ADVERTISEMENT

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാനറിയാത്തവര്‍ക്കും വയര്‍ലെസ് പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന രണ്ടു നോക്കിയ ഫോണുകള്‍ പുറത്തിറങ്ങി. നോക്കിയ 105 (2023), നോക്കിയ 106 4ജി എന്ന പേരില്‍ ഇറക്കിയിരിക്കുന്ന രണ്ടു ഫീച്ചര്‍ ഫോണുകള്‍ക്ക് വയര്‍ലെസ് പണമിടപാട് നടത്താനള്ള ശേഷി ഉണ്ടെന്ന് കമ്പനി അറിയിച്ചു. ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന യുപിഐ 123 പേ (UPI 123PAY) ഫങ്ഷണാലിറ്റിയാണ് ഇവയെ സാധാരണ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതുവഴി സുരക്ഷിതമായും സങ്കീര്‍ണതകളില്ലാതെയും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു.

 

നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഫീച്ചര്‍ ഫോണുകള്‍ വഴി തത്ക്ഷണ പേമെന്റ് നടത്താനായി അതരിപ്പിച്ചതാണ് യുപിഐ 123 പേ. ഇതുപയോഗിച്ച് യൂണിഫൈഡ് പേമന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യുപിഐ) പേമെന്റ് സുരക്ഷിതമായി നടത്താം. നാലു രീതിയിലായിരിക്കും നോക്കിയ 105 (2023), നോക്കിയ 106 4ജി മോഡലുകള്‍ക്ക് യുപിഐ 123 പേ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. ഇന്ററാക്ടിവ് വോയിസ് റെസ്‌പോണ്‍സ് നമ്പറിലേക്ക് (ഐവിആര്‍) വിളിക്കുക, ഫോണുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്തിരിക്കുന്ന ആപ് ഉപയോഗിക്കുക, മിസ്ഡ് കോള്‍ വഴി പ്രോക്‌സിമിറ്റി സൗണ്ട് കേന്ദ്രീകൃതമായി ഇടപാടുകൾ നടത്തുക എന്നിവയാണ് നിലവിൽ ലഭ്യമായ വഴികൾ.

 

∙ മികച്ച ബാറ്ററി ലൈഫ്

 

നോക്കിയ 105 (2023), നോക്കിയ 106 4ജി മോഡലുകള്‍ക്ക് അവിശ്വസനീയമായ ബാറ്ററി ലൈഫ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ലാളിത്യവും വിലക്കുറവുമാണ് ഇവയുടെ മറ്റു പ്രധാന ഫീച്ചറുകള്‍. നോക്കിയ ഫോണുകളില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന വിശ്വസനീയതയും ഉറപ്പും ഈ മോഡലുകള്‍ക്ക് ഉണ്ടായിരിക്കുമെന്ന് നോക്കിയ ഫോൺ നിർമാതാക്കളായ എച്എംഡി ഗ്ലോബല്‍ പറയുന്നു. നോക്കിയ 105 (2023), നോക്കിയ 106 4ജി മോഡലുകള്‍ ഇന്ന് വിപണിയിൽ ലഭ്യമായ ഇത്തരം ഫോണുകളില്‍ വച്ച് മികച്ചവയാണെന്നും ഇവയില്‍ ലഭ്യമാക്കിയിരിക്കുന്ന യുപിഐ 123 പേ ഇവയെ കാലത്തിന് അനുയോജ്യമായ മോഡലുകളാക്കുന്നു എന്നും എച്എംഡി ഗ്ലോബലിന്റെ വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ അവകാശപ്പെട്ടു. സുരക്ഷിതമായ പണമിടപാട് നടത്താന്‍ ഇവ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കും യുപിഐ 123 പേ ഫീച്ചര്‍ ഇനി പ്രയോജനപ്പെടുത്താം. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാവുന്നവരും ഇല്ലാത്തവരും തമ്മില്‍ സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന വിഭജനം കുറയ്ക്കാനുള്ള ശ്രമമാണ് തങ്ങളുടേതെന്നും അദ്ദേഹം അറിയിച്ചു.

 

യുപിഐ 123 പേ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നതില്‍ നോക്കിയയുമായി സഹകരിക്കാനായതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് എന്‍പിസിഐ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രവീണാ റായ് പ്രതികരിച്ചു. കൂടുതല്‍ പേരിലേക്ക് യുപിഐ 123 പേ എത്തിക്കാന്‍ ഇതുവഴി സാധിക്കും. ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളും ഡിജിറ്റല്‍ പണമിടപാട് നടത്തുന്നത് കൂടുതല്‍ പേര്‍ക്ക് ക്യാഷ്‌ലെസ് ആകാന്‍ അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.

 

സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിരുന്ന പണമിടപാട് രീതി ഇനി ഫീച്ചര്‍ ഫോണ്‍ ഉടമകള്‍ക്കും നടത്താമെന്ന് ഗുപ്ഷപ് (Gupshup) കമ്പനിയുടെ സ്ഥാപകനും മേധാവിയുമായ ബെറൂഡ് സേത് പ്രതികരിച്ചു. ബഹുഭൂരിപക്ഷം വരുന്ന ഫീച്ചര്‍ ഫോണ്‍ ഉപോയക്താക്കള്‍ക്കും ഇനി ഡിജിറ്റല്‍ പണമടയ്ക്കല്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലുള്ള യുപിഐ 123 പേ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എന്‍പിസിഐയുടെ പിന്തുണ ലഭിച്ചതില്‍ തങ്ങള്‍ സന്തോഷമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

 

നോക്കിയ 105 (2023), നോക്കിയ 106 4ജി മോഡലുകള്‍ക്ക് ഇന്റെര്‍നെറ്റുമായി കണക്ടു ചെയ്തിരിക്കാനുള്ള ശേഷിയുണ്ട്. കൂടതെ, അവയ്ക്ക് എളുപ്പം പരുക്കേല്‍ക്കില്ല. ഇതുവഴി മിക്ക സാഹചര്യങ്ങളിലും സ്ഥിരമായ കണക്ടിവിറ്റി ഉണ്ടെന്ന് ഉറപ്പാക്കാനാകും. ഫോണിലെ ബട്ടണുകള്‍ തമ്മിലുള്ള അകലവും വളരെ ആലോചിച്ച് ഉറപ്പിച്ചവയാണ്. വെളിച്ചക്കുറവില്‍ പോലും ടെക്‌സ്റ്റ് ടൈപ്പു ചെയ്യുന്നതും എളുപ്പമാണ്. ഐപിഎസ് ഡിസ്‌പ്ലേ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നതിനാല്‍ വളരെ തെളിമയോടെ സ്‌ക്രീനിലുള്ളത് വായിച്ചെടുക്കാനും സാധിക്കും. സ്‌ക്രീന്‍ ബ്രൗസിങ്ങിനും ടെക്‌സ്റ്റിങ്ങിനും ഗെയ്മിങ്ങിനും ഉപകരിക്കുമെന്നും കമ്പനി പറയുന്നു.

 

നോക്കിയ 105ന് മികച്ച ഓഡിയോ ഫീച്ചറുകളും ഉണ്ട്. 1000 എംഎഎച് ബാറ്ററി നല്‍കിയിരിക്കുന്നതിനാല്‍ ധാരാളം സമയത്തേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും കമ്പനി പറയുന്നു. അതേസമയം, നോക്കിയ 106 4ജിക്ക് കൂടുതല്‍ ചാര്‍ജ് ചെയ്യാനാകുന്ന 1450എംഎഎച് ബാറ്ററിയാണ് ഉള്ളത്. കൂടുതല്‍ നേരത്തേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും.

 

നോക്കിയ 105 (2023), നോക്കിയ 106 4ജി മോഡലുകള്‍ക്ക് എന്റര്‍റ്റെയ്‌മെന്റിലും കരുത്തു കാട്ടാനാകും. ഇതിനായി വയര്‍ലെസ് എഫ്എം റേഡിയോ ഫീച്ചര്‍ ലഭ്യമാണ്. നോക്കിയ 106 4ജി മോഡലിന് ഇന്‍-ബില്‍റ്റ് എംപി3 പ്ലേയറും ഉണ്ട്. ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കാന്‍ സാധിക്കും. നോക്കിയ 105 (2023), നോക്കിയ 106 4ജി മോഡലുകള്‍ക്ക് യഥാക്രമം 1299 രൂപയും, 2199 രൂപയുമാണ് വില.

 

English Summary: HMD Global launches Nokia 105 (2023) and Nokia 106 4G with Inbuilt UPI 123PAY

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com