ADVERTISEMENT

എട്ടു വര്‍ഷം കൊണ്ട് മനുഷ്യന്‍ അമരത്വം നേടുമെന്ന് പ്രവചിച്ച് മുന്‍ ഗൂഗിള്‍ എൻജിനീയര്‍. ദിവസങ്ങൾക്ക് മുൻപ് നടത്തിയ ഈ പ്രവചനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ പ്രവചനം നടത്തിയ റേ കര്‍സ്‌വെയില്‍ അത്ര നിസാരക്കാരനുമല്ല. നേരത്തേ നടത്തിയ അദ്ദേഹത്തിന്റെ 147 പ്രവചനങ്ങളില്‍ 86 ശതമാനവും കൃത്യമായി സംഭവിച്ചിരുന്നു. ജനറ്റിക്‌സ്, നാനോ സാങ്കേതികവിദ്യ, റോബോട്ടിക്‌സ് എന്നീ ശാസ്ത്രമേഖലയുടെ വളര്‍ച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാനും പ്രായം കുറയ്ക്കാനും വേണ്ട നാനോബോട്ടുകളെ കണ്ടെത്തുമെന്നാണ് യൂട്യൂബ് ചാനലായ അഡാഗിയോവിനോട് റേ പറഞ്ഞത്. 

 

2030 ആകുമ്പോഴേക്കും ഈ നേട്ടത്തിലേക്ക് നമ്മളെത്തുമെന്നും അര്‍ബുദം പോലുള്ള രോഗങ്ങളെ ഫലപ്രദമായി തടയാന്‍ ഈ സാങ്കേതികവിദ്യകള്‍ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 2012ലാണ് റേ കര്‍സ്‌വെയില്‍ ഗൂഗിളില്‍ എൻജിനീയറായി ചേരുന്നത്. അതിനും ഏറെ മുൻപ് തന്നെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

2000 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച ചെസ് താരം ഒരു കംപ്യൂട്ടറാവുമെന്ന് റേ 1997ല്‍ തന്നെ പ്രവചിച്ചിരുന്നു. ഇത് 1997ല്‍ ഡീപ്പ് ബ്ലൂ എന്ന സൂപ്പര്‍ കംപ്യൂട്ടര്‍ ഗാരി കാസ്പറോവിനെ തോല്‍പിച്ചതോടെ സത്യമായി. 2023 ആകുമ്പോഴേക്കും ആയിരം ഡോളര്‍ വില വരുന്ന കംപ്യൂട്ടറിന് മനുഷ്യ മസ്തിഷ്‌കത്തേക്കാളും ശേഷിയും വിവരങ്ങള്‍ ശേഖരിക്കാനുള്ള കഴിവുമുണ്ടാവുമെന്നും റേ 1999ല്‍ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ 2030 ആകുമ്പോഴേക്കും മനുഷ്യന്‍ മരണത്തെ തോല്‍പിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരിക്കുന്നു. 

 

എട്ടു വര്‍ഷത്തിനുള്ളില്‍ മനുഷ്യന്റെ ബുദ്ധി ശക്തിയേയും മറികടന്ന് നിര്‍മിത ബുദ്ധിയും കംപ്യൂട്ടറുകളും മുന്നോട്ടു പോവുമെന്നാണ് റേ പറയുന്നത്. 2029ല്‍ തന്നെ മനുഷ്യനോളം ബുദ്ധിശക്തി പ്രകടിപ്പിക്കാന്‍ കംപ്യൂട്ടറുകള്‍ക്ക് സാധിക്കുമെന്നു പറയുന്ന അദ്ദേഹം ഇപ്പോള്‍ തന്നെ നമ്മളെ കൂടുതല്‍ ബുദ്ധി ശക്തിയുള്ളവരും സമര്‍ഥരുമാക്കാന്‍ കംപ്യൂട്ടറുകള്‍ സഹായിക്കുന്നുണ്ടെന്നും ഓര്‍മിപ്പിക്കുന്നുണ്ട്. മനുഷ്യരില്‍ ചിപ്പുകള്‍ ഘടിപ്പിക്കുന്നതിനെ പലരും പേടിയോടെ കാണുമ്പോഴും ഇത്തരം സാങ്കേതികവിദ്യകള്‍ നല്ലതിനാണെന്നാണ് റേയുടെ അഭിപ്രായം. 

 

നാനോ ബോട്ടുകള്‍ മനുഷ്യ ശരീരത്തില്‍ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിന്റെ ആവിഷ്‌കാരം ദശാബ്ദങ്ങളായി സയന്‍സ് ഫിക്ഷനുകളില്‍ പറയുന്നുണ്ട്. യന്ത്രസഹായത്തോടെ നമ്മുടെ പരിമിതികള്‍ മറികടക്കുന്ന രീതി നൂറ്റാണ്ടുകളായി നിലവിലുണ്ട്. കാഴ്ചയുടേയും കേള്‍വിയുടേയും പരിമിതികള്‍ നമ്മള്‍ പലതരം ചെറു ഉപകരണങ്ങള്‍ വഴിയാണ് മറികടന്നത്. പേസ്‌മേക്കറും ഡയാലിസിസ് മെഷീനുകളുമെല്ലാം മനുഷ്യ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് കാരണമായത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാവുമ്പോഴേക്കും മനുഷ്യ അവയവങ്ങള്‍ പരീക്ഷണശാലകളില്‍ നിര്‍മിക്കാനും ജനിതക മാറ്റങ്ങള്‍ വരുത്തുന്ന ശസ്ത്രക്രിയകള്‍ നടത്താനും നമുക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

∙ എന്താണ് റേ പറയുന്ന നാനോ ബോട്ടുകള്‍?

brain-chip-neuralink

 

ഏകദേശം 50-100എംഎം വലുപ്പമുള്ള വളരെ വലുപ്പം കുറഞ്ഞ റോബോട്ടുകളാണ് നാനോബോട്ടുകള്‍. ഇപ്പോള്‍ ഇവയെ ഡിഎന്‍എ പഠനത്തിനും സെല്‍ ഇമേജിങ് വസ്തുക്കളുടെ കാര്യത്തിലും സെല്‍-സ്‌പെസിഫിക് ഡെലിവറി സംവിധാനമായും ഉപയോഗിക്കുന്നുണ്ട്. റേ നല്‍കിയ ഏറ്റവും പുതിയ അഭിമുഖ പ്രകാരം ജെനറ്റിക്‌സ്, റോബോട്ടിക്‌സ്, നാനോടെക്‌നോളജി എന്നിവയില്‍ ഇപ്പോള്‍ കൈവരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുരോഗതി കാണുമ്പോള്‍ തനിക്കു തോന്നുന്നത് 'നാനോബോട്ടുകള്‍ നമ്മുടെ ഞരമ്പുകളിലൂടെ ഓടുമെന്നാണെന്ന് റേ പറയുന്നു.

 

∙ പ്രായമാകലിനെ തടയാം

 

പ്രായമാകലിനെ തടയാനും രോഗങ്ങളെ പ്രതിരോധിക്കാനും കോശങ്ങളുടെ തലത്തില്‍ നിന്ന് മനുഷ്യശരീരത്തിന് അറ്റകുറ്റപ്പണി നടത്താനും സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യര്‍ക്ക് എന്തും തിന്നാനും എന്നാല്‍ മെലിഞ്ഞും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കാനും സഹായിക്കാന്‍ നാനോടെക്‌നോളജിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദഹനവ്യൂഹത്തിലും രക്തവാഹിനികളിലും പ്രവര്‍ത്തിപ്പിക്കുന്ന നാനോബോട്ടുകള്‍ക്ക് നമുക്ക് ആവശ്യമുള്ള പോഷകാംശം കൃത്യതയോടെ വലിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

 

∙ രോഗങ്ങള്‍ ഇല്ലാതാക്കാം

 

മനുഷ്യ ശരീരത്തിന് പ്രായമാകുമ്പോള്‍ കോശങ്ങള്‍ക്കും സംയുക്തകോശം (tissue) ക്ഷയം സംഭവിക്കാം. അതുമൂലം ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ശരീരത്തില്‍ കടന്നുകൂടും. എന്നാല്‍, ഇങ്ങനെ വരുന്ന പ്രശ്‌നങ്ങള്‍ റിപ്പെയര്‍ ചെയ്യാന്‍ നാനോബോട്ടുകള്‍ക്ക് സാധിക്കുമെന്നും റേ അവകാശപ്പെടുന്നു. അങ്ങനെ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് പ്രതിരോധം തീർക്കാനും നാനോബോട്ടുകള്‍ക്കു സാധിക്കും.

 

∙ സിങ്ഗ്യുലാരിറ്റി

 

റേയുടെ ഏറ്റവും വലിയ സങ്കല്‍പങ്ങളിലൊന്ന് സിങ്ഗ്യുലാരിറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ ബുദ്ധിക്കപ്പുറത്തേക്ക് എഐ കടക്കുന്ന കാലത്തെയാണ് സിങ്ഗ്യുലാരിറ്റി എന്ന വാക്കുകൊണ്ട് റേ ഉദ്ദേശിക്കുന്നത്. അതുവഴി പരിണാമപ്രക്രിയയുടെ പാതയില്‍ വരെ മാറ്റംവരുത്താനാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. സിങ്ഗ്യുലാരിറ്റി 2045ല്‍ കൈവരിക്കാനാകുമെന്നാണ് റേ പറയുന്നത്. എന്നാല്‍ 2029ല്‍ തന്നെ എഐക്ക് ട്യൂറിങ് ടെസ്റ്റ് പാസാകാന്‍ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ട്യൂറിങ് ടെസ്റ്റ് പാസാകുക എന്നു പറഞ്ഞാല്‍ യന്ത്രങ്ങള്‍ക്ക് മനുഷ്യന്റേതിനു സമാനമായ ബുദ്ധി കൈവരിക്കാന്‍ സാധിക്കുന്ന സന്ദര്‍ഭത്തെയാണ്. മനുഷ്യന്റെയും യന്ത്രത്തിന്റെയും ബുദ്ധി തമ്മില്‍ തിരിച്ചറിയാന്‍ പാടില്ലാത്ത വിധത്തില്‍ എത്തിയാലും അത് ട്യൂറിങ് ടെസ്റ്റ് പാസായി എന്നു പറയാം. 

 

∙ യന്ത്രങ്ങള്‍ നമ്മെ സ്മാര്‍ട് ആക്കിക്കഴിഞ്ഞു

 

ഇപ്പോള്‍ തന്നെ യന്ത്രങ്ങള്‍ മനുഷ്യരെ കൂടുതല്‍ ബുദ്ധിയുള്ളവരാക്കി കഴിഞ്ഞു. എന്നാല്‍, യന്ത്രങ്ങളെ നമ്മുടെ മസ്തിഷ്‌കത്തിലുള്ള നിയോകോര്‍ടെക്‌സുമായി (neocortex) ബന്ധിപ്പിച്ചാല്‍ ആളുകള്‍ക്ക് കൂടുതല്‍ സ്മാര്‍ട് ആകാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. (മസ്‌കിന്റെ ന്യൂറാലിങ്ക് പോലത്തെ സംവിധാനങ്ങള്‍ ഇത്തരം സാധ്യതകളാണ് ആരായാന്‍ ശ്രമിക്കുന്നത്.) തലച്ചോറിനുള്ളില്‍ കംപ്യൂട്ടറുകള്‍ ഘടിപ്പിക്കുന്നത് മനുഷ്യര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറയുന്നു. നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട നിയോകോര്‍ടെക്‌സ് ലഭിക്കും. നമ്മള്‍ കൂടുതല്‍ തമാശക്കാരാകും. സംഗീതത്തില്‍ കൂടുതല്‍ മികവുപുലര്‍ത്തും. നാം കൂടുതല്‍ സെക്‌സി ആകുമെന്നും അദ്ദേഹം പറയുന്നു. ഒരു മനുഷ്യനില്‍ ഗുണകരമെന്നു നാം കരുതുന്ന എല്ലാം മെച്ചപ്പെടുത്തും. മനുഷ്യനും യന്ത്രങ്ങളും സഹവര്‍ത്തിത്തത്തോടെ കഴിയുന്ന ഒരു ഭാവിയെക്കുറിച്ചാണ് റേ സംസാരിക്കുന്നത്. നാനോയന്ത്രങ്ങളെ മനുഷ്യശരീരത്തില്‍ പ്രവേശിപ്പിക്കുക എന്ന ആശയം ശാസ്ത്ര കഥകളില്‍ പതിറ്റാണ്ടുകളായി കണ്ടുവരുന്ന ആശയമാണ്.

 

അതേസമയം, ചില കാര്യങ്ങളെക്കുറിച്ച് റേക്ക് നല്ല അറിവുണ്ട്. എന്നാല്‍, പ്രായമാകല്‍ അദ്ദേഹത്തിന് മനസ്സിലാകാത്ത കാര്യമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. കോശങ്ങളുടെ രോഗം മാത്രമല്ല പ്രായമാകല്‍. അത് മൊത്തം ശരീരവ്യവസ്ഥയ്ക്കും വരുന്ന പ്രശ്‌നങ്ങളാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രായമാകല്‍ എന്നു പറഞ്ഞാല്‍ അത് മൊത്തം ശരീരവ്യവസ്ഥയുടെ പ്രശ്‌നമാണെങ്കില്‍ പോലും അത് 2035ല്‍ ഒക്കെ ഫലപ്രദമായി തടയാമെന്നാണ് പ്രായമാകലിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ബയോമെഡിക്കല്‍ ജെറന്റോളജിസ്റ്റ് ആയ ഒബ്രി ഡി ഗ്രേയെ (Aubrey de Grey) പോലെയുള്ളവര്‍ വിശ്വസിക്കുന്നതെന്നും വാദമുണ്ട്.

 

∙ മനുഷ്യരാശി അപ്രതീക്ഷിത കാലത്തേക്കോ?

 

റേയുടെ വാദത്തിന് കടുത്ത വിമര്‍ശനങ്ങളും ഉണ്ട്. എങ്കിലും സാങ്കേതികവിദ്യാപരമായമായി അതിദ്രുത മാറ്റമാണ് ഇന്നു കണ്ടുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെപ്പറ്റി വ്യക്തമായി പറയാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും 2030ന് അപ്പുറത്തേക്കുള്ള കാലഘട്ടത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന തരത്തിലുളള അഭിപ്രായങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യത കൈവന്നു തുടങ്ങി. നേരത്തേ, 2050ല്‍ മുതല്‍ ഒക്കെയായിരുന്നു ഇന്നത്തെ രീതിയിലുളള ജീവിതത്തിന് കാതലായ മാറ്റങ്ങള്‍ വരുമെന്നു കരുതിവന്നത്.  

 

English Summary: Humans will achieve immortality by 2030-claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com