ADVERTISEMENT

ഭൂമിയിലെ ജലത്തിന് സൂര്യനേക്കാള്‍ പഴക്കമുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഒറിയോണ്‍ നക്ഷത്ര സമൂഹത്തിലെ വി883 ഒറിയോണിസ് എന്ന യുവ നക്ഷത്രത്തെ നിരീക്ഷിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ രാജ്യാന്തര ഗവേഷക സംഘത്തിന് ലഭിച്ചത്. വെള്ളത്തേക്കാളും പത്ത് ശതമാനം കട്ടി കൂടിയ ഘന ജലത്തിന്റെ രാസ സൂചകങ്ങള്‍ നക്ഷത്രത്തിന് ചുറ്റുമുള്ള വാതകവലയത്തില്‍ നിന്നും പൊടിയില്‍ നിന്നും ലഭിച്ചിരുന്നു. ഭൂമിയിലെ ജലം എവിടെ നിന്നു വന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ നഷ്ടമായ കണ്ണിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് നേച്ചുര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു. 

 

'സൂര്യന്‍ പിറക്കും മുൻപേ നമ്മുടെ ഭൂമിയിലെ ജലം ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ നമുക്ക് മനസിലാക്കാം. വി883 ഓറിയോണിസില്‍ കണ്ടെത്തിയ ഘനജലത്തിന്റെ ഘടന നമ്മുടെ നക്ഷത്രസമൂഹത്തിലെ ഉല്‍ക്കകളിലെ ജലത്തിന്റെ ഘടനക്ക് സമാനമാണ്' അമേരിക്കയിലെ നാഷണല്‍ റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞനായ ജോണ്‍ ജെ ടോബിന്‍ വിശദീകരിക്കുന്നു. 

 

ചിലെയിലെ അറ്റക്കാമ മരുഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള അറ്റക്കാമ ലാര്‍ജ് മില്ലിമീറ്റര്‍ സബ്മില്ലിമീറ്റര്‍ അറേ എന്ന 66 റേഡിയോ ടെലസ്‌കോപുകളുടെ കൂട്ടായ്മയെയാണ് വി883 ഒറിയോണിസിനെ നിരീക്ഷിക്കാന്‍ ഗവേഷകര്‍ ഉപയോഗിച്ചത്. ഭൂമിയില്‍ നിന്നും 1300 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രമുള്ളത്. നക്ഷത്രത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങള്‍ രൂപപ്പെടുന്ന സമയത്തുള്ള യുവ നക്ഷത്രമാണ് ഇപ്പോള്‍ വി883 ഒറിയോണിസ്. ഇതിന്റെ ചുറ്റുമുള്ള വാതക പൊടി വലയത്തില്‍ നിന്നാണ് ഗ്രഹങ്ങള്‍ രൂപപ്പെടുക. ഈ പ്രദേശത്തു നിന്നാണ് ഘനജലത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 

 

വി883 ഒറിയോണിസിന്റെ പുറത്തെ ഡിസ്‌കില്‍ കട്ടി രൂപത്തിലായിരുന്നു ഘന ജലം ഉണ്ടായിരുന്നത്. അതുകൊണ്ട് ഭൂമിയില്‍ നിന്നുള്ള നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ഇതേക്കുറിച്ചുള്ള അറിവ് ലഭിച്ചിരുന്നില്ല. എന്നാല്‍ വി883യുടെ ഉള്ളിലെ ഊഷ്മാവ് വര്‍ധിച്ചതോടെ പുറം വലയത്തിലെ വെള്ളം വാതകമായി മാറുകയായിരുന്നു. ഇതോടെയാണ് ഘനജലത്തിന്റെ രാസ സൂചകങ്ങള്‍ ഗവേഷകര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. വി883 ഒറിയോണിസിന്റെ ഡിസ്‌കില്‍ ഭൂമിയിലുള്ളതിന്റെ 1200 ഇരട്ടി ജലം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 

 

ഹൈഡ്രജന്റെ ഐസോട്ടോപ്പായ ഡ്യൂട്ടീരിയം കൂടിയ അളവിലുള്ള ജലമാണ് ഘനജലം. ഡ്യൂട്ടീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജനെ അപേക്ഷിച്ച് കൂടുതലാണ്. ഹൈഡ്രജന്‍, ഡ്യൂട്ടീരിയം, ഓക്‌സിജന്‍ തന്മാത്രകള്‍ കൂടിച്ചേരാന്‍ സാധിക്കുന്ന അത്രയും ഊര്‍ജം ലഭിച്ചാല്‍ മാത്രമേ ഘനജലം സൃഷ്ടിക്കപ്പെടാറുള്ളൂ. നമ്മുടെ ഭൂമിയിലുള്ള സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകള്‍ 3200ന് ഒന്ന് എന്ന തോതില്‍ കണ്ടു വരാറുണ്ട്. 

 

സൂര്യനേക്കാള്‍ പഴക്കമുണ്ട് ഭൂമിയിലെ ജലത്തിനെന്ന് കണ്ടെത്തിയാല്‍ പോലും എവിടെ നിന്നാണ് ഈ ജലം വന്നതെന്നത് സംബന്ധിച്ച് ഉറപ്പില്ല. നമ്മുടെ ക്ഷീരപഥത്തിന് പുറത്തു നിന്നുള്ള ഏതെങ്കിലും ഛിന്നഗ്രഹങ്ങളോ ഉല്‍ക്കകളോ ആയിരിക്കാം വെള്ളത്തെ സൂര്യനിലേക്കെത്തിച്ചതെന്നും കരുതുന്നവരുണ്ട്. ഭൂമിയിലെ ജലത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തില്‍ നഷ്ടപ്പെട്ട ഒരു കണ്ണിയാണ് വി883 ഓറിയോണിസ് വഴി ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എങ്കിലും എവിടെ നിന്ന് വെള്ളം വന്നു എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരത്തിനായുള്ള അന്വേഷണം ഇനിയും തുടരും.

 

English Summary: Earth’s water may be older than the sun – study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com