ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഗ്യാലക്‌സി എസ് 23 സീരീസ് സ്മാർട് ഫോണുകളും കമ്പനിയുടെ നോയിഡ ഫാക്ടറിയിൽ നിർമിക്കുമെന്ന് സാംസങ് അറിയിച്ചു. നോയിഡ ഫാക്ടറിയിലെ നിർമാണത്തിലൂടെ ഇന്ത്യയിൽ വിതരണം ചെയ്യാൻ വേണ്ട ഹാൻഡ്സെറ്റുകളുടെ ഭൂരിഭാഗവും ലഭ്യമാക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഗ്യാലക്‌സി എസ് 23 സീരീസിലെ ഗ്യാലക്‌സി എസ് 23 അൾട്രാ, ഗ്യാലക്‌സി എസ് 23+, ഗ്യാലക്‌സി എസ് 23 എന്നിവയാണ് പ്രാദേശികമായി നിർമിക്കുക. ഇന്ത്യയെ ആഗോള മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2018 ലാണ് സാംസങ് ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറി നോയിഡയിൽ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫാക്ടറി ഉദ്ഘാടനം ചെയ്തത്.
പ്രീമിയം സ്മാർട് ഫോണുകളുടെയും ലാപ്‌ടോപ്പുകളുടെയും ഇന്ത്യയിലെ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കൊതിപ്പിക്കുന്ന സ്‌ക്രീന്‍ ടെക്‌നോളജിയും കൂറ്റന്‍ ക്യാമറ അപ്‌ഗ്രേഡുമായാണ് സാംസങ്ങിന്റെ ഈ വര്‍ഷത്തെ ഹാൻഡ്സെറ്റ് ഗ്യാലക്‌സി എസ്23 അള്‍ട്രാ എത്തിയിരിക്കുന്നത്. കുഞ്ഞു സെന്‍സറില്‍ മറ്റൊരു പ്രീമിയം ഫോണിനുമില്ലാത്തത്ര മെഗാപിക്‌സലുകള്‍ കുത്തിനിറച്ചാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഇതിന്റെ പ്രകടനം എങ്ങനെയിരിക്കുമെന്ന കാര്യവും ഇപ്പോള്‍ സ്മാര്‍ട് ഫോണ്‍ ഫാന്‍സിനിടയില്‍ ജിജ്ഞാസ വളര്‍ത്തിയിരിക്കുകയാണ്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 എന്ന പ്രോസസർ സാംസങ്ങിന് മാത്രമായി നിര്‍മിച്ചു നല്‍കിയതാണ് ചിപ്പ് നിര്‍മാണ കമ്പനിയായ ക്വാല്‍കം എന്നതും ഒരു പ്രത്യേകതയാണ്.
ടെക്‌നോളജി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രീമിയം സ്മാര്‍ട് ഫോണ്‍ ശ്രേണി പരിചയപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ ഭീമന്‍ സാംസങ്. പറഞ്ഞുകേട്ടതു പോലെ ഗ്യാലക്‌സി എസ്23, എസ്23 പ്ലസ്, എസ്23 അള്‍ട്രാ എന്ന പേരുകളില്‍ മൂന്നു മോഡലുകളാണ് ഇറക്കിയിരിക്കുന്നത്. എസ്23 അള്‍ട്രായുടെ പ്രധാന ക്യാമറ എന്തെങ്കിലും മാജിക് കാണിക്കുമോ എന്നാണ് സാംസങ് ഫാന്‍സും എതിരാളികളും ഉറ്റുനോക്കുന്നത്.
English Summary: Samsung Galaxy S23 Series sold in India to be manufactured locally