ADVERTISEMENT

രാജ്യാന്തര സ്മാർട് ഫോൺ വിപണിയിൽ ആപ്പിളിന് വൻ നേട്ടമെന്ന് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ ആപ്പിൾ ഐഫോണുകളാണ് ഏറ്റവും കൂടുതൽ വിറ്റുപോയിരിക്കുന്നത്. വിറ്റുപോയ എണ്ണത്തിലും വരുമാനത്തിലും ഐഫോൺ തന്നെയാണ് മുന്നിൽ. രാജ്യാന്തര വിപണിയിലെ മൊത്തം വിൽപനയുടെ മൂന്നിലൊന്ന് വിഹിതം സ്വന്തമാക്കാനും ഐഫോണിന് സാധിച്ചു.

 

ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 12 പ്രോ മാക്സ് ആണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വരുമാന വിഹിതം പിടിച്ചെടുത്തത്. ഇക്കാലയളവിൽ ആഗോള സ്മാർട് ഫോൺ വരുമാനം 100 ബില്യൺ ഡോളറായിരുന്നു. ഏറ്റവും കൂടുതൽ വരുമാനം നേടിയ ആദ്യ പത്ത് ഹാൻഡ്സെറ്റുകളുടെ പട്ടികയിൽ ആപ്പിളും കൊറിയയുടെ സാംസങ്ങുമാണ് ആധിപത്യം പുലർത്തിയത്.

 

വരുമാനം അനുസരിച്ച്, ഐഫോൺ 12 പ്രോ മാക്സിന് പിന്നാലെ ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 11, സാംസങ് എസ് 21 അൾട്രാ 5 ജി എന്നിവയാണ് മുന്നിലെത്തിയത്. ചില പ്രദേശങ്ങളിൽ, ഹാൻഡ്സെറ്റുകളുടെ ഉയർന്ന വേരിയന്റുകൾ വാങ്ങാൻ ഉപയോക്താക്കൾ താൽപ്പര്യപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഐഫോൺ 12 പ്രോ മാക്സ് ആണ് യുഎസിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. യുഎസിലും യൂറോപ്പിലും സാംസങ്ങിന്റെ താഴ്ന്ന വേരിയന്റുകളേക്കാൾ കൂടുതൽ എസ് 21 അൾട്രാ 5ജി വിറ്റുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

എണ്ണത്തിന്റെ കാര്യത്തിൽ ഐഫോൺ 12 ആണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ. തൊട്ടുപിന്നാലെ ഐഫോൺ 12 പ്രോ മാക്സും ഐഫോൺ 12 പ്രോയും ഉൾപ്പെടുന്നു. ഐഫോൺ 11, ഐഫോൺ എസ്ഇ 2020 എന്നിവ ഒഴികെ പട്ടികയിലെ എല്ലാ മോഡലുകൾക്കും 5ജി ശേഷിയുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

 

English Summary: iPhone 12 series capture one third of global smartphone sales

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com