ദുരൂഹമായ റേഡിയോതരംഗങ്ങൾ, തമോഗർത്തം; ഇപ്പോൾ ദാ ആകാശഗംഗയുടെ കേന്ദ്രത്തിനടുത്തായി മിന്നിത്തിളങ്ങുന്ന വിചിത്രഘടനയും!

mega-blackhole-representational
Representational Images
SHARE

ഭൂമിയും സൗരയൂഥവുമുൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് വിചിത്രഘടനകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. നാരുകൾ പോലെയുള്ള കാന്തിക സ്വഭാവമുള്ള ഘടനകളാണ് കണ്ടെത്തപ്പെട്ടത്. ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന സജിറ്റേറിയസ് (Sagittarius A) തമോഗർത്തത്തിലേക്ക് (Black Hole) ചൂണ്ടിനിൽക്കുന്നതു പോലുള്ള ഘടനകളാണ് ഇവ. ലക്ഷക്കണക്കിനു വർഷം മുൻപ് സൃഷ്ടിക്കപ്പെട്ട പ്രകാശമാനമായ വാതകമാണിതെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും നോർത്ത് വെസ്റ്റേൺ സർവകലാശാലാ ഗവേഷകനുമായ ഫർഹാദ് യൂസഫ് സദേയാണ് ഇവ കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 25000 പ്രകാശവർഷം അകലെയുള്ള സജിറ്റേറിയസ് തമോഗർത്തത്തെ കഴിഞ്ഞ 40 വർഷമായി നിരീക്ഷിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ് ഫർഹാദ് യൂസുഫ്.

Also Read: നാസയെ മുട്ടുകുത്തിച്ച ചിഹ്നം

സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തമാണ് (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാർ. 

10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് സ്പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. ഇതിന്റെ ചുരുളിലെ കൈകളിൽ ഒന്നിലാണ് നമ്മുടെ സൗരയൂഥം ഉൾപ്പെടെ സംവിധാനങ്ങൾ സ്ഥിതി ചെയ്യുന്നത്.1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും. അക്കാലത്ത് ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് നിന്നു വരുന്ന ദുരൂഹമായ റേഡിയോതരംഗങ്ങളെപ്പറ്റി ശാസ്ത്രജ്ഞർ പഠനം നടത്തിയിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ രണ്ട് യുവശാസ്ത്രജ്ഞർ ഈ റേഡിയോതരംഗത്തിനടുത്ത് നക്ഷത്രങ്ങൾ അതിവേഗതയിൽ പോകുന്നത് കണ്ട് ഇവയുടെ ചലനം വിലയിരുത്തി. തുടർന്നാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് തമോഗർത്തമാണ് സ്ഥിതി ചെയ്യുന്നതെന്ന തിരിച്ചറിയലിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്.

സജിറ്റേറിയസ് എന്ന താരാപഥവുമായി അടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഈ തമോഗർത്തത്തിന് ആ പേരു നൽകാനിടയായത്. സജിറ്റേറിയസ് എ സ്റ്റാറിന്റെ കണ്ടെത്തലിന് റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നിവർക്ക് പിൽക്കാലത്ത് നൊബേൽ സമ്മാനം ലഭിച്ചിരുന്നു.

black-hole-1
Photo: Andrey VP/ Shutterstock

സൂര്യനെക്കാൾ 43 ലക്ഷം മടങ്ങ് പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. നക്ഷത്രങ്ങളുടെ പരിണാമദശയ്ക്കൊടുവിലെ സൂപ്പർനോവ വിസ്ഫോടനത്തിനു ശേഷം പിണ്ഡമേറിയ നക്ഷത്രങ്ങൾ തമോഗർത്തങ്ങളായി മാറാറുണ്ട്.  എന്നാൽ ഇവയിൽ പലതും ശരാശരി, മധ്യനിര തമോഗർത്തങ്ങളാണ്. സജിറ്റേറിയസ് എ സ്റ്റാറിനെപ്പോലെ അതീവ പിണ്ഡമുള്ള സൂപ്പർമാസീവ് ബ്ലാക്‌ഹോളുകൾ സംഭവിക്കുന്നതെങ്ങനെയെന്ന് ഇന്നും തർക്കവിഷയമാണ്. മധ്യനിരയിലുള്ള തമോഗർത്തങ്ങൾ ചുറ്റും നിന്നും പദാർഥത്തെയും ഊർജത്തെയും സ്വീകരിച്ച് വളരുന്നതാണ് ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. രണ്ടോ അതിലധികമോ ശരാശരി തമോഗർത്തങ്ങൾ തമ്മിൽ കൂടിച്ചേർന്ന് സൂപ്പർമാസീവ് ബ്ലാക്ക്ഹോളുകളാകുന്നതാണെന്നു മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു.

English Summary: Mysterious Milky Way filaments point to central black hole

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS