ADVERTISEMENT

കണ്‍സ്യൂമര്‍ സാങ്കേതികവിദ്യയ്ക്ക് ഏറ്റവുമധികം ഊര്‍ജം പകര്‍ന്ന ഉപകരണങ്ങളിലൊന്നായ ആദ്യ ഐഫോണ്‍ ഇറക്കിയത് 2007 ജനുവരി 9ന് ആയിരുന്നു. ഇന്നിപ്പോള്‍ നിങ്ങള്‍ ഐഫോണ്‍ ആണോ, ആന്‍ഡ്രോയിഡ് ഫോണ്‍ ആണോ ഉപയോഗിക്കുന്നത് എന്ന് ചിന്തിക്കുന്നതില്‍ വലിയ അര്‍ഥമില്ല. വേണ്ടതിലേറെ ഫീച്ചറുകള്‍ എല്ലാ സ്മാര്‍ട് ഫോണുകളിലും തന്നെ ഉണ്ട്. എന്നാല്‍, ഇതിനൊക്കെ തുടക്കമിട്ടത് ഐഫോണ്‍ ആണ്. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കടന്നുവരവ് ഇത്ര എളുപ്പമാക്കിയത് ആപ്പിളിന്റെ ആദ്യ ഐഫോണ്‍ തന്നെയാണ്. തുടര്‍ന്ന് സമാനമായ ഫോണുകള്‍ ആന്‍ഡ്രോയിഡ് ഒപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചും കമ്പനികള്‍ ഇറക്കുകയായിരുന്നു. ഐഫോണിന്റെ ചരിത്രം പരിശോധിക്കാം:

 

∙ 2007

 

ബ്ലാക്ബെറി, പാം, നോക്കിയയും മറ്റ് കീപാഡ് ഫോണ്‍ നിര്‍മാതാക്കളും അരങ്ങു വാണിരുന്നിടത്തേക്കാണ് ആപ്പിളിന്റെ അന്നത്തേ മേധാവി സ്റ്റീവ് ജോബ്സ് ആദ്യ ഐഫോണുമായി എത്തുന്നത്. കേവലം 3.5 സ്‌ക്രീന്‍ വലുപ്പമുള്ള ആദ്യ ഐഫോണിന്റെ തുടക്ക വേരിയന്റിന് കേവലം 4ജിബി ആയിരുന്നു സ്റ്റോറേജ് ശേഷി. ( ഈ 3.5-ഇഞ്ച് സ്‌ക്രീനിനെ ആയിരുന്നു ജോബ്സ് വളരെ വലിയ (huge) സ്‌ക്രീന്‍ എന്നു വിശേഷിപ്പിച്ചത് എന്നത് ഇന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു തമാശ.) റെസിസ്റ്റീവ് ടച്ചിനു പകരം കപ്പാസിറ്റീവ് ടച്ച് ടെക്നോളജി ഉപയോഗിച്ചു എന്നതായിരുന്നു ഐഫോണിന്റെ മികവുകളിലൊന്ന്. തുടക്ക വേരിയന്റിന് വില 499 ഡോളറായിരുന്നു.

 

∙ 2008

 

2008 ലണ് ഐഫോണ്‍ 3ജി പിറക്കുന്നത്. ജിപിഎസ് ട്രാക്കിങ്, ആപ് സ്റ്റോര്‍, പുഷ് നോട്ടിഫിക്കേഷന്‍സ് തുടങ്ങിയവയും ആദ്യമായി ഐഫോണിലെത്തിയതും ഈ വര്‍ഷമായിരുന്നു. 

 

∙ 2009

 

ഐഫോണ്‍ 3ജിഎസ് ആണ് ഈ വര്‍ഷം ഇറക്കിയത്. വോയിസ് കണ്ട്രോളിന്റെ തുടക്കം കാണാം. ക്യാമറയുടെ പ്രകടനത്തില്‍ മികവ് ശ്രദ്ധിക്കപ്പെടുന്നതും ഈ വേര്‍ഷനിലാണ്. തുടക്ക മേഡലിന് സ്റ്റോറേജ് ശേഷി 16 ജിബി ആയി ഉയര്‍ത്തപ്പെട്ടു. ദക്ഷിണ കൊറിയയില്‍ ആദ്യമായി വില്‍ക്കപ്പെടുന്ന ഐഫോണ്‍ എന്ന പേരും ഇതിന് ലഭിച്ചു.

 

∙ 2010

 

പുതിയ രൂപകല്‍പനാ രീതിയുമായി ഐഫോണ്‍ 4 എത്തുന്നു. എന്നാല്‍, ഇതിലാണ് ആദ്യമായി ഫെയ്സ്ടൈം കോളുകള്‍ അവതരിപ്പിക്കപ്പെടുന്നത്. ഐഫോണുകളുടെ സ്‌ക്രീനുകളെ റെറ്റിനാ ഡിസ്പ്ലേ എന്നു വിളിച്ചു തുടങ്ങുന്നതും ഈ മോഡല്‍ മുതലാണ്. ആന്റിന വച്ച രീതിയുടെ പ്രശ്നം കാരണം നെറ്റ്‌വര്‍ക്ക് റിസെപ്ഷന് ചെറിയ പ്രശ്നങ്ങളും ഇതിനുണ്ടായി.

 

∙ 2011

 

ഐഫോണ്‍ 4എസിലാണ് സിരി എന്ന വോയിസ് അസിസ്റ്റന്റ് കടന്നുവരുന്നത്. ഐഫോണ്‍ 4എസ് വില്‍പനയ്ക്കെത്തി (അവതരിപ്പിച്ചതല്ല) ഒരു ദിവസത്തിനു ശേഷം സ്റ്റീവ് ജോബ്സ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ മൂലം മരിക്കുകയും ചെയ്തു. 

iPhone-7

 

∙ 2012

 

സ്റ്റീവ് ജോബ്സിനു ശേഷം ആപ്പിള്‍ ആപ്പിള്‍ ആയി തുടര്‍ന്നേക്കില്ല എന്ന് കമ്പനിയുടെ ആരാധകര്‍ ഭയന്ന വര്‍ഷമാണിത്. ഐഫോണ്‍ 5ല്‍ എത്തിയ പ്രധാന ഹാര്‍ഡ്‌വെയര്‍ മാറ്റങ്ങളിലൊന്ന് ലൈറ്റ്നിങ് പോര്‍ട്ട് ആണ്. ഇന്നും ഐഫോണുകള്‍ ഈ പോര്‍ട്ട് ഉപയോഗിക്കുന്നു. സ്‌ക്രീനിന്റെ വലുപ്പവും വര്‍ധിപ്പിച്ചു.

iphone-x-faceid-apple

 

∙ 2013

iPhone-11

 

ആപ്പിള്‍ ആദ്യമായി രണ്ട് ഐഫോണുകള്‍ ഇറക്കുന്ന വര്‍ഷമാണിത്. ഐഫോണ്‍ 5എസ്, 5സി എന്നീ രണ്ടു മോഡലുകളാണ് കമ്പനി ഇറക്കിയത്. 5എസ് മോഡലിലാണ് ആദ്യമായി ടച്ച് ഐഡി വരുന്നത്. എയര്‍ഡ്രോപ്, പുതിയ ഹോം ബട്ടണ്‍, ക്യാമറയ്ക്ക് ബേസ്റ്റ് മോഡ്, സ്ലോ-മോ വിഡിയോ തുടങ്ങിയവയും പുതിയ മോഡലില്‍ എത്തി.

iphone-sale

 

∙ 2014

 

ശരിക്കും വലുപ്പക്കൂടുതലുള്ള സ്‌ക്രീനുള്ള ഫോണുകള്‍ കടന്നു വരുന്നു എന്നതാണ് ഈ വര്‍ഷത്തെ ഫോണുകളുടെ സവിശേഷത. ഐഫോണ്‍ 6, 6എസ് മോഡലുകള്‍ 4.7, 5.5-ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ളവയായിരുന്നു. ആപ്പിള്‍ പേ, ഹെല്‍ത് ആപ് എന്നിവയും ഈ മോഡലുകള്‍ക്കൊപ്പം എത്തി. സ്‌ക്രീന്‍ വലുപ്പം കൂടിയതോടെ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ മാര്‍ക്കറ്റുകളിലൊന്നായ ചൈനയില്‍ ഐഫോണുകള്‍ കൂടുതല്‍ എണ്ണം വിറ്റുപോയി.

 

∙ 2015

 

ഐഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നീ മോഡലുകളാണ് ഈ വര്‍ഷം അവതരിപ്പിക്കപ്പെട്ടത്. റോസ് ഗോള്‍ഡ് നിറത്തിലുള്ള ആദ്യ ഐഫോണ്‍ ഇറക്കിയത് ഈ വര്‍ഷമാണ്.

 

∙ 2016

 

പ്രീമിയം ഐഫോണുകള്‍ ഹെഡ്ഫോണ്‍ ജാക്കിനു വിട പറഞ്ഞ വര്‍ഷമാണിത്. ആദ്യമായി മൂന്നു മോഡലുകള്‍ ഇറങ്ങിയതും ഈ വര്‍ഷമാണ്. ഈ വർഷം ഐഫോണ്‍ 7, 7 പ്ലസ്, എസ്ഇ എന്നീ മോഡലുകള്‍ വില്‍പനയ്ക്കെത്തി. എസ്ഇ മോഡലിന് ഹെഡ്ഫോണ്‍ ജാക്ക് ഉണ്ടായിരുന്നു.

 

∙ 2017

 

ഐഫോണ്‍ ടെന്‍ മോഡലിന്റെ പിറവി ഈ വര്‍ഷമാണ് ഉണ്ടാകുന്നത്. പുതിയ ഡിസൈന്‍ ഭാഷയാണ് ഇത് കൊണ്ടുവന്നത്. ഐഫോണുകളില്‍ ഫെയ്സ് ഐഡി ആദ്യമായി വരുന്നത് ഈ ഫോണിലാണ്. ഒപ്പം ഐഫോണ്‍ 8, 8പ്ലസ് എന്നീ മോഡലുകളും ഇറങ്ങി. ഇവ പരമ്പരാഗത ഡിസൈന്‍ ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്.

 

∙ 2018

 

ഐഫോണ്‍ ടെന്‍എസ്, ടെന്‍എസ് മാക്സ്, ടെന്‍ ആര്‍ എന്നീ മൂന്നു മോഡലുകളാണ് ഇത്തവണ അവതരിപ്പിച്ചത്. ഇവയില്‍ മാക്സ് മോഡലിന്റെ സ്‌ക്രീന്‍ സൈസ് 6.5-ഇഞ്ച് ആയിരുന്നു. മികച്ച ക്യാമറാ ഫീച്ചറുകളും എത്തി.

 

∙ 2019

 

ഐഫോണ്‍ 11, 11 പ്രോ, 11 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ഇവയില്‍ പ്രോ മോഡലുകള്‍ക്കാണ് ആദ്യമായി മൂന്നു ക്യാമറാ സിസ്റ്റം ലഭിക്കുന്നത്.

 

∙ 2020

 

ഇത് ഏറ്റവുമധികം ഐഫോണുകള്‍ ഇറങ്ങിയ വര്‍ഷങ്ങളിലൊന്നാണ്. ഐഫോണ്‍ 12, 12 മിനി, 12 പ്രോ, 12 പ്രോ മാക്സ് എന്നിവ ഉള്‍ക്കൊള്ളുന്ന പ്രീമിയം ശ്രേണിക്കു പുറമെയാണ് ഐഫോണ്‍ എസ്ഇ രണ്ടാം തലമുറ ഇറങ്ങുന്നത്. ആദ്യമായി 5ജി എത്തുന്നതും ഈ മോഡലിലാണ്.

 

∙ 2021

 

ഐഫോണ്‍ 13, 13 മിനി, 13 പ്രോ, 13 പ്രോ മാക്സ് എന്നീ നാലു മോഡലുകളാണ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ബാറ്ററി ലൈഫ്, ക്യാമറ തുടങ്ങിയവയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഐഫോണ്‍ ടെന്‍ മോഡലില്‍ കൊണ്ടുവന്ന നോച്ചിന് വലുപ്പം കുറച്ചെങ്കിലും അത് എടുത്തു കളയാന്‍ കമ്പനിക്കു സാധിച്ചിട്ടില്ലെന്നത് ആപ്പിളിന്റെ കുറവായി കാണുന്നു. ആപ്പിളിനെ അനുകരിച്ച് സ്മാര്‍ട് ഫോണ്‍ നിര്‍മിച്ചു തുടങ്ങിയ പല ആന്‍ഡ്രോയിഡ് കമ്പനികളും അതൊക്കെ വര്‍ഷങ്ങള്‍ക്കു മുൻപേ ചെയ്തു കഴിഞ്ഞു. എങ്കിലും അടുത്ത ഐഫോണ്‍ ശ്രേണിയില്‍ ആപ്പിള്‍ എന്തെല്ലാം മാറ്റങ്ങളായിരിക്കും കൊണ്ടുവരിക എന്നറിയാന്‍ ലോകമെമ്പാടുമുള്ള ടെക്നോളജി പ്രേമികള്‍ കാത്തിരിക്കുന്നു എന്നതു തന്നെയാണ് ആപ്പിളിന്റെ മിടുക്ക്. 

 

English Summary: 15 Years Ago Today, Steve Jobs Introduced the Most Successful Product in History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com