ADVERTISEMENT

5ജി നെറ്റ്‌വർക്ക് സേവനങ്ങൾ തുടങ്ങിയിട്ടില്ലെങ്കിലും ഇന്ത്യയിൽ 5ജി ഹാൻഡ്സെറ്റുകളുടെ വിൽപന കുത്തനെ കൂടി. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 300 കോടി ഡോളറിന്റെ ( ഏകദേശം 22,215.42 കോടി രൂപ) 5ജി ഫോണുകളാണ് വിറ്റത്. വൺപ്ലസ്, ഒപ്പോ, റിയൽമി, സാംസങ്, വിവോ തുടങ്ങിയ ബ്രാൻഡുകളെല്ലാം 5ജി യ്‌ക്ക് മുൻ‌ഗണന നൽകുന്നുണ്ട്.

മൂന്നാം പാദത്തിൽ ഈ അഞ്ച് ബ്രാൻഡുകളും ചേർന്നാണ് 300 കോടിയുടെ 5ജി സ്മാർട് ഫോണുകൾ വിറ്റതെന്ന് സിഎംആറിലെ ഇൻഡസ്ട്രി ഇന്റലിജൻസ് ഗ്രൂപ്പിലെ അനലിസ്റ്റ് ശിപ്ര സിൻഹ പറഞ്ഞു. 5ജി സ്മാർട് ഫോണുകൾക്ക് വിപണിയിൽ ആവശ്യക്കാർ കൂടിയിട്ടുണ്ട്. ഇന്ത്യയിലെ മൊത്തത്തിലുള്ള സ്മാർട് ഫോൺ കയറ്റുമതിയിൽ 47 ശതമാനത്തിന്റെ മുന്നേറ്റം പ്രകടമാണ്.

ഇന്ത്യയിൽ 23 ശതമാനം വിപണി വിഹിതവുമായി ഷഓമി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 18 ശതമാനം വിപണി വിഹിതവുമായി സാംസങ് രണ്ടാം സ്ഥാനത്തും 15 ശതമാനം വിഹിതവുമായി വിവോ, റിയൽമി എന്നിവ മൂന്നാം സ്ഥാനത്തും ഒൻപത് ശതമാനവുമായി ഒപ്പോ നാലാം സ്ഥാനത്തുമാണ്. എന്നാൽ, മികച്ച അഞ്ച് ബ്രാൻഡുകളും വിൽപന നടത്തിയ യൂണിറ്റുകളുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി.

ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇല്ലെങ്കിലും ആപ്പിൾ കഴിഞ്ഞ വർഷത്തേതിനേക്കാൾ ഈ വർഷം 32 ശതമാനം വളർച്ച രേഖപ്പെടുത്തി. സൂപ്പർ പ്രീമിയം (50,000- 1,00,000 രൂപ) വിഭാഗത്തിൽ 84 ശതമാനം വിപണി വിഹിതവുമായി ആപ്പിൾ ഒന്നാമതെത്തി. ആപ്പിൾ ഐഫോൺ 12, ഐഫോൺ 11 എന്നിവയുൾപ്പെടെ പഴയ തലമുറ ഐഫോണുകളുടെ ശക്തമായ പ്രകടനം ആപ്പിളിന്റെ വിജയത്തിന് കാരണമായി. ഐഫോൺ 12-ഉം 11-ഉം ചേർന്ന് ഐഫോൺ കയറ്റുമതിയുടെ അഞ്ചിലൊന്നും സ്വന്തമാക്കി. 

വൺപ്ലസ് വിൽപന പോലും 68 ശതമാനം വളർച്ച രേഖപ്പെടുത്തി. വൺപ്ലസിന്റെ വിപണി വിഹിതത്തിന്റെ 40 ശതമാനവും നോർഡ് 2 ആയിരുന്നു. ഫീച്ചർ ഫോൺ വിൽപന 21 ശതമാനം ഇടിഞ്ഞു. ഫീച്ചർ ഫോണ്‍ വിഭാഗത്തിൽ 27 ശതമാനം വിപണി വിഹിതവുമായി ഐറ്റൽ ആധിപത്യം പുലർത്തുന്നു. 19 ശതമാനവുമായി ലാവ രണ്ടാമതും 14 ശതമാനവുമായി സാംസങ് മൂന്നാമതുമാണ്.

 

English Summary: Over $3 bn worth 5G smartphones shipped in India during Q3 2021: CMR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com