എന്തിനാണ് ചൈന ഭൂമി കുഴിക്കുന്നത്?, 11.1 കിലോമീറ്ററോളം ആഴം, 2000 ടണ്‍ വസ്തുക്കള്‍ സ്ഥലത്തെത്തും

dig-hole - 1
wonry/Istock
SHARE

ഭൂമിയുടെ 'ഉള്ളറിയാന്‍' ഏറ്റവും നല്ല മാര്‍ഗം എന്താണെന്നു ചോദിച്ചാല്‍ തുരന്നു തന്നെ നോക്കുന്നതാണെന്നു പറയേണ്ടി വരും. ഭൂമിയുടെ ഉള്ളിലേക്ക് പരമാവധി ആഴത്തില്‍ കുഴിച്ചു നോക്കാന്‍ തന്നെയാണ് ഒരു കൂട്ടം ചൈനീസ് ശാസ്ത്രജ്ഞരുടെ തീരുമാനം. ഇതിനായി 11.1 കിലോമീറ്റര്‍(36,417 അടി) ആഴത്തിലാണ് ഇവര്‍ പടുകൂറ്റന്‍ തുരങ്കം നിര്‍മിക്കുന്നത്. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ടാക്‌ലമാകന്‍ മരുഭൂമിയില്‍ നടക്കുന്ന ഈ ഭൂമി തുരക്കലിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 

33 ഈഫല്‍  ടവറുകള്‍ കുത്തനെ വെച്ചാലുള്ളതിനേക്കാള്‍ ആഴമുണ്ടെങ്കിലും ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാലും മനുഷ്യന്‍ ഇതുവരെ ഏറ്റവും ആഴത്തില്‍ കുഴിച്ചതിന്റെ റെക്കോഡ് ഈ ചൈനീസ് ശ്രമത്തിന് ലഭിക്കില്ല. ഇത് ഖത്തറിലെ അല്‍ ഷഹീന്‍ എണ്ണക്കിണറിന് അവകാശപ്പെട്ടതാണ്. തറനിരപ്പില്‍ നിന്നും 12.29 കിലോമീറ്റര്‍(40,323 അടി) ആഴത്തിലാണ് എണ്ണക്കു വേണ്ടി ഖത്തര്‍ കുഴിച്ചെടുത്തത്. രണ്ടാം സ്ഥാനത്ത് റഷ്യയുടെ കോല സൂപ്പര്‍ഡീപ് ബോര്‍ഹോളാണുള്ളത്. ഇവിടെ 12.26 കിലോമീറ്റര്‍(40,230 അടി) ആഴത്തില്‍ കുഴിയെടുത്തിട്ടുണ്ട്. ഇവയേക്കാള്‍ മുകളില്‍ പോവില്ലെങ്കിലും അടുത്തെത്തുന്നതാണ് ചൈനീസ് കുഴിയും. 

ദുരൂഹമായ റേഡിയോതരംഗങ്ങൾ, തമോഗർത്തം

എന്തിനാണ് ചൈന ഇത്രയും ആഴത്തില്‍ കുഴിയെടുക്കുന്നതെന്നോ എന്തൊക്കെ പരീക്ഷണങ്ങളാണ് നടക്കുകയെന്നോ ഔദ്യോഗിക വിശദീകരണമില്ല. എങ്കിലും ഭൂമിയുടെ ഉള്‍ഭാഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എണ്ണ- പ്രകൃതി വാതക സമ്പത്തുകള്‍ തേടിയും ഇതുപോലുള്ള വലിയ ആഴത്തില്‍ കുഴികളെടുക്കാറുണ്ട്. 

ഭൂമിയുടെ പുറംപാളിക്ക് കരഭാഗത്ത് 30 കിലോമീറ്റര്‍ മുതല്‍ 70 കിലോമീറ്റര്‍ വരെ ശരാശരി കനമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ഭൂവൽക്കത്തിലേക്കു ചൈനയുടെ കുഴി എത്തില്ല. എങ്കില്‍ പോലും മികച്ച സാങ്കേതിക മികവ് ഇത്തരം ദൗത്യങ്ങള്‍ക്കു പിന്നില്‍ വേണ്ടി വരും. തുരക്കാനുള്ള ഉപകരണങ്ങളും പൈപ്പുകളുമൊക്കെയായി 2000 ടണ്‍ വസ്തുക്കള്‍ ഈ തുരക്കല്‍ ദൗത്യത്തിന് വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റഷ്യയുടെ കോല സൂപ്പര്‍ഡീപ് ബോര്‍ഹോളിന്റെ പണി 1970 മെയ് മാസത്തില്‍ ആരംഭിച്ചത് അവസാനിച്ചത് 1994ലായിരുന്നു. എന്നാല്‍ 450 ദിവസത്തിനുള്ളില്‍ തങ്ങളുടെ ഭൂമി തുരക്കല്‍ അവസാനിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. റഷ്യന്‍ ദൗത്യത്തിനിടെ അഞ്ചു ബോര്‍ ഹോളുകളില്‍ യന്ത്ര തകരാറു മൂലവും മറ്റു തിരിച്ചടികള്‍ മൂലവും കുഴിക്കല്‍ അവസാനിപ്പിക്കേണ്ടിയും വന്നു. എങ്കില്‍ പോലും പുതിയ പല അറിവുകളും ഇതിനിടെ നമുക്ക് ലഭിച്ചിരുന്നു. കിലോമീറ്ററുകളോളം ആഴത്തിലും വെള്ളവും ഹൈഡ്രജനും ഉണ്ടെന്നതായിരുന്നു അപ്രതീക്ഷിതമായി ലഭിച്ച അറിവുകളിലൊന്ന്. ആറു കിലോമീറ്റര്‍ ആഴത്തില്‍ നിന്നും ജല പ്ലവകങ്ങളുടെ ഫോസിലുകള്‍ ലഭിച്ചതായിരുന്നു ഞെട്ടിപ്പിച്ച മറ്റൊരു വിവരം. 

'ഭാരമേറിയ വലിയൊരു ട്രക്ക് രണ്ട് നേരിയ ഇരുമ്പു കേബിളുകളുടെ സഹായത്തില്‍ ഓടിച്ചു പോകുന്നത്രയും അപകടം പിടിച്ച പണിയാണിത്' എന്നാണ് ഈ ഭൂമിക്കുള്ളിലേക്കുള്ള കുഴിയെടുക്കലിനെ ചൈനീസ് അക്കാദമി ഓഫ് എന്‍ജി നീയറിംങിലെ ശാസ്ത്രജ്ഞന്‍ സണ്‍ ജിന്‍ഷെങ് സിന്‍ഹുവയോട് പറഞ്ഞത്. കുഴിയെടുക്കുന്ന ഉപകരണങ്ങള്‍ക്ക് 200 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയേയും ഭൂനിരപ്പിനേക്കാള്‍ 1,300 ഇരട്ടി മര്‍ദത്തേയും അതിജിവീക്കേണ്ടി വരും. 

English Summary:  Why is China digging a deep hole

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS