മോട്ടോ ജി പ്യൂവര്‍ റിവ്യൂ: കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍

moto-g-pure-
SHARE

പലരും ഒരിക്കലും ഉപയോഗിക്കാത്ത ഫീച്ചറുകള്‍ക്കാണ് വന്‍ വില കൊടുത്ത് സ്മാര്‍ട് ഫോണുകള്‍ സ്വന്തമാക്കുന്നത്. നിര്‍മാണ മികവ്, നല്ല ബാറ്ററി ലൈഫ്, ക്യാമറാ പ്രകടനം തുടങ്ങിയ ഫീച്ചറുകള്‍ അടങ്ങുന്ന, താരതമ്യേന വില കുറഞ്ഞ ഒരു ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ട് ഇറക്കിയിരിക്കുന്ന ഫോണാണ് മോട്ടോ ജി പ്യൂവര്‍. 20,000 രൂപയില്‍ താഴെ വില വരുന്ന, ഇന്നു ലഭ്യമായ ഫോണുകളില്‍ ഒന്നാണിത്. ഫോണിന്റെ പ്രധാന ന്യൂനതകളും അറിഞ്ഞിരിക്കണം - 1. അല്‍പം മന്ദതയുണ്ട്. 2. ഇക്കാലത്ത് 5ജി ആണ് താരം, പക്ഷേ ഈ ഫോൺ 4ജിയാണ്. 3. ഇന്റേണൽ സ്റ്റോറേജ് ശേഷി 32 ജിബിയാണ് ഉളളത്. ഇവയൊന്നും പോരായ്മകളായി കാണുന്നില്ലെങ്കില്‍ കൂടുതല്‍ അറിയാന്‍ വായിക്കുക:

ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി പ്യൂവറിന് 6.5-ഇഞ്ച് വലുപ്പമുള്ള എച്ഡി (1600 x 720) എല്‍സിഡി സ്‌ക്രീനാണ് ഉള്ളത്. അത്ര കരുത്തില്ലാത്ത, മിഡിയാടെക് ഹെലിയോ ജി25 ആണ് പ്രോസസര്‍. ഒരു വെബ്‌സൈറ്റ് തുറക്കുക, വേറൊരു ആപ്പിലേക്കു നീങ്ങുക, ക്യാമറ തുറക്കുക തുടങ്ങി എന്തു കാര്യവും ഒന്ന് അമാന്തിച്ച ശേഷം മാത്രമാണ് ഫോണിനു ചെയ്യാനാകുന്നത് എന്നത് കൂടുതല്‍ മികച്ച ഹാന്‍ഡ്‌സെറ്റ് ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് ബുദ്ധിമുട്ടാകും. പക്ഷേ, അത്തരക്കാര്‍ ഇത്തരം ഒരു ഫോണ്‍ വാങ്ങാന്‍ ശ്രമിക്കില്ല. മോട്ടോ ജി പ്യൂവറിന്റെ റാം 3 ജിബി ആണ്. ഇതും മികച്ച വേഗമുള്ള ഫോണ്‍ വേണമെന്നുള്ളവര്‍ക്ക് ഇഷ്ടക്കേടുണ്ടാക്കുന്ന കാര്യമാണ്. സ്റ്റോറേജ് ശേഷിയുടെ കുറവ് മൈക്രോഎസ്ഡി കാര്‍ഡിട്ട് ശരിയാക്കാം. അതേസമയം, ഫോണിന്റെ ബാറ്ററിചാർജ് രണ്ടു ദിവസം നീണ്ടു നില്‍ക്കുമെന്നാണ് മോട്ടോ അവകാശപ്പെടുന്നത്. എന്നാല്‍, മിതമായ ഉപയോഗമാണെങ്കിലേ 4000 എംഎഎച് ബാറ്ററി രണ്ടു ദിവസം നീണ്ടു നില്‍ക്കൂ. ഏഴു മണിക്കൂര്‍ സ്‌ക്രീന്‍ ടൈം ലഭിക്കും. പോക്കിമോന്‍ യുണൈറ്റ് തുടങ്ങിയ ഗെയിമുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ഏതാനും തവണ ക്രാഷ് ആയതിനു ശേഷമാണ് കളിക്കാനായത് എന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്.

∙ ഡിസൈന്‍

പിന്‍ പ്രതലം പ്ലാസ്റ്റിക്ക് ആണ്. ഐപി52 റേറ്റിങ് ആണ് ഫോണിനുള്ളത്. എന്നു പറഞ്ഞാല്‍ പൊടി കയറാതിരുന്നേക്കും, അല്‍പം വെള്ളം തെറിച്ചാലും പ്രശ്‌നമുണ്ടാകണമെന്നില്ല. പിന്നിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. ഇടതു വശത്താണ് പിന്‍ക്യാമറാ സിസ്റ്റം ഉറപ്പിച്ചിരിക്കുന്നത്. നല്ല സൂര്യപ്രകാശമുള്ള സമയത്ത് സ്‌ക്രീന്‍ വായിക്കാന്‍ അല്‍പം പ്രയാസമുണ്ട്. എന്നാല്‍, സ്‌ക്രീനിനു വലിയ കുഴപ്പം പറയാനുമില്ല. സിം കാര്‍ഡ്, മൈക്രോഎസ്ഡി കാര്‍ഡ് ട്രേ ഇടതു വശത്താണ്. വോളിയം, പവര്‍ ബട്ടണുകള്‍ വലതു വശത്തും. യുഎസ്ബി-സി പോര്‍ട്ട്, സ്പീക്കര്‍ ഗ്രില്‍, മൈക് ഹോള്‍ തുടങ്ങിയവ താഴെയാണ്.

∙ സോഫ്റ്റ്‌വെയര്‍

ആന്‍ഡ്രോയിഡിനെ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുക്കുന്ന കമ്പനികളിലൊന്നായാണ് മോട്ടോ അറിയപ്പെടുന്നത്. മോട്ടോ ജി പ്യൂവര്‍ അതിനൊരു അപവാദമല്ല. പീക്ക് ഡിസ്‌പ്ലേയില്‍ നോട്ടിഫിക്കേഷന്‍സ് കാണുന്നതും ഫ്‌ളാഷ് ലൈറ്റ് ഓണ്‍ ചെയ്യാനുള്ള ആംഗ്യവും എല്ലാം ഇത് എടുത്തുകാണിക്കുന്നു. എന്നാല്‍, ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് മാത്രമേ നല്‍കൂ എന്ന് മോട്ടോ പറഞ്ഞിരിക്കുന്നത് നിരാശാജനകമാണു താനും. അതേസമയം സുരക്ഷാ പാച്ചുകള്‍ നല്‍കാമെന്ന് കമ്പനി പറയുന്നുമുണ്ട്. എന്നാല്‍, ഇതും എപ്പോഴൊക്കെ, എത്ര കാലത്തേക്കു നല്‍കുമെന്നു വ്യക്തവുമല്ല. വൈ-ഫൈ, ബ്ലൂടൂത്ത് 5 തുടങ്ങിയവയെല്ലാം തരക്കേടില്ലാത്ത പ്രകടനം നടത്തുന്നു. പക്ഷേ, എന്‍എഫ്‌സി ഉള്‍പ്പെടുത്തിയിട്ടില്ല.

∙ ക്യാമറാ സിസ്റ്റം

പിന്നില്‍ ഒരു 13 എംപി എഫ് 2.2 ക്യാമറയാണ് ഉള്ളത്. ഒപ്പമുള്ള ലെന്‍സ് 2എംപി ഡെപ്ത് സെന്‍സറാണ്. മുന്നില്‍ 5എംപി ക്യാമറയാണ് ഉള്ളത്. അധികം പ്രകാശമില്ലാത്ത ഇടങ്ങളില്‍ പോലും പ്രധാന ക്യാമറ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നു. നിറങ്ങള്‍ അമിതമായി പൂരിതമാക്കുന്നില്ല എന്നത് വാസ്തവത്തില്‍ നല്ലൊരു കാര്യമാണ്. അമിത പ്രതീക്ഷ അര്‍പ്പിക്കുന്നില്ലെങ്കില്‍ പിന്‍ ക്യാമറയുടെ പ്രകടനം കുഴപ്പമില്ലെന്നു പറയാം. അതേസമയം, ഡിജിറ്റല്‍ സൂമും മറ്റും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് ഇന്റര്‍ഫെയ്‌സ് അത്ര മികച്ചതുമല്ല. ബാക്ക്ഗ്രൗണ്ട് ബ്ലർ ചെയ്യാൻ സാധിക്കുമെന്നത് മികച്ച ക്യാമറാ ഫീച്ചറുകളുടെ കൂട്ടത്തില്‍ എണ്ണാം. എച്ഡിആര്‍ മോഡ് പ്രയോജനപ്പെടുത്തിയാല്‍ തരക്കേടില്ലാത്ത ചിത്രങ്ങള്‍ അല്‍പം വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ അടക്കം പിടിച്ചെടുക്കാം. എന്നാല്‍, ക്യാമറ ഷൂട്ടിങ്ങിന് തയാറെടുക്കുന്നന്നതിനൊക്കെ ഒരു മന്ദത ഉണ്ടു താനും. സെല്‍ഫി ക്യാമറയെക്കുറിച്ച് അധികം പറയാനില്ല. ഇരു ക്യാമറകളിൽനിന്നുമുള്ള വിഡിയോ ഫുട്ടേജ് വളരെ മോശമാണെന്നു തോന്നുന്നുണ്ടെങ്കില്‍ അത് വളരെയധികം ഷാര്‍പ്പ് ആക്കാന്‍ ഫോണ്‍ ശ്രമിക്കുന്നതു കൊണ്ടാകാം.

∙ മോട്ടോ ജി പ്യൂവര്‍ വിജയിക്കുമോ?

എല്‍ജി ഫോണ്‍ നിര്‍മാണം നിർത്തിയതോടെ ആപ്പിളിനും സാംസങ്ങിനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് മോട്ടോ. വില കുറഞ്ഞ ഒരു ഫോണ്‍ മതി എന്നു വയ്ക്കുന്ന അമേരിക്കക്കാര്‍ വിജയിപ്പിച്ചാൽ രക്ഷപ്പെടും. പക്ഷേ, ഇന്ത്യ പോലെയൊരു വിപണിയില്‍ 20,000 രൂപയ്ക്ക് മറ്റനവധി ഫോണുകളില്‍നിന്ന് ശക്തമായ വെല്ലുവിളി മോട്ടോ ജി പ്യൂവര്‍ നേരിടേണ്ടി വരും.

∙ ആരാണ് ഈ ഫോണ്‍ വാങ്ങുന്നത് പരിഗണിക്കേണ്ടത്?

സ്പീഡ് അല്‍പം കുറവാണെങ്കിലും, വലിയ സ്‌ക്രീനുള്ള ഫോണ്‍ അധികം വില നല്‍കാതെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍. ധാരാളം ഫോട്ടോ എടുക്കാറില്ലെങ്കില്‍ മാത്രം. അതേസമയം, അധികം ഉപയോഗിക്കാതെ ഇടുന്ന ഒരു ബാക്ക് അപ് ഫോണ്‍ എന്ന നിലയില്‍ വേണമെങ്കില്‍ മോട്ടോ ജി പ്യൂവര്‍ പരിഗണിക്കാം.

moto-g-pure

∙ ആരാണ് പരിഗണിക്കരുതാത്തത്?

പല ആപ്പുകളും സേവനങ്ങളും മാറിമാറി ഉപയോഗിക്കുന്ന മള്‍ട്ടിടാസ്‌കിങ് പ്രേമികള്‍ ഈ ഫോണ്‍ പരിഗണിക്കരുത്.

കുറച്ചു കൂടി മികച്ച പ്രോസസറും കൂടുതല്‍ റാമും കൂടുതല്‍ സംഭരണ ശേഷിയും അല്‍പം കൂടി മികച്ച സ്‌ക്രീനും ഉള്‍ക്കൊള്ളിച്ചിരുന്നെങ്കില്‍ മികച്ച ഫോണ്‍ ആയേക്കാമായിരുന്ന ഒരു ഹാന്‍ഡ്‌സെറ്റാണ് മോട്ടോ ജി പ്യൂവര്‍ എന്നു പറയാം. നല്‍കുന്ന വില മുതലാകും എന്നു ഉറപ്പിച്ചു പറയാനാകാത്ത ഫോണാണ് ഇത്.

English Summary: Motorola Moto G Pure review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS