ADVERTISEMENT

 

അടുത്തകാലത്തായി പുറത്തിറങ്ങിയതിൽ ഏറ്റവുമധികം ശ്രദ്ധേയമായ സ്മാര്‍ട് ഫോണുകളിലൊന്നാണ് നതിങ് ഫോണ്‍ (1). വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാളായ കാള്‍ പെയ് സ്വന്തമായി സ്ഥാപിച്ച സ്ഥാപനമാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നതിങ്. തങ്ങളുടെ രണ്ടാമത്തെ ഫോണ്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. പുന:ചംക്രമണം ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും നതിങ് ഫോണ്‍ (2) നിര്‍മാണം. ചെമ്പ്, സ്റ്റീല്‍, ടിന്‍ തുടങ്ങിയവയ്‌ക്കൊപ്പം ഫോണിലെ പ്ലാസ്റ്റിക്കിന്റെ 80 ശതമാനവും പുന:ചംക്രമണം ചെയ്തതായിരിക്കും.

 

 

നിര്‍മാണം ഇന്ത്യയില്‍

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങളിലൊന്നായിരുന്നു മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുക എന്നത്. ആപ്പിള്‍, സാംസങ് തുടങ്ങിയ ആഗോള ഭീമന്മാര്‍ ഇന്ത്യ കേന്ദ്രമായി ഉപകരണങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി. വില്‍പ്പനയില്‍ആഗോള തലത്തില്‍ തന്നെ മികവുറ്റ പ്രകടനം കാഴ്ചവച്ച നതിങ് ഫോണ്‍ (1) മോഡലിന്റെ വലിയൊരു ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതായിരുന്നു. ഇന്ത്യയിലും ഇത് ധാരാളമായി വിറ്റു പോയിരുന്നു. 

 

ഫോണ്‍ (2)ന്റെ നിര്‍മാണവും ഇന്ത്യയില്‍

 

എന്തായാലും, ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറക്കാന്‍ പോകുന്ന നതിങ് ഫോണ്‍ (2) ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നതിങ് ഇന്ത്യാ വൈസ് പ്രസിഡന്റായ മനു ശര്‍മ്മ. ഷന്‍സെന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ബിവൈഡി ഇലക്ട്രോണിക്‌സിന്റെ, തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലായിരിക്കും ഫോണ്‍ (2) നിര്‍മിക്കുക എന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ നതിങ് ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങിയിരുന്നു. 

 

 

വേണ്ട സജ്ജീകരണങ്ങള്‍ ഇന്ത്യയിലുണ്ട്

 

സുതാര്യമായ ഡിസൈനാണ് നതിങിന്റെ ഡിവൈസുകളെ എടുത്തുകാണിക്കുന്ന ഘടകങ്ങളിലൊന്ന്. ഇത്തരം ഡിസൈനിന് ഉന്നത നിലവാരമുള്ള നിര്‍മാണ രീതികളും, കൃത്യതയുള്ള എൻജിനിയറിങും വേണമെന്നും വേണമെന്നും മനു പറഞ്ഞു. ഇത്തരം സജ്ജീകരണങ്ങള്‍ഇന്ത്യയിലുണ്ടെന്നും, അതിനാല്‍ തങ്ങള്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുകയാണ്, നതിങ് (2) ഇന്ത്യയില്‍ തന്നെയാണ് നിര്‍മിച്ചെടുക്കുന്നത് എന്ന കാര്യം എന്നും അദ്ദേഹം പറഞ്ഞു. 

 

മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കും

 

അതേസമയം ഫോണുകള്‍ക്കു പുറമെ, തങ്ങളുടെ മറ്റ് ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നും മനു അറിയിച്ചു. ഇയര്‍ ബഡ്‌സ് ആണ് നതിങ് ആദ്യമായി ഇറക്കിയ ഇലക്ട്രോണിക് ഉപകരണം. 

പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കും

 

നതിങ് ഫോണ്‍ (2) മോഡലിന്റെ കാര്‍ബണ്‍ ഫുട്പ്രിന്റ് 53.45 കിലോഗ്രാം ആണ്. എന്നു പറഞ്ഞാല്‍, നതിങ് ഫോണ്‍ (1) നെ അപേക്ഷിച്ച് ഇത് 5 കിലോ കുറവാണ് എന്നും കമ്പനി അവകാശപ്പെടുന്നു. 

 

 

നതിങ് ഫോണ്‍ (2) ആവേശം വിതറുമോ?

 

നതിങ് ഫോണ്‍ (2)ന് ശക്തിപകരുന്നത് സ്നാപ്ഡ്രാഗണ്‍ 8പ്ലസ് ജെന്‍ 1 ആണെന്ന് കമ്പനി അറിയിച്ചു കഴിഞ്ഞു. ഡിസ്‌പ്ലേയുടെ വലിപ്പം ആദ്യ മോഡലിനെക്കാള്‍ കൂടുതല്‍ കണ്ടേക്കും. 6.7-ഇഞ്ച് വലിപ്പമാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും കുറഞ്ഞ വേരിയന്റിന് 8ജിബിറാമും, 128ജിബി സംഭരണശേഷിയും പ്രതീക്ഷിക്കുന്നു. 

 

ബാറ്ററി 4,700എംഎഎച് ആയിരിക്കുമെന്നും കേള്‍ക്കുന്നു. ഫാസ്റ്റ് വയേഡ് ചാര്‍ജിങ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളും ഉണ്ടായിരിക്കും. ഫോണിന് അടുത്ത മൂന്നു വര്‍ഷത്തേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് നല്‍കുമെന്നും കേള്‍വിയുണ്ട്. എന്തായാലും, ഫോണ്‍ (1) നേക്കാള്‍ ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ അതോടൊപ്പം വിലയും വര്‍ദ്ധിക്കുമെന്നാണ് കേള്‍ക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com