ADVERTISEMENT

ഗൂഗിളിന്റെ പുതിയ സ്മാർട് ഫോൺ പിക്സല്‍ 7എ ഇന്ത്യയില്‍ അവതരിപ്പിച്ചു. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന്റെ ഇന്ത്യയിലെ വില 43,999 രൂപയാണ്. ഐ/ഒ 2023 ഡെവലപ്പർ ഇവന്റിലാണ് പുതിയ ഉല്‍പന്നങ്ങളെല്ലാം ഗൂഗിൾ പുറത്തിറക്കിയത്. പിക്സല്‍ 7എ ഹാൻഡ്സെറ്റ് കൂടാതെ പുതിയ പിക്‌സൽ ഫോൾഡ് ഫോണും പിക്‌സൽ ടാബ്‌ലെറ്റും അവതരിപ്പിച്ചു. ഗൂഗിളിന്റെ എ-സീരീസ് സ്‌മാർട് ഫോണുകളിൽ മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഒന്നാണ് പിക്‌സൽ 7എ. പിക്സൽ 7, പിക്സൽ 7 പ്രോ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഗൂഗിൾ പിക്സല്‍ 7എയിൽ മികച്ച പ്രോസസർ, ക്യാമറകൾ, വയർലെസ് ചാർജിങ്, കൂടാതെ ചില പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

പിക്സൽ 7എ മേയ് 11 മുതൽ ഫ്ലിപ്കാർട്ടിൽ വിൽപനയ്‌ക്കെത്തും. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 4,000 രൂപയുടെ ഇളവാണ് ലഭിക്കുക. ഇതോടെ 39,999 രൂപയ്ക്ക് പിക്സൽ 7എ ലഭിക്കും. ചാർക്കോൾ, സ്നോ, സീ എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് പിക്സൽ 7 എ ലഭ്യമാകുക.

 

90Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഓലെഡ് ഡിസ്‌പ്ലേയാണ് ഗൂഗിൾ പിക്സൽ 7എ വാഗ്ദാനം ചെയ്യുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ പരിരക്ഷയുള്ള ഡിസ്‌പ്ലേ എച്ച്ഡിആർ ഫീച്ചറുമായാണ് വരുന്നത്. ഫിംഗർപ്രിന്റ് സ്‌കാനർ ഡിസ്‌പ്ലേയിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

ഏറ്റവും പുതിയ ടെൻസർ ജി2 ആണ് ഗൂഗിൾ പിക്സൽ 7എലെ പ്രോസസർ. ഗൂഗിളിന്റെ പ്രീമിയം ഹാൻഡ്സെറ്റുകളായ പിക്‌സൽ 7, പിക്‌സൽ 7 പ്രോ എന്നിവയിലും ഇതേ പ്രോസസർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ടൈറ്റൻ എം2 സെക്യൂരിറ്റി കോ-പ്രൊസസറിനൊപ്പം വരുന്ന പ്രോസസറിന് 8 ജിബി എൽപിഡിഡിആർ 5 റാമും 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ലഭ്യമാണ്. വൈ–ഫൈ, ബ്ലൂടൂത്ത് വി5.3, എൻഎഫ്സി എന്നിവയുണ്ട്. താഴെ ഒരു യുഎസ്ബി ടൈപ്പ്-സി (3.2 ജെൻ 2) പോർട്ടും ഉണ്ട്.

 

4,385 എംഎഎച്ച് ആണ് ബാറ്ററി. ഇത് പിക്സൽ 6എയുടെ ബാറ്ററിയേക്കാൾ ചെറുതാണ്. കൂടാതെ ബോക്സിൽ ചാർജർ നൽകുന്നില്ല. എന്നാൽ, ഗൂഗിൾ ആദ്യമായി പിക്സൽ 7 എയിൽ വയർലെസ് ചാർജിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൂഗിൾ പിക്സൽ 7എയിലെ ക്യാമറകൾ മുൻ മോഡലിനെ അപേക്ഷിച്ച് ശ്രദ്ധേയമായ ചില മാറ്റങ്ങളുമായാണ് വന്നിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് പിക്സൽ 7 എ വാഗ്ദാനം ചെയ്യുന്നത്. അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 13 മെഗാപിക്സൽ സെൻസറിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ‌13 മെഗാപിക്സൽ സെൻസറുള്ള സെൽഫി ക്യാമറയ്ക്കും ഇത് ബാധകമാണ്. 193.5 ഗ്രാം ആണ് ഭാരം.

 

English Summary: Google Pixel 7a With Tensor G2 SoC, 64-Megapixel Camera Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com