ADVERTISEMENT

ഉപഭോക്താക്കളുടെ പഴയ ഐഫോൺ മോഡലുകൾ മുൻ‌കൂട്ടി അറിയിക്കാതെ മന്ദഗതിയിലാക്കിയതിന് 15 ഡോളർ വീതം നൽകാൻ ഉത്തരവ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് നേരിടുന്ന ആപ്പിള്‍ ഇക്കാര്യത്തിൽ നേരത്തേ തന്നെ ഐഫോണ്‍ ഉപയോക്താക്കളോടു പരസ്യമായി മാപ്പു ചോദിച്ചിരുന്നു.

2015-ലെ ഐഒഎസ് 9 അപ്‌ഡേറ്റിനു ശേഷം കമ്പനി ബോധപൂർവം ഐഫോൺ 4എസ് ഹാൻഡ്സെറ്റുകൾ മന്ദഗതിയിലാക്കിയെന്ന് ആപ്പിൾ ഉപയോക്താക്കൾ ആരോപിച്ചിരുന്നു. ഈ കേസിൽ ആറ് വർഷം നീണ്ട ക്ലാസ് ആക്ഷൻ വ്യവഹാരം തീർപ്പാക്കാൻ ആപ്പിൾ ഒടുവിൽ സമ്മതിക്കുകയും ഓരോ ഉപയോക്താക്കൾക്കും 15 ഡോളർ നൽകാനും തീരുമാനിച്ചു. ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും ഒരു കൂട്ടം ഐഫോൺ 4എസ് ഉപയോക്താക്കളാണ് 2015 ഡിസംബറിൽ കേസ് ഫയൽ ചെയ്തത്.

ഉപയോക്താക്കൾ അവരുടെ ഐഫോൺ 4എസ് ഹാൻഡ്സെറ്റുകളിൽ ഐഒഎസ് 9 അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്‌തപ്പോൾ ഫോണിന്റെ പ്രകടനം ഗണ്യമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആപ്പിൾ അതിന്റെ പരസ്യത്തിൽ പുതിയ ഐഒഎസ് 9 ‘വേഗമുള്ളതും കൂടുതൽ പ്രതികരിക്കുന്നതും’ ആണെന്ന് പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ ഐഫോൺ 4എസിൽ ഇതൊന്നും സംഭവിച്ചില്ല. അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്‌തപ്പോൾ ഫോണിന്റെ പ്രകടനം മോശമാകുകയാണ് ചെയ്തത്.

ഞങ്ങളുടെ ഫോണ്‍ സ്ലോ ആയത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയായിരുന്നുവെന്ന് ആപ്പിള്‍ ഉപഭോക്താക്കളെ അറിയിക്കേണ്ടതായിരുന്നു എന്നാണ് പരാതിക്കാരുടെ വാദം. കൂടാതെ ബാറ്ററി മാറ്റിവച്ചാല്‍ പ്രവര്‍ത്തനം പഴയപടിയാകുമെന്ന കാര്യവും തങ്ങളില്‍ നിന്നു മറച്ചു വച്ചുവെന്ന് ആരോപണമുണ്ട്. ഇതറിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ ബാറ്ററി മാറ്റുമായിരുന്നു, പുതിയ ഫോണ്‍ വാങ്ങേണ്ടി വരില്ലായിരുന്നു എന്നാണ് ഉപയോക്താക്കളുടെ നിലപാട്. പുതിയ ഉത്തരവ് പ്രകാരം ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക വെബ്‌സൈറ്റ് സജ്ജമാക്കും. അവിടെ അവർക്ക് ഫോം സമർപ്പിക്കാനും ആപ്പിളിൽ നിന്ന് തുക ക്ലെയിം ചെയ്യാനും കഴിയുമെന്നും അറിയിച്ചിട്ടുണ്ട്. 

English Summary: Apple to pay $15 to iPhone 4s users for allegedly slowing down the devices 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com