രാജ്യാന്തര സൈബര്‍ ക്രിമിനലുകളെ ഞെട്ടിച്ച് പൊലീസ്, 119 പേര്‍ അറസ്റ്റില്‍
Mail This Article
യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്ബിഐ) യൂറോപ്യന്‍ പൊലീസ് ഏജന്‍സിയുമടക്കം 17 രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ നീക്കത്തില്‍ രാജ്യാന്തര ഇന്റര്‍നെറ്റ് കുറ്റവാളികളുടെ ഒരു സംഘത്തെ തകര്‍ത്തു. ജെനിസിസ് മാര്‍ക്കറ്റ് എന്ന പേരില്‍ പ്രവര്‍ത്തിരുന്ന സൈബര്‍ കുറ്റവാളികളെയാണ് ‘ഓപ്പറേഷന്‍ കുക്കി മോണ്‍സ്റ്റര്‍’ എന്നു പേരിട്ട നീക്കത്തിലൂടെ സംയുക്ത പൊലീസ് സംഘം തകര്‍ത്തത്. ജെനിസിസ് 2018 മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാസ്‌വേഡുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ ഡേറ്റ ചോര്‍ത്തിയെടുത്ത് വിൽക്കുകയായിരുന്നു കുറ്റവാളിസംഘം. ഇതുമായി ബന്ധപ്പെട്ട് 119 പേര്‍ അറസ്റ്റിലായെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ ഡാര്‍ക് വെബില്‍ പ്രവര്‍ത്തനം
പ്രത്യേക ബ്രൗസര്‍ ഉപയോഗിച്ചു മാത്രം സന്ദര്‍ശിക്കാവുന്ന ഡാര്‍ക് വെബിലായിരുന്നു ജെനിസിസിന്റെ പ്രവര്‍ത്തനം. ഇവര്‍ 15 ലക്ഷം കംപ്യൂട്ടറുകളില്‍ നിന്നുളള ഡേറ്റ വില്‍ക്കാന്‍ വച്ചിരുന്നു എന്നും ഇതു വഴി ലോകമെമ്പാടുമുള്ള പലരുടെയും അക്കൗണ്ടുകളിലേക്കും കടക്കാന്‍ സാധിക്കുമായിരുന്നു എന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പറയുന്നു. ഇതൊരു വമ്പന്‍ നീക്കമായിരുന്നു എന്നാണ് മനസ്സിലാകുന്നതെന്ന് ഗിസ്‌മോഡോ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള പൊലീസ് സേനകൾ പങ്കെടുത്തു. മൊത്തം 200 റെയ്ഡുകളാണ് നടത്തിയത്. എന്നാല്‍ പിടിയിലായവരില്‍ ഏറെയും ജെനിസിസില്‍ വില്‍പനയ്ക്കു വച്ചിരുന്ന മോഷ്ടിച്ച ഡേറ്റ വാങ്ങാന്‍ ശ്രമിച്ചവരാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജെനിസിസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവന്ന പല വെബ്‌സൈറ്റുകളും പൂട്ടിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
∙ ചരിത്രത്തിലാദ്യം
ഇത്തരത്തിലൊരു നീക്കം മുൻപ് ഉണ്ടായിട്ടില്ലെന്നാണ് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി. ജറാള്‍ഡ് പറഞ്ഞത്. ഇതില്‍ എഫ്ബിഐയുടെ 45 ഫീല്‍ഡ് ഓഫിസര്‍മാര്‍ പങ്കെടുത്തു. ജെനിസിസ് മാര്‍ക്കറ്റ് പിടിച്ചെടുത്തത് ലോകമെമ്പാടുമുള്ള സൈബര്‍ ക്രിമിനലുകള്‍ക്ക് ഒരു മുന്നറിയിപ്പായിരിക്കും. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും അതിന്റെ രാജ്യാന്തര കൂട്ടാളികളും നിങ്ങളെ കണ്ടെത്തി നീതി നടപ്പാക്കുമെന്നും മെറിക് മുന്നറിയിപ്പു നല്‍കി.
∙ ജെനിസിസ് പ്രവര്‍ത്തിച്ചിരുന്നത് എങ്ങനെ?
റഷ്യ കേന്ദ്രീകരിച്ചാണ് ജെനിസിസ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് അനുമാനം. പണം നല്‍കുന്നവര്‍ക്ക് അവര്‍ പല സേവനങ്ങളും നല്‍കിയിരുന്നു. അവര്‍ വില്‍ക്കുന്നതില്‍ ഏറ്റവും പ്രധാനം 'ബോട്‌സ്' എന്ന് അറിയപ്പെടുന്ന സേവനമായിരുന്നു. ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനെയാണ് ഇങ്ങനെ വിശേഷിപ്പിച്ചിരുന്നത്. അയാളുടെ ബ്രൗസര്‍ കുക്കികള്‍, സമൂഹ മാധ്യമങ്ങളുടെയും ബാങ്കിങ്ങിന്റെയും ഇമെയില്‍ അക്കൗണ്ടുകളുടെയും പാസ്‌വേഡുകള്‍ തുടങ്ങിയവയാണ് വില്‍പനയ്ക്കു വച്ചിരുന്നത്. ഇതു വാങ്ങുന്ന സൈബര്‍ ക്രിമിനലുകള്‍ക്ക് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുകയറുക എളുപ്പമായിരുന്നു.
∙ ജെനിസിസില്‍നിന്നു പിടിച്ചെടുത്ത ഡേറ്റ കൈമാറി
ജെനിസിസില്‍നിന്ന് എഫ്ബിഐയും കൂട്ടാളികളും പിടിച്ചെടുത്ത ഡേറ്റ ‘ഹാവ് ഐ ബീന്‍ പോണ്‍ഡ്’ ( Have I Been Pwned) എന്ന വെബ്‌സൈറ്റിനു കൈമാറി. ഒരാളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നോ എന്നു പരിശോധിക്കാന്‍ അനുവദിക്കുന്ന വെബ്‌സൈറ്റാണിത്. വെബ്‌സൈറ്റിന്റെ ഉടമ ടോറി ഹണ്ട് തനിക്ക് കോടിക്കണക്കിന് ഇമെയില്‍ അഡ്രസുകളും പാസ്‌വേഡുകളും നല്‍കിയെന്ന് സമ്മതിച്ചു. തന്നെക്കുറിച്ചുള്ള വിവരം ചോര്‍ന്നോ എന്നു സംശയമുള്ളവര്‍ക്ക് വെബ്‌സൈറ്റിലെത്തി പരിശോധിക്കാം. ജെനിസിസ് പോലെയുള്ള മറ്റു വെബ്‌സൈറ്റുകളും അടുത്തിടെ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്നും അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം ഇത്തരം കാര്യങ്ങളില്‍ വളരെ ശുഷ്‌കാന്തി കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടു പറയുന്നു.
∙ താത്കാലിക പ്രശ്‌നം
എന്നാല്‍, ഇതൊക്കെ താത്കാലിക പ്രശ്‌നമായിട്ടേ സൈബര്‍ ക്രിമിനലുകള്‍ കാണൂ എന്ന വാദവും ഉയര്‍ന്നു കഴിഞ്ഞു. ഇനി ഒന്നിനു പകരം പല പുതിയ വെബ്‌സൈറ്റുകള്‍ വരുമെന്നും സുരക്ഷാ കമ്പനിയായ കാര്‍സ്‌പെര്‍സ്‌കി പറയുന്നു. നോര്‍ഡ്‌വിപിഎന്നിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും ഈ അഭിപ്രായത്തോടു യോജിക്കുന്നു. എന്തായാലും എഫ്ബിഐയുടെയും മറ്റും പുതിയ നീക്കം സൈബര്‍ ക്രിമിനലുകള്‍ക്ക് മുന്നറിയിപ്പു തന്നെയാണെന്നു വിശ്വസിക്കുന്നവരും ഉണ്ട്.
∙ ജോലിക്കാരുടെ സ്‌റ്റോക് അവാര്‍ഡുകളും വെട്ടിക്കുറയ്ക്കാന്‍ ആമസോണ്‍
ആമസോണ്‍ ജോലിക്കാര്‍ക്ക് പ്രതിഫലമായി കമ്പനിയുടെ ഓഹരികളും നല്‍കുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന ഓഹരികളുടെ എണ്ണവും കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചുവെന്ന് റോയിട്ടേഴ്‌സ്. സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുന്ന പല സിലിക്കന്‍ വാലി കമ്പനികളും ജോലിക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമെയാണ് ജോലിക്കാര്‍ക്കു നല്‍കിവന്ന ആനുകൂല്യങ്ങള്‍ കുറയ്ക്കാനുള്ള നീക്കവും.
∙ ടിക്‌ടോക്കിന്റെ സ്ഥാപകന് 2022ല്‍ 1700 കോടി ഡോളർ നഷ്ടം
വൈറലായ സമൂഹ മാധ്യമ ആപ് ടിക്‌ടോക്കിന്റെ സ്ഥാപകന്‍ ഷാങ് യിമിങ്ങിന് 2022ല്‍ 1700 കോടി ഡോളര്‍ നഷ്ടമായെന്ന് എഎഫപി. അടുത്തിടെ ചൈനയിലെ കോടീശ്വരന്മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിലാണ് പുതിയ റാങ്കിങ് ഉള്ളത്. നാല്‍പതു വയസ്സില്‍ താഴെയുള്ള കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാമതാണ് ഷാങ്. ഒന്നാമത് മെറ്റാ കമ്പനി ഉടമ മാര്‍ക് സക്കര്‍ബര്‍ഗ് ആണ്.
∙ ഇറ്റാലിയന്‍ അധികൃതരുടെ പേടി മാറ്റാന്‍ ചാറ്റ്ജിപിടി
മൈക്രോസോഫ്റ്റിന്റൈ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ പുറത്തിറക്കിയ എഐ സേര്‍ച്ച് സംവിധാനമായ ചാറ്റ്ജിപിടി സ്വകാര്യതാ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് ഇറ്റലിയുടെ ഡേറ്റാ പരിപാലന ഏജന്‍സിയായ ഗാരന്റെ ചോദിച്ചിരുന്നു. എന്തായാലും, ഇറ്റലിയുടെ ഭീതി മനസ്സിലാക്കി പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
∙ ഐഫോണ്‍ Xന് ഐഒഎസ് 17 കിട്ടിയേക്കില്ലെന്ന്
ഐഫോണ്‍ X, ഐഫോണ്‍ 8, 8പ്ലസ് മോഡലുകള്‍ക്ക് ഐഒഎസ് 17 നല്‍കിയേക്കില്ലെന്ന് 9ടു5മാക് റിപ്പോര്‍ട്ടു ചെയ്യുന്നു. കുറഞ്ഞത് 5 വര്‍ഷത്തേക്കാണ് ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുന്നത്. ഇപ്പോള്‍ പറഞ്ഞ മോഡലുകളെല്ലാം 2017ല്‍ പുറത്തിറക്കിയവയാണ്. അവയ്ക്ക് 5 വര്‍ഷത്തെ അപ്‌ഡേറ്റ് കിട്ടിക്കഴിഞ്ഞു. ആപ്പിളിന്റെ എ11 ബയോണിക് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് ഐഒഎസ് 17 ലഭിക്കില്ലെന്നാണ് സൂചന. എന്നാല്‍, മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ ഐഒഎസ് 16ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും ഐഒഎസ് 17 ലഭിക്കുമെന്നും പറയുന്നു.
∙ കാര്‍പ്ലേ, കൺട്രോള്‍ സെന്റര്‍
ഇതേപ്പറ്റി വ്യക്തത വരണമെങ്കില്‍ അടുത്തു നടക്കാന്‍ പോകുന്ന വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് വരെ കാത്തിരിക്കേണ്ടി വരും. ഇത് ജൂണ്‍ 5 ന് ആയിരിക്കും തുടങ്ങുക. ഐഒഎസ് 17ല്‍ ഒട്ടനവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഐഫോണില്‍ കൺട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന രീതി പൂര്‍ണമായും പൊളിച്ചെഴുതുമെന്ന് ചില സൂചനകളുണ്ട്. അതുപോലെ തന്നെ കാര്‍പ്ലെയുടെ അടുത്ത തലമുറയും ഐഒഎസ് 17ല്‍ അവതരിപ്പിക്കുമെന്നും പറയുന്നു.
English Summary: Takedown of notorious hacker marketplace selling your identity to criminals