sections
MORE

മൃഗങ്ങളെ കൊല്ലാതെയും തുകല്‍: വിവോ എക്‌സ്60 പ്രോ പ്ലസിലേത് വിശിഷ്ട വസ്തുവോ?

vivo-x60-pro
SHARE

ക്യാമറയിലടക്കം നിരവധി പ്രത്യേകതകളുള്ള സ്മാര്‍ട് ഫോണ്‍ ആണ് വിവോ എക്‌സ്60 പ്രോ പ്ലസ്. എന്നാല്‍, ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുവിനെക്കുറിച്ചുള്ള ജിജ്ഞാസ ഇപ്പോള്‍ കത്തിപ്പടരുകയാണ്. എക്‌സ്60 പ്രോ പ്ലസിന്റെ പിന്‍ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത് വീഗന്‍ തുകലാണ്. വീഗന്‍ എന്നു പറഞ്ഞാല്‍ സസ്യാഹാരം കഴിക്കുന്നയാള്‍ എന്നാണ് അര്‍ഥം. അതായത് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന തുകല്‍ മൃഗത്തിന്റേതല്ലെന്നാണ് ഉദ്ദേശിക്കുന്നത്. മാംസാഹാര നിഷേധികളെയും ലക്ഷ്യമിട്ടായിരിക്കാം കമ്പനി ഇക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നതെന്ന് കരുതാം. പക്ഷേ, ശരിക്കും വീഗന്‍ ലെതര്‍ എന്ന് ഒന്നുണ്ടോ എന്നാണ് മിക്കവരും അന്വേഷിക്കുന്നത്. അന്വേഷണം മുറുകുമ്പോഴാണ് പലരും ചിരിച്ചു പോകുന്നത്. നമ്മുടെ പഴയ റെക്‌സിന്‍ വരെ ഈ വിഭാഗത്തില്‍ പെടും! എന്തായാലും ഈ കൃത്രിമ പദാര്‍ഥത്തെക്കുറിച്ച് അറിഞ്ഞുവയ്ക്കാം.  

വിവോ ഫോണിന്റെ പരസ്യത്തിലെ ഈ ഭാഷാ പ്രയോഗം ആളുകളില്‍ ജിജ്ഞാസ പരത്തിയെങ്കിലും അവതരിപ്പിച്ച സാങ്കേതികവിദ്യ ഒട്ടും പുതിയതല്ലെന്ന് പെട്ടെന്ന് മനസ്സിലാകും. ഇത് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിര്‍മിച്ചിരുന്നതാണ്. ആദ്യ ഉദാഹരണങ്ങളിലൊന്ന് പേപ്പര്‍ പള്‍പ് ഉപയോഗിച്ച് ജര്‍മനിയില്‍ നിര്‍മിച്ചുവന്ന പ്രെസ്റ്റോഫ് ആണ്. നേരത്തെ സുപരിചിതമായ റെക്‌സിന്‍ മറ്റൊരു വകഭേദമാണ്. ഇത് ആദ്യമായി നിര്‍മിച്ചത് മാഞ്ചസ്റ്ററിലാണ്. തുണിയുടെ പ്രതലത്തില്‍ നൈട്രോസെല്ല്യുലോസ്, കര്‍പ്പൂര (camphor) എണ്ണ, മദ്യം, പിഗ്‌മെന്റ് തുടങ്ങിയവ സംയോജിപ്പിച്ചാണ് നിര്‍മിച്ചത്. തുകലിന്റെ തോന്നല്‍ ഉണ്ടാക്കിയിരുന്ന ഇത് ആദ്യകാലത്ത് ബുക്ക് ബൈന്‍ഡിങ്ങിനാണ് ഉപയോഗിച്ചുവന്നത്. പിന്നീട് വണ്ടികളുടെയും ട്രെയിനുകളുടെയും മറ്റും ഉള്‍ഭാഗത്തും ഉപയോഗിച്ചുവന്നു.

നിര്‍വചനപ്രകാരം, മൃഗങ്ങളുടെ ത്വക്കിനു പകരംവയ്ക്കാനുള്ള ഒന്നാണ് വീഗന്‍ ലെതര്‍. ഇതിന് മൃഗചര്‍മത്തിന്റെ പല ഗുണഗണങ്ങളും ഉണ്ടാകാമെങ്കിലും അതിനായി ഒരു മൃഗത്തെയും കൊല്ലേണ്ടി വരുന്നില്ലെന്നതാണ് പ്രധാന മേന്മ. രണ്ടു തരം വീഗന്‍ ലെതറുകളാണുളളത് - പഴയ രീതിയിലുള്ള സിന്തറ്റിക് വീഗന്‍ ലെതറും, അടുത്തകാലത്ത് വികസിപ്പിച്ചെടുത്ത ഓര്‍ഗാനിക് വകഭേദവും. സിന്തറ്റിക് വകഭേദത്തെക്കുറിച്ചു പറയുന്നത് ഇത് പെട്രോളിയം കേന്ദ്രീകൃത ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്നവയാണ് എന്നാണ്. ഏറ്റവും പ്രശസ്തമായ സിന്തെറ്റിക് വീഗന്‍ ലെതര്‍ നിര്‍മിച്ചിരിക്കുന്നത് പോളിവിനില്‍ ക്ലോറൈഡ് (പിവിസി) അല്ലെങ്കില്‍ പോളിയൂറതെയ്ന്‍ (പിയു) ഉപയോഗിച്ചാണ്. സ്വാഭാവിക വീഗന്‍ ലെതറിന്റെ കാര്യത്തിലേക്കു വന്നാല്‍ ഇതില്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴങ്ങൾ, കൂൺ എന്നിവയിൽ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ഓര്‍ഗാനിക് (സ്വാഭാവിക വീഗന്‍ ലെതറിന്റെ) നിര്‍മാണം.

ഈ രണ്ടു തരം വീഗന്‍ ലെതറുകളില്‍ എപ്പോഴും ഓര്‍ഗാനിക് വീഗന്‍ ലെതര്‍ ആണ് മികച്ചത്. ഇതിന്റെ നിര്‍മിതിക്കുള്ള ചില മാര്‍ഗനിര്‍ദ്ദേശങ്ങളും ഉണ്ട്. ഇവ ഉണ്ടാക്കാന്‍ കൂണുകള്‍, കള്ളിമുള്‍ച്ചെടികള്‍, കടല്‍ക്കളകള്‍ (algae), ഓറഞ്ച്, ആപ്പിള്‍ എന്നിവയുടെ തൊലി, പൈനാപ്പിളിന്റെ ഇലകള്‍, കോര്‍ക്ക്, ബാര്‍ക്ക്‌ക്ലോത്, പേപ്പര്‍ തുടങ്ങിയവ മാത്രമെ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദേശം. പഴയതരം വീഗന്‍ ലെതറുമായി താരതമ്യപ്പെടുത്തിയാല്‍ ഏതുതരത്തിലും അധിക ഗുണനിലവാരമുള്ളതാണ് അടുത്തകാലത്ത് വികസിപ്പിച്ചെടുത്ത ഓര്‍ഗാനിക് വീഗന്‍ ലെതര്‍.

ആര്‍ട്ടിഫിഷ്യല്‍ ലെതര്‍, സിന്തെറ്റിക് ലെതര്‍ എന്നീ പേരുകളിലും വീഗന്‍ ലെതര്‍ അറിയപ്പെടുന്നു. ഈ കൃത്രിമ വസ്തുവിന്റെ പേരിനൊപ്പം ത്വക്ക് എന്നു ചേര്‍ക്കാനും ഒരു കാരണമുണ്ട്- മൃഗങ്ങളുടെ തൊലി ഉപയോഗിക്കുമ്പോള്‍ സൃഷ്ടിക്കുന്ന തുകലിന്റെ പല ഗുണഗണങ്ങളും ഇതിനുണ്ട്, എന്നാല്‍ ഈ വസ്തു നിര്‍മിക്കാനായി മൃഗങ്ങളെ കൊല്ലേണ്ടിവരുന്നില്ല. അതായത് വീഗന്‍ ലെതറില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ഇല്ല. മിക്ക വിഭാഗത്തിലും പെടുന്ന വീഗന്‍ ലെതര്‍ പരിസ്ഥിതി സൗഹാര്‍ദ്ദവുമാണ്. പിയു, പിവിസി വീഗന്‍ ലെതറുകളാണ് ഇതിനൊരു അപവാദം.

മൃഗത്തോല്‍ വിവിധ തരത്തിലുള്ള സംസ്‌കരണങ്ങള്‍ കഴിഞ്ഞാണ് എത്തുന്നത്. ഇതിനു വിവിധ തരത്തിലുള്ള വിഷപദാര്‍ഥങ്ങളും ഉപയോഗിക്കപ്പെടുന്നു. ഇവ പ്രകൃതിക്കു ഹാനികരമാണ്. അതുപോലെ പിവിസി, പിയു സിന്തെറ്റിക് ലെതറും പ്രകൃതിക്ക് ദോഷം ചെയ്യുന്നു. വീണ്ടും സംസ്‌കരിച്ച് ഉപയോഗിക്കാവുന്ന ഓര്‍ഗാനിക് വീഗന്‍ ലെതറാണ് പറ്റുമെങ്കില്‍ ഉപയോഗിക്കേണ്ടത്. ഇവ മണ്ണില്‍ ഉപേക്ഷിച്ചാലും അവ പ്രകൃതിയോട് അലിഞ്ഞു ചേര്‍ന്നോളും. മനുഷ്യരുടെയോ മറ്റു ജീവജാലങ്ങളുടെയോ ആരോഗ്യത്തിനു ദോഷം ചെയ്യില്ലെന്നതു കൂടാതെ പ്രകൃതിയെ നശിപ്പിക്കുകയുമില്ല.

∙ ഏതു ലെതറാണ് നല്ലത്?

വീഗന്‍ ലെതറും മൃഗത്തോലും ലാബിലാണ് നിർമിച്ചെടുക്കുന്നത്. സിന്തെറ്റിക് ലെതറായാലും ഓര്‍ഗാനിക് ലെതറായാലും മിക്കപ്പോഴും മൃഗത്തോലിനേക്കാള്‍ കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന രീതിയില്‍ വേണമെങ്കില്‍ നിര്‍മിച്ചെടുക്കാം. വെറുതെയല്ല, ഫാഷന്‍ മേഖലയില്‍ പോലും ഇപ്പോള്‍ വീഗന്‍ ലെതര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സാധാരണ ലെതര്‍ (മൃഗത്തോല്‍) ആണെങ്കിലും വീഗന്‍ ലെതര്‍ ആണെങ്കിലും കാലക്രമത്തില്‍ നശിക്കും. പൊതുവെ പറഞ്ഞാല്‍ മൃഗത്തോലാണ് കൂടുതല്‍ കാലം നിലനില്‍ക്കുന്നത്. പിയു, പിവിസി ലെതറുകള്‍ക്ക് പോറല്‍ വീഴാം. എന്നാല്‍, ഓര്‍ഗാനിക് ലെതര്‍, ആനിമല്‍ ലെതര്‍ എന്നവയ്ക്ക് അത്തരം പ്രശ്‌നങ്ങള്‍ കുറവാണ്.

∙ ഗന്ധം

സിന്തെറ്റിക് വീഗന്‍ ലെതറിന് (പിവിസി, പിയു) പ്ലാസ്റ്റിക്കിന്റെയും രാസവസ്തുക്കളുടെയും ഗന്ധം ഉണ്ട്. ഇത് കാലക്രമത്തില്‍ ഇല്ലാതാകും. അതേസമയം, ഓര്‍ഗാനിക് വീഗന്‍ ലെതറിന് അത് എന്തുപയോഗിച്ചാണോ ഉണ്ടാക്കിയിരിക്കുന്നത് അതിന് അനുസരിച്ചായിരിക്കും മണം. ഉദാഹരണത്തിന് ആപ്പിള്‍ ലെതറിന് പച്ച ആപ്പിളുകളുടെ നേര്‍ത്തൊരു മണം ഉണ്ടായിരിക്കും. അതേസമയം, പൈനാപ്പിള്‍ ലെതറിന് മണം ഇല്ല. കൂൺ ഉപയോഗിച്ച് ഉണ്ടാക്കുന്ന ലെതറിന് മൃഗങ്ങളുടെ ത്വക് ഉപയോഗച്ച് ഉണ്ടാക്കുന്ന ലെതറിന്റെ മണമായിരിക്കും.

വീഗന്‍ ലെതറും, മൃഗത്തോല്‍ ഉപയോഗിച്ചു നിര്‍മിച്ച ലെതറും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. വീഗന്‍ ലെതറില്‍ സുഷിരങ്ങള്‍ ഉണ്ടെന്നു തോന്നാമെങ്കിലും അവ പ്രിന്റു ചെയ്തിരിക്കുന്നവയാണ്. ഇതിനാല്‍ തന്നെ ഇവയിലൂടെ കാറ്റുകടക്കുമെന്നു കരുതേണ്ട.

English Summary: Vivo X60 Pro Plus has Vegan Leather at its back. What does it mean?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA