ADVERTISEMENT

ഭൂമിക്കു പുറത്തു ജീവനുണ്ടോയെന്ന ചോദ്യത്തിനു പല പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനു ഉത്തരം കിട്ടാനായി പല ടെലിസ്കോപ് സർവേകളും മനുഷ്യരാശി ഏറ്റെടുത്തു നടത്തുന്നുമുണ്ട്. ഭൂമിക്ക് സമാനമായി ജീവസാധ്യത നിലനിൽക്കുന്ന ഗ്രഹങ്ങളും മറ്റിടങ്ങളും കണ്ടെത്താനും ശാസ്ത്ര സമൂഹം നിരന്തരമായി ശ്രമിക്കുന്നുണ്ട്. ചൊവ്വയും ശനിയുടെയും വ്യാഴത്തിന്റെയുമൊക്കെ പല ഉപഗ്രഹങ്ങളും ജീവസാധ്യത കൽപിക്കപ്പെടുന്ന ഇടങ്ങളുടെ ലിസ്റ്റിലുണ്ട്.

 

എന്നാൽ അടുത്തകാലത്തായി സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ പഠനങ്ങൾ നടന്നു വരുന്നുണ്ട്. ഇത്തരം ഗ്രഹങ്ങൾ പുറംഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകൾ എന്നറിയപ്പെടുന്നു. ഒട്ടേറെ പുറംഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അടുത്തിടെ പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രത്യേകതരം പുറംഗ്രഹങ്ങൾ അദ്ഭുതമായി മാറുകയാണ്. ഈ ഗ്രഹങ്ങളുടെ പകുതി ഭാഗം പാറയും പകുതി ഭാഗം വെള്ളവുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 

ചുവന്ന കുള്ളൻ നക്ഷത്രത്തെ വലംവയ്ക്കുന്ന രീതിയിലാണ് ഈ ഗ്രഹമുള്ളത്. സൂര്യന്റെ അഞ്ചിലൊന്നുമാത്രം പിണ്ഡവും ചെറിയ ആകൃതിയും തണുപ്പുനിറഞ്ഞ പരിതസ്ഥിതിയുമുള്ളവയാണ് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ 70 ശതമാനവും ഇത്തരം നക്ഷത്രങ്ങളാണെന്നു ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു. പല ചുവന്ന കുള്ളൻ നക്ഷത്രങ്ങൾക്കു ചുറ്റും ഇത്തരം ഗ്രഹങ്ങളുണ്ടത്രേ. ചുരുക്കത്തിൽ പറഞ്ഞാൽ വെള്ളം നിറഞ്ഞ ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ സർവസാധാരണായുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

 

ഇത്തരം നക്ഷത്രങ്ങളെ വട്ടം ചുറ്റുന്ന ഗ്രഹങ്ങളിൽ ജീവനുണ്ടാകാനുള്ള നല്ല സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പ്രത്യാശിക്കുന്നു.

സൗരയൂഥത്തിന്റെയും അതിലെ ഗ്രഹങ്ങളുടെയും ഉത്പത്തിയെക്കുറിച്ചുള്ള പഠനസാധ്യത, ജീവൻ ഉണ്ടാകാനുള്ള സാധ്യത എന്നിവ മൂലം എക്സോപ്ലാനറ്റുകൾ ശാസ്ത്രജ്ഞർക്ക് വലിയ താത്പര്യമുള്ള പഠനമേഖലയാണ്. 1990 ലാണ് ആദ്യ എക്സോപ്ലാനറ്റിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. തുടർന്ന് ഇതുവരെ അയ്യായിരത്തോളം എക്സോപ്ലാനറ്റുകളെ ശാസ്ത്രജ്ഞർ കണ്ടെത്തി സ്ഥിരീകരിച്ചിട്ടുണ്ട്. 

 

ഭൂമി, ചൊവ്വ, ശുക്രൻ തുടങ്ങിയ ഗ്രഹങ്ങളെപ്പോലെ ഉറച്ച പുറംഘടനയുള്ളവയും വ്യാഴം, ശനി തുടങ്ങിയവയെപ്പോലെ വായുഘടന ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയെപ്പോലെ ഏതെങ്കിലും നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നവയാണ് ഇവയിൽ കൂടുതൽ. എന്നാൽ രണ്ടു നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്ന എക്സോപ്ലാനറ്റുകളെയും കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളെയൊന്നും ഭ്രമണം ചെയ്യാതെ സ്വതന്ത്രരായി നടക്കുന്ന എക്സോപ്ലാനറ്റുകളും പ്രപഞ്ചത്തിലുണ്ട്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള എക്സോപ്ലാനറ്റിന്റെ പേര് എപ്സിലോൺ എറിഡാനിയെന്നാണ്. ഭൂമിയിൽ നിന്നു 10.5 പ്രകാശവർഷം അകലെയാണ് ഇതു സ്ഥിതി ചെയ്യുന്നത്.

 

English Summary: Scientists Uncover A 'New Class Of Exoplanet' That Is Half Rock, Half Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com