ADVERTISEMENT

ആഗോള തലത്തില്‍ ഭക്ഷ്യപ്രതിസന്ധി അതീവഗുരുതരമാണെന്നും തന്റേതടക്കമുളള സന്നദ്ധ സംഘനടനകള്‍ ശ്രമിച്ചാൽപോലും അത് പരിഹരിക്കാനാവില്ലെന്നും മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപകൻ ബില്‍ ഗേറ്റ്‌സിന്റെ മുന്നറിയിപ്പ്. ഒരു മഹാമാരി വന്നാല്‍ നേരിടാന്‍ മനുഷ്യരാശി സജ്ജമല്ലെന്ന മുന്നറിയിപ്പ് 2015ല്‍ നടത്തിയ വ്യക്തിയാണ് ഗേറ്റ്‌സ്. ഇതാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയെയും ഗൗരവത്തിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്.

∙ കൃഷി സാങ്കേതികവിദ്യ മാറണം

പ്രതിസന്ധി വഷളാകാതിരിക്കാന്‍ ഇപ്പോള്‍ അടിയന്തരമായി ചെയ്യേണ്ടത് കൃഷിയില്‍ കൊണ്ടുവരേണ്ട നൂതന രീതികളാണെന്ന് അദ്ദേഹം പറഞ്ഞുവെന്ന് എപി റിപ്പോര്‍ട്ടു ചെയ്യുന്നു. കൃഷി രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി താന്‍ ഫണ്ട് ചെയ്യുന്ന സംഘടന തയാറാക്കിയ ഒരു റിപ്പോര്‍ട്ട് പുറത്തുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മനുഷ്യര്‍ ആശ്രയിക്കുന്ന പല വിളകള്‍ക്കും കാലാവസ്ഥാ വ്യതിയാനവും ഭീഷണി സൃഷ്ടിച്ചു തുടങ്ങിയിരിക്കുകയാണ്. കീടങ്ങളെയും കാലാവസ്ഥാ വ്യതിയാന ഭീഷണിയെയും തരണം ചെയ്യാന്‍ കെല്‍പ്പുള്ളതാണ് പുതിയ കൃഷി രീതി എന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗേറ്റ്‌സിന്റെയും മുന്‍ ഭാര്യ മെലിന്‍ഡയുടെയും പേരിലുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന്റെ പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

∙ മാന്ത്രിക വിത്തുകള്‍

പുതിയ പ്രതിസന്ധിയെ മറികടക്കാന്‍ വേണ്ടത് കൃത്രിമമായി തയാര്‍ ചെയ്‌ത വിത്തുകളാണെന്ന് ഗേറ്റ്‌സ് പറഞ്ഞു. ഇവയെ അദ്ദേഹം മാജിക് വിത്തുകള്‍ എന്നാണ് വിളിച്ചത്. കോവിഡ് മഹാമാരിയും യുക്രെയ്ന്‍ യുദ്ധവും കാര്യങ്ങള്‍ വഷളാക്കി. അതേസമയം, മനുഷ്യരാശിക്ക് തിരിച്ചുവരാമെന്ന ശുഭാപ്തി വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയിൽ പങ്കെടുക്കുന്ന രാജ്യത്തലവന്മാര്‍ക്കും മറ്റുമുള്ള ഗേറ്റ്‌സിന്റെ സന്ദേശമിതാണ് - ‘ഭക്ഷ്യ സഹായം കൊണ്ടുമാത്രം മുന്നോട്ടുപോകാനാവില്ല. പുതിയ കൃഷി രീതികള്‍ വേണം.’ വിവിധ രാജ്യങ്ങളിലെ വിളകളെ കാലാവസ്ഥാ വ്യതിയാനം എങ്ങനെ ബാധിക്കുമെന്നതു വ്യക്തമാക്കുന്ന ഒരു മാപ്പും ഫൗണ്ടേഷന്‍ പുറത്തുവിട്ടു.

∙ ദൈവദൂതനോ വില്ലനോ?

അതേസമയം, ഭക്ഷ്യ പ്രതിസന്ധിക്ക് സാങ്കേതിക വിദ്യ വഴി പരിഹാരമാര്‍ഗമെന്ന ഗേറ്റ്‌സിന്റെ ആശയത്തെ ആക്രമിച്ച് വിമര്‍ശകരും രംഗത്തെത്തി. പുതിയ ആശയം പരിസ്ഥിതിയെ രക്ഷിച്ചെടുക്കാനായി ആഗോള തലത്തില്‍ ഇപ്പോള്‍ നടക്കുന്ന കഠിന പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഗേറ്റ്‌സിന്റെ മാജിക് സീഡ്‌സ് കൃഷിചെയ്ത് വിജയിപ്പിക്കണമെങ്കില്‍ കീടനാശിനികളും ജൈവ ഇന്ധനത്തെ ആശ്രയിക്കുന്ന വളങ്ങളും വേണമെന്ന് അവര്‍ പറയുന്നു. കൂടാതെ, ഗേറ്റ്‌സിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അടിയന്തരമായി നേരിടേണ്ട ഇപ്പോഴത്തെ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അതിനാവില്ല. പല രാജ്യങ്ങളിലും കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നു. അവര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്ന മിക്ക രാജ്യങ്ങളിലും വരള്‍ച്ച ബാധിച്ചിരിക്കുകയുമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

∙ സാങ്കേതികവിദ്യയ്‌ക്കേ സഹായിക്കാനാകൂ – ഗേറ്റ്‌സ്

യുക്രെയ്ന്‍ യുദ്ധം പോലെയുള്ള പ്രതിസന്ധികള്‍ തടസ്സം സൃഷ്ടിക്കുമ്പോഴും മറ്റു മനുഷ്യര്‍ പട്ടിണിയിലാകരുതെന്ന് ചിലര്‍ ചിന്തിക്കുന്നത് നല്ല സൂചനയാണെന്ന് ഗേറ്റ്‌സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷേ ഭക്ഷ്യ ക്ഷാമമുള്ള പല രാജ്യങ്ങളും അവര്‍ക്കു വേണ്ടത്ര ഭക്ഷണം ഉൽ‌പാദിപ്പിക്കാന്‍ സാധിക്കാതെ വിഷമിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതികൂല സാഹചര്യങ്ങളും കൂടി ചേര്‍ത്താല്‍ ഇതെല്ലാം കൂടുതല്‍ വഷളാകുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു.

അന്തരീക്ഷ താപനില ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നില്ലെങ്കില്‍ ആഫ്രിക്കയെ രക്ഷിക്കാൻ ഒരു തരത്തിലും സാധിക്കില്ലെന്ന് ഗേറ്റ്‌സ് പറയുന്നു. കൃഷിയെക്കുറിച്ചുള്ള ഗവേഷണത്തിന് കൂടുതല്‍ പണം നിക്ഷേപിക്കണം. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഇക്കാര്യം ഗേറ്റ്‌സ് ആവര്‍ത്തിക്കുന്നതാണ്. വരണ്ട കാലാവസ്ഥയിലും ചൂടുകൂടുമ്പോഴും പ്രശ്‌നമില്ലാതെ വിളവ് ലഭിക്കുന്ന ചോളത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.

∙ വിത്തുകള്‍ വികസിപ്പിച്ചത് ആഫ്രിക്കന്‍ ഗവേഷണ സ്ഥാപനം

ആഫ്രിക്കന്‍ അഗ്രികള്‍ചറല്‍ ടെക്‌നോളജി ഫൗണ്ടേഷനാണ് പുതിയ വിത്തുകള്‍ വികസിപ്പിച്ചത്. ഈ സ്ഥാപനത്തിന് 2008 നു ശേഷം ഗേറ്റ്‌സ് ഫൗണ്ടേഷന്‍ 13.1 കോടി ഡോളര്‍ നല്‍കിയിട്ടുണ്ട്. ആഫ്രിക്കയില്‍ പുതിയ കൃഷി രീതികള്‍ കൊണ്ടുവരാനായി ഗ്രാന്റായി മൊത്തം 150 കോടി ഡോളര്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കിയെന്ന് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ക്യാന്‍ഡിഡ് പറയുന്നു.

∙ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവും

മാന്ത്രിക വിത്ത് കൃഷി ചെയ്ത് വിജയിപ്പിക്കാന്‍ വേണ്ട കീടനാശിനികളും ജൈവ ഇന്ധനത്തെ ആശ്രയിക്കുന്ന വളങ്ങളും മണ്ണിന്റെ ഗുണനിലവാരം ഇല്ലാതാക്കുമെന്നും ജൈവവൈവിധ്യം നശിപ്പിക്കുമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. പകരം കൃഷി പാരിസ്ഥിതിക (agroecological) ഇടപെടലുകളാണ് വേണ്ടതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പ്രാദേശികമായി നടത്തുന്ന വിത്തു ബാങ്കുകളും മറ്റും വരണം. മണ്ണിന്റെ ആരോഗ്യം പരിപാലിക്കുന്ന കംപോസ്റ്റിങ് സിസ്റ്റങ്ങളും രാസവസ്തുക്കളെ ആശ്രയിക്കാതെയുള്ള കീടനാശിനികളും വേണം. ഇത്തരം നീക്കങ്ങള്‍ നടത്തിയാല്‍ വര്‍ഷങ്ങളെടുത്താണെങ്കിലും ഭക്ഷ്യ ആശ്രിതത്വം കുറയ്ക്കാന്‍ രാജ്യങ്ങള്‍ക്കാകും. കൃത്രിമ സംവിധാനങ്ങള്‍ക്കു പകരം കരുത്തുറ്റ കൃഷിരീതികളും കൊണ്ടുവരാനാകണമെന്നും കോണെല്‍ യൂണിവേഴ്‌സിറ്റിയിലെ റേച്ചല്‍ ബെസ്‌നര്‍ കെര്‍ നിരീക്ഷിക്കുന്നു.

∙ മാജിക് സീഡ് ഒന്നും വേണ്ട

ഇന്റര്‍നാഷനല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഭക്ഷണത്തെക്കുറിച്ചുള്ള അധ്യായം റേച്ചലിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് എഴുതിയത്. എന്നാല്‍, ഓരോ രാജ്യവും എന്തു ചെയ്യണമെന്നതിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ തങ്ങള്‍ നല്‍കുന്നില്ലെന്നും റേച്ചല്‍ പറയുന്നു. പക്ഷേ, ഗേറ്റ്‌സ് പറയുന്ന തരത്തിലുളള സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവര്‍ പറയുന്നു.

∙ വേറെ പ്രതിവിധി പറയൂ, അതിനും പണം നല്‍കാമെന്ന് ഗേറ്റ്‌സ്

കര്‍ഷകര്‍ക്ക് പുതിയ തരം വളം നല്‍കാതിരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ മേധാവി മാര്‍ക് സുസ്‌മെന്‍ മുന്നറിയിപ്പു നല്‍കി. ഉൽപാദനം വര്‍ധിപ്പിക്കാന്‍ വളം വേണം. ബില്‍ ഗേറ്റ്‌സും ഇതിനെ പിന്തുണച്ചു. ‘‘പാരിസ്ഥിതികമായ കടന്നുകയറ്റം ഇല്ലാത്ത പരിഹാരമാര്‍ഗം ഉണ്ടോങ്കിൽ പറയൂ ഞാന്‍ അതിനും പണം നിക്ഷേപിക്കാം’’– ഗേറ്റ്‌സ് പറയുന്നു. തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിത്തുകള്‍ ഇല്ലെങ്കില്‍ വേണ്ടത്ര ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കിയെടുക്കാനാവില്ലെന്ന് ഗേറ്റ്‌സ് എടുത്തു പറയുന്നുണ്ട്. മറ്റു പരിഹാരമാര്‍ഗങ്ങളെ തങ്ങള്‍ അവഗണിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍, തങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നത് എന്നു പരിശോധിച്ചു നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

∙ ഗേറ്റ്‌സിന്റേത് ഹ്രസ്വ ദൃഷ്ടി?

അതേസമയം, ഗേറ്റ്‌സ് മുന്നോട്ടുവയ്ക്കുന്ന ഹ്രസ്വകാല പരിഹാരമാര്‍ഗങ്ങളല്ല വേണ്ടതെന്ന് സെന്റര്‍ ഫോര്‍ അഗ്രികള്‍ചര്‍ ആന്‍ഡ് ബയോസയന്‍സ് ഇന്റര്‍നാഷനല്‍ (സിഎബിഐ) മേധാവി കാംബ്രിയ ഫിന്‍ഗോള്‍ഡ് പറഞ്ഞു. ഭാവിയില്‍ എന്തു സംഭവിക്കുമെന്നതു കൂടി പരിഗണിച്ചു വേണം പുതിയ നീക്കങ്ങള്‍ നടത്താനെന്നും കാംബ്രിയ പറയുന്നു.

∙ ഗേറ്റ്‌സ് ഗൂഢാലോചനാവാദ കഥകളിലെ നായകന്‍

മഹാമാരി മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഗേറ്റ്‌സിന്റെ പതിവാണ്. അതേസമയം, ഗൂഢാലോചന വാദക്കാര്‍ അദ്ദേഹത്തെ വില്ലനായും ചിത്രീകരിക്കുന്നു. പുതിയ ടെക്‌നോളജികള്‍ ഉപയോഗിച്ച് ലോകത്തെ നിയന്ത്രിക്കാന്‍ കാശുകാര്‍ നടത്തുന്ന ശ്രമമാണ് ഗേറ്റ്‌സിന്റെ നീക്കങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ഗൂഢാലോചനാ വാദക്കാര്‍ ആരോപിക്കുന്നു.

പുന്നയൂർ പഞ്ചവടി കടപ്പുറത്ത് കരിമ്പന വിത്ത് നടുന്നു
പുന്നയൂർ പഞ്ചവടി കടപ്പുറത്ത് കരിമ്പന വിത്ത് നടുന്നു

∙ അവര്‍ എന്തെങ്കിലും പറഞ്ഞോട്ടെയെന്ന് ഗേറ്റ്‌സ്

എന്നാല്‍, ഗൂഢാലോചനാ വാദക്കാര്‍ എന്തു പറയുന്നുവെന്ന് അന്വേഷിക്കാന്‍ താന്‍ സമയം കളയുന്നില്ലെന്ന് ഗേറ്റ്‌സ് പറയുന്നു. തന്റെ വ്യക്തിപരമായ കീര്‍ത്തിക്കു വേണ്ട നടത്തുന്നതല്ല ഗേറ്റ്‌സ് ഫൗണ്ടേഷൻ. കാശുകാര്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വായിക്കുന്നുണ്ടാകാം. പക്ഷേ, ഞങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഒരിക്കലും അവ ശ്രദ്ധിച്ചിട്ടില്ല, ശ്രദ്ധിക്കുകയുമില്ല. ഞാന്‍ ആരാണെന്ന് അവര്‍ അറിയേണ്ട കാര്യം പോലുമല്ലെന്നും ഗേറ്റ്‌സ് പറയുന്നു.

English Summary: We need ‘magic seeds’: What Bill Gates said on global hunger crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com