'ശനിയുടെ ചന്ദ്രനിൽ' അന്യഗ്രഹജീവികളെ പിടിക്കാൻ ‘പാമ്പിനെ’ വിടാൻ നാസ
Mail This Article
സൗരയൂഥത്തിൽ ഭൂമിയൊഴിച്ചുള്ളിടങ്ങളിൽ ജീവനുണ്ടോയെന്ന് പരിശോധിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് ശനിയുടെ ചന്ദ്രനായ എൻസെലാദസ്. അന്യഗ്രഹജീവനെ തിരയാനായി ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്ന ഒരു പ്രധാന മേഖല കൂടിയാണിത്. റോവറുകളും ലാൻഡറുകളും ഇങ്ങോട്ടേക്ക് അയയ്ക്കുന്നത് അത്ര പ്രായോഗികമായ കാര്യമല്ല. ഇതു തിരിച്ചറിഞ്ഞ് പാമ്പിന്റെ ആകൃതിയിലുള്ള ഒരു റോബോട്ടിക് പര്യവേക്ഷണ വാഹനത്തെ എൻസെലാദസിലേക്ക് അയയ്ക്കാൻ ഒരുങ്ങുകയാണ് നാസ. എക്സോബയോളജി എക്സ്റ്റന്റ് ലൈഫ് സർവെയർ അഥവാ ഈൽസ് എന്നാണ് ഇതിന്റെ പേര്.
ഹിമം നിറഞ്ഞ പുറന്തോടുണ്ടെങ്കിലും ജലസാന്നിധ്യമുള്ളതിനാൽ ജീവസാധ്യത കൽപിക്കപ്പെടുന്ന ഇടമാണ് എൻസെലാദസ്. ഈൽസ് റോബോട്ടിന് ദീർഘദൂരത്തേക്ക് സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ചെറിയ സ്ഥലങ്ങളിൽ സമ്മർദ്ദം ചെലുത്തി മുന്നോട്ടു നീങ്ങാനും മുകളിലേക്ക് കയറാനും താഴേക്കിറങ്ങാനുമൊക്കെ ഇതിനു സാധിക്കും. സാധാരണ ഗതിയിലുള്ള ഉപകരണങ്ങൾ പരാജയപ്പെടുന്നിടത്താണ് ഇത്.
ഈൽസ് റോബട്ടിനെ ദുഷ്കരമായ വിവിധയിടങ്ങളിൽ തങ്ങൾ പരിശോധിച്ചെന്ന് നാസ അധികൃതർ പറയുന്നു. ഐസ് റിങ്കുകളിലും ചൊവ്വയുടെ പ്രതലത്തെ അനുസ്മരിപ്പിക്കുന്ന ഇടങ്ങളിലും കലിഫോർണിയയിലെ റോബോട്ട് പ്ലേഗ്രൗണ്ടിലുമൊക്കെ പരീക്ഷണങ്ങൾ നടന്നു. ഈ റോബോട്ടിന്റെ തലഭാഗത്ത് ക്യാമറകളും ലിഡാറുമുണ്ട്. പലതരത്തിലുള്ള പരിതസ്ഥിതികളെ വിലയിരുത്താനും ഇവയുടെ 3ഡി മാപ്പുകൾ തയാറാക്കാനുമായിട്ടാണ് ഇത്.
ശനിയുടെ ചന്ദ്രനിൽ സ്ഥിതി ഉപയോഗിക്കപ്പെടാൻ പോകുന്ന ഒരു റോബട്ടിക് പ്രോബായതിനാൽ ഇതിനു സിഗ്നൽ വളരെ സമയമെടുത്തായിരിക്കും കിട്ടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിനാൽ തന്നെ സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ശേഷിയും ഈൽസിനുണ്ട്. ശനിയെ ചുറ്റുന്ന 69 ചന്ദ്രൻമാരിലൊന്നാണ് എൻസെലാദസ്. ഹിമത്തിന്റെ പുറന്തോടുള്ള ഈ ഭാഗത്തിന് ആദ്യം ശാസ്ത്രലോകത്ത് അത്ര ശ്രദ്ധയൊന്നും ലഭിച്ചില്ല. എന്നാൽ ഈ ഹിമപാളിയുടെ അടിവശം സമുദ്രമുണ്ടെന്ന കണ്ടെത്തലാണ് ഇവിടെയുണ്ടാകാൻ സാധ്യതയുള്ള ജീവിവർഗങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സൂക്ഷ്മകോശജീവികളെക്കുറിച്ചുള്ള ആകാംഷ ശാസ്ത്രജ്ഞരിൽ നിറച്ചത്.
1789ൽ പ്രശസ്ത ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷലാണ് എൻസെലാദസ് കണ്ടെത്തിയത്, –198 ഡിഗ്രി സെൽഷ്യസാണ് ഇതിന്റെ ഉപരിതല താപനില. നമ്മുടെ ചന്ദ്രന്റെ ഏഴിലൊന്ന് വലുപ്പം മാത്രമാണ് ഇതിനുള്ളത്. കസീനി, വൊയേജർ എന്നീ ഉപഗ്രഹ പേടകങ്ങൾ നേരത്തെ എൻസെലാദസിൽ നിരീക്ഷണം നടത്തിയിട്ടുണ്ട്.
English Summary: NASA testing robot snake ‘EELS’ to explore oceans on Saturn’s moon