ADVERTISEMENT

ഇന്ത്യയിൽ വരാനിരിക്കുന്ന ചില പ്രധാന പദ്ധതികളെ കുറിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപനം നടത്തി. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കൊപ്പം ചേർന്ന് ഇന്ത്യയിൽ താങ്ങാനാവുന്ന വിലയ്ക്ക് സ്മാർട് ഫോൺ നിർമിച്ച് വിതരണം ചെയ്യുമെന്ന് പിച്ചൈ അറിയിച്ചു. ഇതൊരു 5ജി ഫോൺ ആയിരിക്കുമെന്നും സൂചനയുണ്ട്.

 

കഴിഞ്ഞ വർഷം ജിയോ പ്ലാറ്റ്‌ഫോമിലെ 7.7 ശതമാനം ഓഹരി 33,737 കോടി രൂപയ്ക്ക് ഗൂഗിൾ വാങ്ങിയിരുന്നു. എൻട്രി ലെവൽ, താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന സ്മാർട് ഫോൺ സംയുക്തമായി വികസിപ്പിക്കുന്നതിന് ഗൂഗിളും ജിയോ പ്ലാറ്റ്‌ഫോമുകളും നേരത്തെ തന്നെ വാണിജ്യ കരാറിൽ എത്തിയിരുന്നു.

 

സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയ്ക്ക് ഒരു ഫോൺ നിർമിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ പദ്ധതി വൻ വിജയകരമാകും, ഇതിനായി ഞങ്ങൾ അവരോടൊപ്പം (ജിയോ) പ്രവർത്തിക്കുന്നു എന്നും ഏഷ്യാ പസിഫിക്കിൽ നിന്നു തിരഞ്ഞെടുത്ത റിപ്പോർട്ടർമാരുമായുള്ള വെർച്വൽ കോൺഫറൻസിൽ പിച്ചൈ പറഞ്ഞു.

 

എന്നാൽ, ഹാൻഡ്സെറ്റ് പുറത്തിറക്കുന്ന സമയവും വിലനിർണയവും ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ പിച്ചൈ വെളിപ്പെടുത്തിയിട്ടില്ല. കുറഞ്ഞ ഡേറ്റാ നിരക്കുകൾക്കൊപ്പം താങ്ങാനാവുന്ന ഉപകരണങ്ങളുടെ ലഭ്യത രാജ്യത്തുടനീളമുള്ള കൂടുതൽ ആളുകൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായിക്കും.

 

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 'ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടിന്റെ' ഭാഗമായിരുന്നു ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഗൂഗിളിന്റെ നിക്ഷേപം. രാജ്യത്ത് ഡിജിറ്റൽ സാങ്കേതികവിദ്യകൾ ത്വരിതപ്പെടുത്തുന്നതിന് അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ 75,000 കോടി രൂപ (10 ബില്യൺ യുഎസ് ഡോളർ) ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള പദ്ധതികൾ കഴിഞ്ഞ ജൂലൈയിൽ പിച്ചൈ പുറത്തിറക്കിയിരുന്നു. ഈ വർഷാവസാനം മറ്റു ചില പ്രഖ്യാപനങ്ങൾ നടത്തുമെന്നും പിച്ചൈ വ്യാഴാഴ്ച പറഞ്ഞു.

 

∙ കുറഞ്ഞ വിലയ്ക്ക് ജിയോ 5ജി ഫോണുകൾ? സംഭവിക്കുക മറ്റൊരു ഡിജിറ്റൽ വിപ്ലവം!

 

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഒരു കൂട്ടം പദ്ധതികളാണ് അവതരിപ്പിക്കാൻ പോകുന്നത്. വരാനിരിക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) പുതിയ ഉൽപന്നങ്ങളും സേവനങ്ങളും പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഫെയ്സ്ബുക്, ഗൂഗിള്‍ തുടങ്ങിയ ആഗോള ടെക്‌നോളജി ഭീമന്മാരില്‍ നിന്നടക്കം നിക്ഷേപം സ്വീകരിച്ച് ജിയോ അടുത്ത അങ്കത്തിനായി ഗോദയിലേക്ക് ഇറങ്ങുകയാണ്. ഇന്ത്യ ഒരു ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയാകാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ നിരവധി ടെക്‌നോളജി ഉൽപന്നങ്ങളായിരിക്കും ജിയോ അവതരിപ്പിക്കുക.

 

'മെയ്ഡ് ഇന്‍ ഇന്ത്യ' മുതല്‍ പല ബാനറുകളും പതിപ്പിച്ചായിരിക്കും ജിയോയുടെ ഉല്‍പന്നങ്ങള്‍ അണിനിരക്കുക എന്നത് എതിരാളികളെ കുറച്ചൊന്നുമല്ല പേടിപ്പിച്ചിരിക്കുന്നത്. ഇവയില്‍ പ്രധാനപ്പെട്ടത് അടുത്ത തലമുറ ടെലികോം സാങ്കേതികവിദ്യയായ 5ജി നെറ്റ്‌വർക്കും അനുബന്ധ ഉൽപന്നങ്ങളുമായിരിക്കും. 5ജി നെറ്റ്‌വർക്ക് ലഭ്യമാക്കുമ്പോൾ തന്നെ അത് ഉപയോഗിക്കാനുള്ള ഉൽപന്നങ്ങളും കുറഞ്ഞ നിരക്കിൽ ജിയോ ഉറപ്പുവരുത്തിയേക്കും.

 

കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) ജിയോ 5 ജി ഫോൺ അവതരിപ്പിക്കുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ പറയുന്നത്. 2021 ന്റെ രണ്ടാം പകുതിയിൽ, മിക്കവാറും ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും ഇത് നടക്കുക. ചടങ്ങിൽ റിലയൻസ് ജിയോബുക്ക് എന്ന പുതിയ ലാപ്‌ടോപ്പ് പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. റിലയൻസ് ജിയോബുക്കിന്റെ സവിശേഷതകളും രൂപകൽപനയും നേരത്തെ പുറത്തുവന്നിരുന്നു.

 

എന്നാൽ, റിലയൻസ് ജിയോയുടെ 5ജി ഫോൺ സംബന്ധിച്ച് കുറച്ച് വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ജിയോയുടെ 5ജി ഫോണുകൾ അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുണ്ട്. ജിയോയുടെ 5ജി ഫോൺ കേവലം 2500 രൂപയ്ക്ക് ലഭ്യമായേക്കുമെന്നാണ് ചിലർ പ്രവചിക്കുന്നത്. ഈ വില നോക്കുമ്പോൾ ഫോണിന്റെ ഫീച്ചറുകൾ എൻട്രി ലെവൽ ആയിരിക്കുമെന്ന് കരുതാം. ഇത് ക്വാൽകോമിന്റെ 4xx സീരീസ് അല്ലെങ്കിൽ ചെലവ് കുറഞ്ഞ മീഡിയടെക് 5ജി ചിപ്‌സെറ്റ് ആകാനും സാധ്യതയുണ്ട്.

 

English Summary: Working closely with Jio to build affordable smartphone: Google CEO Sundar Pichai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com