്നു. ഈ മോഡലിന്റെ കൂടുതല്‍ സ്‌ക്രീന്‍ വലുപ്പമുള്ള പതിപ്പായിരിക്കും എസ്ഇ പ്ലസ്. എന്നാല്‍, പഴയ മോഡലിനെപ്പോലെയല്ലാതെ കൂടുതല്‍ വലുപ്പമുളള സ്‌ക്രീന്‍ അടക്കം ചില മാറ്റങ്ങള്‍ കണ്ടേക്കാമെന്നതാണ് പ്രധാന സവിശേഷതകളായി പറയുന്നത്.

 

ഫോണിന്റെ നിര്‍മാണത്തെയും അവതരണത്തെയും പറ്റി പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്തായാലും നിലവിലുള്ള എസ്ഇ 2020 മോഡലിനില്ലാത്ത ഫെയ്‌സ് ഐഡി ഫീച്ചര്‍ ലഭിച്ചേക്കുമെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. കൂടുതല്‍ പേരും ഫെയ്‌സ് ഐഡി നല്‍കിയേക്കുമെന്നു പറയുന്നു. ഇതു ശരിയാണെങ്കില്‍, സെല്‍ഫി ക്യാമറയുടെ സ്ഥാനത്ത് ഐഫോണ്‍ Xല്‍ അവതരിപ്പിച്ചതു പോലെയുള്ള ട്രൂ ഡെപ്ത് ക്യാമറാ സിസ്റ്റം ആയിരിക്കും ഇടംപിടിക്കുക. മറ്റൊരു സുപ്രധാന മാറ്റം എസ്ഇ മോഡലുകളില്‍ കണ്ടിട്ടില്ലാത്തത്ര ബെസല്‍ കുറഞ്ഞ സ്‌ക്രീനും ലഭിച്ചേക്കുമെന്നതാണ്. നിലവിലുള്ള എസ്ഇ 2020, ഐഫോണ്‍ 8ന്റെ രൂപത്തില്‍ നിര്‍മിച്ചതാണ്. 

 

എസ്ഇ സീരീസുകളെക്കുറിച്ചു പറയുന്ന ഒരു പ്രധാന കാര്യം ഐഫോണ്‍ സീരീസ് നിര്‍മിക്കാനായി വാങ്ങിച്ച മെറ്റീരിയല്‍ മിച്ചംവരുന്നത് ഉപയോഗപ്പെടുത്താനായി നിര്‍മിക്കുന്ന മോഡലുകളാണ് എന്നതാണ്. അതായത്, ആദ്യ എസ്ഇ മോഡല്‍ ഐഫോണ്‍ 5എസ് ന്റെ രീതിയില്‍ നിര്‍മിച്ചതായിരുന്നു. രണ്ടാമത്തേത് ഐഫോണ്‍ 8ന്റെയും. അടുത്തതായി പുറത്തിറക്കുമെന്നു കരുതുന്ന എസ്ഇ പ്ലസ് മോഡലിന് 6.1-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ കാണാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. അതായത് ഐഫോണ്‍ XRന്റെ മിച്ചംവന്ന ഭാഗങ്ങള്‍ ഉപയോഗിച്ചായിരിക്കും പുതിയ ഫോണ്‍ ഉണ്ടാക്കാന്‍ സാധ്യതയെന്നു പറയുന്നു.

 

പക്ഷേ, XR മോഡലിനെ പോലെയല്ലാതെ ചില സുപ്രധാന മാറ്റങ്ങൾ കണ്ടേക്കും. ഉദാഹരണത്തിന് ഇരട്ട പിന്‍ക്യാമറാ സിസ്റ്റം ചിലര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, പവര്‍ ബട്ടണില്‍ ടച് ഐഡിയും കണ്ടേക്കാം. മറ്റു പല രീതിയിലും ഐഫോണ്‍ XRനെ അനുസ്മരിപ്പിച്ചേക്കുമെന്നാണ് കൂടുതല്‍ പേരും പ്രവചിക്കുന്നത്. വില കുറച്ചു നിർത്താനായി ഓലെഡ് സ്‌ക്രീന്‍ ആയിരിക്കില്ല ഉപയോഗിക്കുക, മറിച്ച് എല്‍സിഡി തന്നെ ആയിരിക്കാമെന്നു പറയുന്നു. ആപ്പിളിന്റെ കുപ്രസിദ്ധമായ ബാത്ടബ് നോച്ചും ഫോണിനു കണ്ടേക്കും. ഫെയ്‌സ് ഐഡി ഉള്‍ക്കൊള്ളിക്കുന്നില്ലെങ്കില്‍ ഈ ഭാഗത്ത് കൂടുതല്‍ വലുപ്പമുള്ള സ്പീക്കറുകള്‍ വച്ചേക്കാം, അല്ലെങ്കില്‍ വെറുതെ കറുത്ത നിറത്തില്‍ അവിടം ഇട്ടേക്കുമെന്നും പറയുന്നു. അതേസമയം, മിക്ക കാര്യങ്ങളിലും XRന്റെ അതേ രീതി തന്നെ പ്രതീക്ഷിക്കാമെന്നാണ് ഒരു വാദം. എസ്ഇ മോഡലുകള്‍ പുറത്തിറക്കുമ്പോള്‍ പുതിയ ഡിസൈനും മറ്റും പരീക്ഷിക്കാന്‍ ആപ്പിള്‍ ശ്രമിച്ചേക്കില്ല. പിന്നില്‍ ഇരട്ട ക്യാമറ ഉള്‍ക്കൊള്ളിക്കുന്നില്ലെങ്കില്‍ 12എംപി ഐസൈറ്റ് ക്യാമറ തന്നെ പ്രതീക്ഷിക്കാം. മുന്നില്‍ 7എംപി സെല്‍ഫി ക്യാമറയുമായിരിക്കാം നല്‍കുക.

 

∙ പുതുമ വിലയില്‍ മാത്രമോ?

 

ഐഫോണ്‍ XRന്റെ രീതിയിലായിരിക്കും നിര്‍മിതി എങ്കില്‍ ഡിസൈനില്‍ പുതുമ പ്രതീക്ഷിക്കേണ്ട. (അതേസമയം നോച്ച് ഒന്നുമില്ലാത്ത പഞ്ച്‌ഹോള്‍ ഡിസ്‌പ്ലെയുള്ള ഒരു ഐഫോണ്‍ എസ്ഇ പ്ലസിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ആപ്പിള്‍ അറിയാത്ത പണിക്കു പോകാനുള്ള സാധ്യത തീരെയില്ലെന്നും, അത്തരം ഒരു മാറ്റം ബജറ്റ് ഫോണില്‍ പ്രതീക്ഷിക്കേണ്ടെന്നും വാദിക്കുന്നവരാണ് കൂടുതല്‍.) പിന്നെ എന്തായിരിക്കും പുതുമ? ഐഫോണ്‍ XR ആപ്പിള്‍ എ12 ബയോണിക് പ്രോസസര്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എന്തായാലും പുതിയ മോഡല്‍ അതിലും കരുത്തുറ്റ പ്രോസസര്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക. എ13 ബയോണിക്, അല്ലെങ്കില്‍ എ14 ബയോണിക് ആയിരിക്കും ഫോണിനു കരുത്തു പകരുക. ഇത്ര കരുത്തന്‍ പ്രോസസറിന്റെ സാന്നിധ്യം, ധാരാളം പേരെ പുതിയ ഫോണിലേക്ക് ആകര്‍ഷിച്ചേക്കും. എന്നാല്‍, ഐഫോണ്‍ എസ്ഇ പ്ലസിനെ ഏറ്റവും ആകര്‍ഷകമാക്കുന്ന ഘടകം വില തന്നെയായിരിക്കും. ഈ മോഡലിന്റെ വില 499 ഡോളറായിരിക്കുമെന്നാണ് കൂടുതല്‍ പേരും വിശ്വസിക്കുന്നത്. ഫോണ്‍ ഇന്ത്യയ്ക്കു വെളിയിലാണ് നിര്‍മിക്കുന്നതെങ്കില്‍ 50,000 രൂപയ്ക്കു മുകളിലായിരിക്കും അവതരണ സമയത്തെ വില. എന്നാല്‍, ഇതിന്റെ നിര്‍മാണവും ഇന്ത്യയില്‍ തുടങ്ങിയാല്‍ ഫോണ്‍ 35,000 രൂപ വരെ താഴ്‌ന്നേക്കാം. കൂടാതെ, ഫോണിനൊപ്പം ധാരാളം ഓഫറുകളും നല്‍കിയേക്കുമെന്നതിനാല്‍, വില കുറഞ്ഞ പുതിയ ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കിയേക്കും. പുതിയ ഫോണ്‍ ഏപ്രിലില്‍ പുറത്തിറക്കിയേക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

 

∙ ഐഫോണ്‍ 13 സീരീസിലും ടച് ഐഡി തിരിച്ചെത്തുന്നു?

 

അതേസമയം, ഈ വര്‍ഷം രണ്ടാം പകുതിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ഐഫോണ്‍ 13 സീരീസിലും ടച് ഐഡി തിരിച്ചു കൊണ്ടുവന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഐഫോണ്‍ X മുതലുള്ള പ്രീമിയം മോഡലുകളിലാണ് ടച് ഐഡി എടുത്തു കളഞ്ഞിരിക്കുന്നത്. എന്നാല്‍, കൊറോണാവൈറസ് വ്യാപിച്ചതോടെ മാസ്‌ക് വയ്‌ക്കേണ്ടി വന്ന ഉപയോക്താക്കളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ പാസ്കോഡ് നല്‍കേണ്ടി വന്നിരുന്നു. ഇതു കാരണമാണ് ടച്‌ഐഡി തിരിച്ചുകൊണ്ടുവരാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്. അത് പവര്‍ ബട്ടണിലായിരിക്കും ഉള്‍ക്കൊള്ളിക്കുക എന്നും അതല്ല ഇന്‍-സ്‌ക്രീന്‍ ആയിരിക്കുമെന്നും പറയുന്നു.

 

English Summary: iPhone SE Plus is coming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com