ADVERTISEMENT

പന്നിയില്‍ മനുഷ്യരില്‍ വെക്കാവുന്ന വൃക്ക 28 ദിവസം വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ച് ചൈനീസ് ഗവേഷകര്‍. ലോകത്ത് ആദ്യമായാണ് ശാസ്ത്രജ്ഞര്‍ ഈ നേട്ടം കൈവരിക്കുന്നതെന്ന് ചൈന സയന്‍സ് നെറ്റ് റിപ്പോര്‍ട്ടു ചെയ്തു. അവയവങ്ങള്‍ക്കു വേണ്ടി ദീര്‍ഘകാലം കാത്തിരിക്കുന്ന മനുഷ്യര്‍ക്ക് ആശ്വാസകരമാണെങ്കിലും ധാര്‍മികമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഈ ശാസ്ത്ര നേട്ടം. 

ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് ഗുവാങ്ഷു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിസിന്‍ ആന്‍ഡ് ഹെല്‍ത്തിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. സെല്‍ സ്റ്റെം സെല്‍ ശാസ്ത്ര ജേണലിലാണ് ഇവരുടെ പഠനം പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പന്നികളില്‍ മനുഷ്യര്‍ക്കു വേണ്ട അവയവങ്ങള്‍ ജനിതക മാറ്റം വഴി വളര്‍ത്തിയെടുക്കാമെന്നാണ് ഈ ചൈനീസ് ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്. ജനിതക എഡിറ്റിങ് സാങ്കേതികവിദ്യയായ CRISPR ആണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. 

മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ മാറ്റിവെക്കുന്ന അവയവമാണ് വൃക്ക. എങ്കിലും ആവശ്യത്തിന് അനുസരിച്ചുള്ള വൃക്കകള്‍ ലഭ്യമാവുക എക്കാലത്തും വെല്ലുവിളിയുമാണ്. മനുഷ്യരില്‍ നിന്നല്ലാതെ കൃത്രിമമായി അവയവങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള സാധ്യതകള്‍ തേടുന്നത് ഇങ്ങനെയൊരു സാഹചര്യത്തില്‍ കൂടിയാണ്. വലിയ സസ്തനികളുടെ ഭ്രൂണങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി മനുഷ്യ അവയവങ്ങള്‍ വളര്‍ത്താനായാല്‍ അത് അവയവദൗര്‍ലഭ്യത്തിനുള്ള പരിഹാരം കൂടിയാവുമെന്നും ചൈനീസ് ഗവേഷകരുടെ പഠനം പറയുന്നു. 

പന്നികളുടെ ഏതാണ്ട് 1,800 ഭ്രൂണങ്ങളിലാണ് പഠനം നടത്തിയത്. ഇതില്‍ അഞ്ച് ഭ്രൂണങ്ങളില്‍ മനുഷ്യ അവയവം പ്രാരംഭഘട്ടത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ വിജയിക്കാനായി. പന്നികളുടെ ഭ്രൂണങ്ങളില്‍ വളര്‍ന്ന വൃക്കകളില്‍ 50 മുതല്‍ 60 ശതമാനം വരെ മനുഷ്യ കോശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ധാര്‍മികമായ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ഭ്രൂണങ്ങളുടെ വളര്‍ച്ച 28 ദിവസത്തില്‍ അവസാനിപ്പിച്ചുവെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നുണ്ട്. 

ഈ പരീക്ഷണം വിജയകരമാണെങ്കിലും മനുഷ്യര്‍ക്കു വേണ്ടി അവയവങ്ങള്‍ മൃഗങ്ങളില്‍ വളര്‍ത്തിയെടുക്കുകയെന്ന ആശയം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ധാര്‍മികവും ശാസ്ത്രീയവുമായ നിരവധി വെല്ലുവിളികള്‍ ഈ പരീക്ഷണം നേരിടുന്നുണ്ട്. ഇപ്പോള്‍ വിജയകരമായി പന്നിയുടെ ഭ്രൂണത്തില്‍ വികസിപ്പിച്ച മനുഷ്യ വൃക്കയിലും പന്നിയുടെ രക്തധമനികളാണുള്ളത്. പന്നിയുടെ ശരീരം പുറന്തള്ളാതിരിക്കുന്നതിനു വേണ്ടിയാണിത്. കൂടുതല്‍ സങ്കീര്‍ണമായ ജനിതക എന്‍ജിനീയറിങ് വഴി മാത്രമേ ഇത്തരം വെല്ലുവിളികളെ മറികടക്കാനാവൂ.

അടുത്തിടെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ നിര്‍ണായകമായ മറ്റൊരു നേട്ടം കൈവരിച്ചിരുന്നു. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ശരീരത്തില്‍ വെച്ചുപിടിപ്പിച്ചത് കഴിഞ്ഞ മാസമാണ്. ന്യൂയോര്‍ക്ക് സര്‍വകലാശാല ലാങ്കോണ്‍ ഹെല്‍ത്തിലെ ഡോക്ടര്‍മാരാണ് ഈ ശസ്ത്രക്രിയ നടത്തിയത്. 32 ദിവസത്തിലേറെ ഈ അവയവം വിജയകരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.


English Summary: World's First Human-like Kidneys in grown Pigs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com