ADVERTISEMENT

5ജി അധികം വൈകാതെ നമ്മുടെ രാജ്യത്തും എത്തും എന്നുറപ്പാണ്. ടെലികോം കമ്പനികൾ ട്രയൽ റൺ നടത്തുകയാണിപ്പോൾ. അതുകൊണ്ടുതന്നെ ഇപ്പോൾ സ്മാർട്ഫോൺ വാങ്ങുന്നവർ അത് രണ്ടു വർഷമെങ്കിലും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 5ജി ഫോൺ വാങ്ങുന്നത് നഷ്ടമല്ല. പ്രീമിയം ഫോൺ വിഭാഗത്തിൽ എല്ലാ കമ്പനികളും 5ജി ഫോൺ ഇറക്കുന്നു. അതിനു താഴെ മിഡ് റേഞ്ചിലും അതിനും താഴെ അഫോഡബിൾ റേഞ്ചിലുമൊക്കെ ഇപ്പോൾ 5ജി ഫോൺ കിട്ടിത്തുടങ്ങി. 

 

പ്രീമിയം ഫോൺ വിഭാഗത്തിലെ മിന്നും താരമായ വൺ പ്ലസ് കഴിഞ്ഞ വർഷം നോർഡ് സീരീസ് അവതരിപ്പിച്ചുകൊണ്ടാണ് അഫോഡബിൾ‌ പ്രീമിയം വിഭാഗത്തിലെത്തിയത്. 30,000 രൂപയിൽത്താഴെ വിലയ്ക്ക് 5ജി ഫോൺ അങ്ങനെ വൺ പ്ലസിന്റെ ആരാധകർക്കുകിട്ടി. ഇപ്പോഴിതാ നോർഡ് സിഇ എന്ന മോഡലിലൂടെ വൺ പ്ലസ് വീണ്ടും 5ജി ഫോണിന്റെ വില താഴ്ത്തിയിരിക്കുന്നു.

 

വളരെ ആകർഷകമായ രൂപകൽപനയാണ് നോർഡ് സിഇയുടേത്. 6.43 ഇഞ്ച് സ്ക്രീൻ, ഇടത്തേ മൂലയിൽ ക്യാമറ, പിന്നിൽ 3–ക്യാമറ സെറ്റപ്പ്. വൺ പ്ലസിന്റെ സ്വഭാവത്തിൽനിന്നുള്ള മാറ്റം വലതുവശത്തെ സ്ലൈഡർ ബട്ടൺ ഇല്ല എന്നതാണ്. സൈലന്റ്/ വൈബ്രേഷൻ മോഡിലേക്ക് മാറ്റാൻ വോള്യം ബട്ടൺ ഉപയോഗിക്കണം. അതേസമയം,പോസിറ്റീവ് ആയ ഒരു മാറ്റവുമുണ്ട്– 3.5എംഎം ഹെഡ്ഫോൺ ജാക്ക് ഉൾപ്പെടുത്തി. ഇതും ടൈപ് സി പോർട്ടും സ്പീക്കറും ചുവട്ടിലായി നൽകിയിരിക്കുന്നു.

oneplus-nord-ce-5g

 

പ്ലാസ്റ്റിക് ബോഡി ആണെന്നു തോന്നാത്തത്ര ക്വാളിറ്റിയുള്ള ബോഡിയാണ് 8 മില്ലിമീറ്ററിൽത്താഴെ മാത്രം കനമുള്ള നോർഡ് സിഇയ്ക്ക്. 90 ഹെട്സ് റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി പ്ലസ് അമൊലെഡ് ഡിസ്പ്ലേ തികച്ചും നല്ല അനുഭവം പ്രദാനം ചെയ്യുന്നു. 64 മെഗാപിക്സൽ മെയിൻ ക്യാമറ, 8 എംപി അൾട്രാ വൈഡ് എന്നിവയ്ക്കൊപ്പം 2എംപി ഡെപ്ത് സെൻസറും ചേർന്നതാണ് പിൻ ക്യാമറ സെറ്റപ്പ്. 16 എംപി ആണ് സെൽഫിക്കായി ഒരുക്കിയിട്ടുള്ളത്. പകൽ വെളിച്ചത്തിൽ ക്യാമറ ഒപ്പിയെടുക്കുന്ന മിഴിവുറ്റ ദൃശ്യങ്ങൾ മികച്ച സ്ക്രീനിൽ തെളിയുമ്പോൾ പ്രീമിയം ഫീൽ തന്നെ. വിഡിയോ 4കെ ആണ്.

 

സ്നാപ്ഡ്രാഗൺ 750 ജി പ്രോസസർ ഗെയിമിങ് ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കു കൂൾ ആയി ഉപയോഗിക്കാം. ആൻഡ്രോയ്ഡ് 11 അടിസ്ഥാനമായുള്ള ഓക്സിജൻ ഒഎസ് വളരെ യൂസർ–ഫ്രണ്ട്‌ലി ആണ്. 4500 എംഎഎച്ച് ബാറ്ററിയും 30 വാട്സ് ഫാസ്റ്റ്ചാർജിങ്ങുമാണുള്ളത്. 

 

6 ജിബി+128 ജിബി (22,999 രൂപ), 8 ജിബി+128 ജിബി (24,999 രൂപ), 12 ജിബി+ 256 ജിബി (27,999 രൂപ) എന്നീ വേരിയന്റുകളിൽ ലഭിക്കും. ഈ പ്രൈസ് റേഞ്ചിലും അതിനു തൊട്ടുമുകളിലും പ്രതീക്ഷിക്കാവുന്നതെല്ലാം നൽകുന്ന ‘കോർ എഡിഷൻ’ ഫോൺ തന്നെയാണിത്.  വലിയ റാം, സ്റ്റോറേജ് വേണ്ടാത്തവർക്ക് തികച്ചും ‘വാല്യൂ ഫോർ മണി’ ആയ തുടക്ക മോഡലുകളാണു ബെസ്റ്റ്.

 

English Summary: OnePlus Nord CE 5G: Best 5G smartphone under Rs 30,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com