ADVERTISEMENT

ആഡംബര ഐഫോണുകളും ആക്‌സസറികളും നിർമിക്കുന്നതിന് പേരുകേട്ട കാവിയാർ ബ്രാൻഡിന്റെ പുതിയ ഐഫോൺ 14 പ്രോ പുറത്തിറങ്ങി. പിൻ പാനലിൽ വിലകൂടിയ റോളക്‌സ് ഡേടോണ വാച്ചോടുകൂടിയ ഐഫോൺ 14 പ്രോയാണ് അവതരിപ്പിച്ചത്. 133,670 ഡോളർ (1.1 കോടിയിലധികം രൂപ) ആണ് ഇതിന്റെ വില.

 

ഇത്തരത്തിലുള്ള മൂന്ന് ലിമിറ്റഡ് എഡിഷൻ ഐഫോൺ 14 പ്രോ മോഡലുകൾ മാത്രമാണ് നിർമിച്ചിരിക്കുന്നത്. ഇതിന് പിന്നിൽ ഗോൾഡൻ റോളക്സ് ഡേടോണ വാച്ചാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 18കെ ഗോൾഡ് ഡാഷ്‌ബോർഡ് ഡയലുകൾ ഉപയോഗിച്ച് നിർമിച്ച വാച്ച് പൂർണമായും പ്രവർത്തനക്ഷമമാണ്. എന്നാൽ, ഇതിന്റെ സ്വിച്ചുകൾ പ്രദർശനത്തിന് മാത്രമുള്ളതാണെന്നും പറയുന്നുണ്ട്.

 

റോളക്സ് വാച്ച് ബോഡിയിൽ ഘടിപ്പിച്ച ഐഫോൺ 14 പ്രോയാണ് ഇത്തവണത്തെ പുതുമയെന്ന് റഷ്യൻ ലക്ഷ്വറി ബ്രാൻഡ് കാവിയാർ പറഞ്ഞു. ആപ്പിളിന്റെ ഐഫോണുകള്‍ വാങ്ങി അവയ്ക്ക് സ്വന്തംനിലയില്‍ സംരക്ഷണാവരണങ്ങള്‍ ചേർത്ത് വന്‍ വിലയ്ക്കു വില്‍ക്കുകയാണ് കാവിയര്‍ ചെയ്യുന്നത്. ഗോൾഡൻ റോളക്സ് ഡേടോണ ഒരു കലാസൃഷ്ടിയാണ്. ഇതിപ്പോൾ ഏറ്റവും പുതിയ ആപ്പിൾ സ്മാർട് ഫോണുമായി സംയോജിപ്പിച്ചിരിക്കുന്നു എന്നാണ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത്.

 

റേസിങ് വേഗത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ച കാംബെലിന്റെ ബ്ലൂ ബേർഡ് പോലുള്ള 1930കളിലെ റേസിങ് കാറുകളുടെ സ്റ്റൈലിലാണ് ഫോൺ ബോഡി നിർമിച്ചിരിക്കുന്നത്. സ്വർണം കൊണ്ട് നിർമിച്ച അലങ്കാര സ്പീഡോമീറ്ററുകളും സ്വിച്ചുകളും സൂപ്പർകാറിന്റെ ഡാഷ്‌ബോർഡിന്റെ ഡിസൈനും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 14 പ്രോയുടെ പിന്നിലെ റോളക്‌സ് ഡേടോണ പെർപെച്വൽ മെക്കാനിസം, മെക്കാനിക്കൽ ക്രോണോഗ്രാഫ്, ഓട്ടമാറ്റിക് വൈൻഡിങ്, വൈൻഡിങ് ക്രൗൺ എന്നിവയുമായാണ് വരുന്നത്.

 

ഇൻസ്ട്രുമെന്റ് പാനലിലെ അലങ്കാര ഡയലുകൾ സ്പീഡോമീറ്റർ, ഓയിൽ, ഇന്ധന ഇൻഡിക്കേറ്റർ എന്നിവ ഉൾക്കൊള്ളുന്നു. കൂടാതെ വാച്ചിൽ ആഭരണ ഇനാമലും പെയിന്റ് ചെയ്തിട്ടുണ്ട്. സ്വിച്ചുകൾ പ്രവർത്തനക്ഷമമാണെന്നും പക്ഷേ അലങ്കാര ആവശ്യങ്ങൾക്ക് മാത്രമാണെന്നും കാവിയാർ പറയുന്നുണ്ട്. ബ്ലാക്ക് ഡയലുകൾ, കേസുകൾ, ബ്രേസ്‌ലറ്റുകൾ എന്നിവ നിർമിക്കാൻ റോളക്സ് ഉപയോഗിക്കുന്ന കറുത്ത പിവിഡി കോട്ടിങ് ഉപയോഗിച്ച് ടൈറ്റാനിയം പൂശിയാണ് കേസിന്റെ മൾട്ടി ലെവൽ ബോഡി നിർമിച്ചിരിക്കുന്നത്.

 

English Summary: Caviar designs Rs 1.1 cr iPhone 14 Pro with Rolex Daytona watch on its back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com