ADVERTISEMENT

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രാദേശികവല്‍ക്കരണത്തിന് നല്‍കിയ ഊന്നല്‍ ഫലംകണ്ടു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ആഗോള ഇലക്ട്രോണിക്‌സ് നിര്‍മാണ മേഖലയിലെ കരുത്തുറ്റ കണ്ണിയാകാന്‍ ശ്രമിക്കുന്ന ഇന്ത്യ അതിലേക്ക് ഇറങ്ങാന്‍ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാനായി കൂടുതല്‍ പുതിയ നയങ്ങളും പ്രോത്സാഹന പദ്ധതികളും ആവിഷ്‌കരിച്ചേക്കുമെന്നും കരുതുന്നു. നിലവിൽ ആപ്പിളിന്റെ നിരവധി മോഡൽ ഐഫോണുകൾ ഇന്ത്യയിൽ നിര്‍മിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ 13 ന്റെ നിർമാണവും രാജ്യത്ത് തുടങ്ങി എന്നാണ് പുതിയ റിപ്പോർട്ട്.

 

modi-tim-cook

ഐഫോൺ 13 നിർമാണം ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നിന്റെ സാന്നിധ്യം വർധിപ്പിക്കുകയും സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതാണ്. ചെന്നൈയ്ക്ക് സമീപം ശ്രീപെരുംപുത്തൂരിലുള്ള ഫോക്‌സ്‌കോണിന്റെ പ്ലാന്റിലാണ് ഐഫോൺ 13 യൂണിറ്റുകൾ നിർമിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 13 ഇന്ത്യയിൽ നിർമാണം തുടങ്ങിയെങ്കിലും വിലയിൽ ഇടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.

 

പ്രാദേശിക ഉപഭോക്താക്കൾക്കായി ഇന്ത്യയിൽ തന്നെ ഐഫോൺ 13 നിർമിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന്  ആപ്പിൾ ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ ആപ്പിളിന്റെ നിർമാണ പങ്കാളികളായ ഫോക്‌സ്‌കോണും വിസ്‌ട്രോണും ഇതിനകം തന്നെ പഴയ ഐഫോൺ മോഡലുകൾ നിർമിക്കുന്നുണ്ട്. എന്നാൽ ഐഫോൺ 13 ആദ്യം ഫോക്‌സ്‌കോണിന്റെ പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആപ്പിളിന്റെ മൂന്നാമത്തെ പങ്കാളിയായ പെഗാട്രോണും ഈ മാസം ഉൽപാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ ഇപ്പോൾ ഐഫോൺ 13, ഐഫോൺ 12, ഐഫോൺ 11 എന്നിവ പ്രാദേശികമായി നിർമിക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാം അടിസ്ഥാന മോഡലുകൾ മാത്രമാണ്. നിലവിൽ പ്രോ മോഡലുകളൊന്നും ഇന്ത്യയിൽ നിർമിക്കുന്നില്ല.

 

English Summary: Apple reportedly begins manufacturing iPhone 13 in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com