ADVERTISEMENT

നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും ജ്യോതിര്‍ഗോളങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും പോലുള്ള ഉയര്‍ന്ന ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുന്ന സന്ദര്‍ഭങ്ങളിലാണ് സ്വര്‍ണം, വെള്ളി, തോറിയം, യുറാനിയം പോലുള്ള ലോഹങ്ങള്‍ നിര്‍മിക്കപ്പെടാറ്. തമോഗര്‍ത്തങ്ങളും ഇത്തരം ലോഹങ്ങളുടെ നിര്‍മിതിക്ക് കാരണമാകാറുണ്ടെന്ന് തെളിയിക്കുന്ന പുതിയ ഗവേഷണഫലം പുറത്തുവന്നിരിക്കുന്നു. പുതിയ അറിവുകളിലൂടെ മനുഷ്യരെ പലപ്പോഴും അമ്പരപ്പിച്ചിട്ടുള്ള തമോഗര്‍ത്തങ്ങള്‍ സ്വര്‍ണ ഉത്പാദക കേന്ദ്രങ്ങളാണെന്ന് കൂടിയാണെന്നാണ് കണ്ടെത്തല്‍.

 

തമോഗര്‍ത്തങ്ങളിലെ ഉന്നത ഊര്‍ജ സാഹചര്യങ്ങളില്‍ പ്രോട്ടോണുകള്‍ ന്യൂട്രോണുകളായി മാറ്റപ്പെടാറുണ്ട്. തമോഗര്‍ത്തത്തില്‍ വലിയ തോതില്‍ പ്രോട്ടോണുകള്‍ ന്യൂട്രോണുകളായി മാറുന്നതിന്റെ പഠനമാണ് കംപ്യൂട്ടര്‍ മാതൃകകളുടെ സഹായത്തില്‍ ഗവേഷകര്‍ നടത്തിയത്. ഇത്തരം സാഹചര്യങ്ങള്‍ സ്വര്‍ണം പോലുള്ള കനമുള്ള ലോഹങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നാണ് പഠനം നടത്തിയ അസ്‌ട്രോഫിസിസിസ്റ്റ് ഒളിവര്‍ ജസ്റ്റ് വിശദീകരിക്കുന്നത്.

 

മഹാവിസ്‌ഫോടനത്തിനു പിന്നാലെ വലിയ തോതില്‍ കനമേറിയ ലോഹങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവുകളില്ല. തുടര്‍ന്ന് നക്ഷത്രങ്ങളുടെ ജനനത്തോടെയും പരസ്പരമുള്ള കൂട്ടിയിടികളിലൂടെയുമാണ് ഇത്തരം ലോഹങ്ങള്‍ നിര്‍മിക്കപ്പെട്ടത്. നക്ഷത്രങ്ങളിലെ ന്യൂക്ലിയര്‍ ഫ്യൂഷനും കാര്‍ബണ്‍ മുതല്‍ ഇരുമ്പ് വരെയുള്ള ലോഹങ്ങളുടെ നിര്‍മിതിക്കിടയായി. നക്ഷത്രങ്ങള്‍ കണ്ണടക്കുന്നതോടെ അവക്കുള്ളിലുണ്ടായിരുന്ന ലോഹങ്ങള്‍ പ്രപഞ്ചത്തിലേക്കെത്തുകയും ചെയ്തു.

 

ഉന്നത ഊര്‍ജമുള്ള സാഹചര്യങ്ങളില്‍ ആറ്റങ്ങള്‍ കൂട്ടിയിടിക്കുകയും പരസ്പരം ന്യൂട്രോണുകള്‍ വിഴുങ്ങുകയും ചെയ്യും. ആര്‍ പ്രോസസ് അഥവാ റാപിഡ് ന്യൂട്രോണ്‍ ക്യാപ്ചര്‍ പ്രോസസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം ആര്‍ പ്രോസസിന് യോജിച്ച സ്ഥലമാണ് തമോഗര്‍ത്തങ്ങള്‍. പ്രത്യേകിച്ചും തമോഗര്‍ത്തങ്ങള്‍ക്ക് ചുറ്റുമുള്ള വളയങ്ങള്‍. വെള്ളം കുഴിയിലേക്കെന്ന പോലെ ചുറ്റുമുള്ളതിനെയെല്ലാം തമോഗര്‍ത്തം വലിച്ചെടുക്കുന്നതിന്റെ ദൃശ്യ രൂപമാണ് ഈ വളയങ്ങള്‍.

തമോഗര്‍ത്തങ്ങള്‍ക്ക് ചുറ്റും കാണപ്പെടുന്ന വളയങ്ങളാണ് ആര്‍ പ്രോസസിനും തുടര്‍ന്നുള്ള കനമേറിയ ലോഹങ്ങളുടെ നിര്‍മിതിക്കും പ്രധാന പങ്കുവഹിക്കുന്നത്. ഈ വളയത്തിന്റെ ആകെ പിണ്ഡത്തിനും പ്രാധാന്യമുണ്ടെന്ന് ജസ്റ്റ് പറയുന്നു. സൂര്യന്റെ പിണ്ഡത്തിന്റെ ഒരു ശതമാനം മുതല്‍ പത്ത് ശതമാനം വരെ പിണ്ഡമുള്ള വളയങ്ങളുള്ള തമോഗര്‍ത്തങ്ങളാണ് സ്വര്‍ണം പോലുള്ള ലോഹങ്ങളുടെ നിര്‍മ്മിതിക്ക് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയിലാണ് ഗവേഷണഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Black Holes Could Be Inadvertently Making Gold, Astrophysicists Say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com