ADVERTISEMENT

നാസയിലെയുൾപ്പടെയുള്ള ബഹിരാകാശ സ്ഥാപനങ്ങൾ വിവിധ ദൗത്യങ്ങളുടെ വിജയം തുള്ളിച്ചാടി അഘോഷിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്രയും നിർണായക ദൗത്യങ്ങളുടെ വിജയം ഇസ്രോ ചെറു കൈയ്യടികളിലൊതുക്കുന്നത്?.  ഐഎസ്ആർഒ മേധാവി എസ് സോമനാഥ് മനോരമ ന്യൂസ് കോൺക്ലേവ് 2023ൽ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് രസകരമായ ഈ ചോദ്യം ഉയർന്നത്. ഒരു നിമിഷം ഒന്നു ആലോചിച്ചശേഷം സോമനാഥ് പ്രതികരിച്ചു. നമ്മുടെ എല്ലാവരുടെയും സ്വഭാവം അല്ലെങ്കിൽ സംസ്കാരത്തിന്റെ ഭാഗമാണ് ഇത്. നാമെല്ലാവരും വീട്ടിൽ പോയി എല്ലാ ദിവവും ഭാര്യയോടു ഐ ലവ് യു എന്നു പറയാറുണ്ടോ?, പക്ഷേ വിദേശ രാജ്യങ്ങളിൽ അതു പറഞ്ഞില്ലെങ്കിൽ പ്രശ്നമാണെന്നും നർമം കലർത്തി എസ് സോമനാഥ് പറഞ്ഞു.

ഒരു ഷോമാനല്ല താനെന്നും പ്രൊഫഷണൽ ജോലിയാണ് ചെയ്യുന്നതെന്ന ബോധ്യം ഉള്ളതിനാൽ വലിയ വിജയങ്ങളിൽ അമിതമായി ആഹ്ലാദിക്കാതിരിക്കാനും പരാജയങ്ങളിൽ അമിതമായി വിഷമിക്കുകയും ചെയ്യേണ്ടതില്ലാത്ത ഒരു പ്രൊഷണൽ യോഗ്യത ഉണ്ടാവണമെന്ന അഭിപ്രായം തനിക്കുണ്ടെന്നും എസ് സോമനാഥ്. ഇസ്രോയുടെ ഈ തൊഴിൽ സംസ്കാരവും വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ മാത്രമല്ല ടീം വർകിലും പണം ചെലവഴിക്കുന്നതിലുമെല്ലാം ഉണ്ടെന്നും എസ് സോമനാഥ് പറഞ്ഞു.

അടുത്ത വലിയ വെല്ലുവിളി

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രയുടെ ലക്ഷ്യം മനുഷ്യരെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതാണ്. 3 അംഗ സംഘത്തെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും മൂന്ന് ദിവസത്തെ ദൗത്യത്തിൽ അവരെ തിരികെ എത്തിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനാവുമെന്ന സാങ്കേതിക കഴിവ് തെളിയിക്കാനാണ് പദ്ധതി.

 'ഒരു റോക്കറ്റ് എങ്ങനെ നിർമ്മിക്കാമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ അതിൽ ഒരു മനുഷ്യനെ കൊണ്ടുപോകാൻ, അതിന്റെ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഞങ്ങൾ അതിനെ ഹ്യൂമൻ റേറ്റിങ് എന്ന് വിളിക്കുന്നു': സോമനാഥ് പറഞ്ഞു.

Gaganyaan-test

രണ്ട്, മനുഷ്യനെ വഹിക്കാനാവുന്ന ഒരു സ്പേസ് ഷട്ടിൽ ആവശ്യമാണ്. പ്രത്യേക ഇരിപ്പിടങ്ങൾ ആവശ്യമുണ്ട് .  യാത്രികർക്കു ഓക്സിജനും വെള്ളവും നൽകണം. മനുഷ്യ മാലിന്യങ്ങൾ നീക്കം ചെയ്യണം. താപനിലയും വൈബ്രേഷനുകളും നിയന്ത്രിക്കണം. മുൻപ് ഒരിക്കലും നമ്മുടെ വൈദഗ്ധ്യത്തിന്റെ ഭാഗമായിരുന്നില്ല ഇതൊക്കെ. ഇപ്പോൾ അത് ക്രമേണ അതിന്റെ ഭാഗമായി മാറുകയാണ്.

ഏറ്റവും പ്രധാനമായി റോക്കറ്റിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ  യാത്രികരെ സംരക്ഷിക്കാൻ കഴിയണം.ഒരു ക്രൂ എസ്‌കേപ്പ് സിസ്റ്റം ആവശ്യമാണ്. ഇതിന് ഉപരിയായി, ഈ പ്രക്രിയകളെല്ലാം സ്വയമേവ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഇന്റലിജൻസ് സിസ്റ്റം ആവശ്യമാണ്. ഇതിനായി ഞങ്ങൾ ഒരു സങ്കീർണ്ണ അൽഗോരിതം ഉണ്ടാക്കേണ്ടതുണ്ടെന്നും സോമനാഥ് പറഞ്ഞു.

s-somanath-1 - 1

ആളില്ലാ യാത്ര ബഹിരാകാശത്തേക്കുള്ള മനുഷ്യ പറക്കൽ എന്ന ലക്ഷ്യത്തിലേക്കുള്ള അനേകം പടവുകളിൽ ഒന്നാണ്. ഇന്റഗ്രേറ്റഡ് എയർഡ്രോപ്പ് ടെസ്റ്റുകൾ, ടെസ്റ്റ് വെഹിക്കിൾ മിഷനുകൾ, പാഡ് അബോർട്ട് ടെസ്റ്റ് എന്നിവ ഇതിനകം നടത്തിക്കഴിഞ്ഞു. ഇനി ആദ്യത്തെ ആളില്ലാ വിമാനം ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ സുരക്ഷയും പ്രവർത്തനവും പരിശോധിക്കും. 

2024-ൽ ഗഗൻയാൻ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലായ്‌പ്പോഴും ഇസ്രോ വിജയാധിഷ്‌ഠിത ഷെഡ്യൂൾ തയ്യാറാക്കുന്നു. ആസൂത്രണം ചെയ്‌ത ടെസ്റ്റുകൾ വിജയിക്കുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. ഇല്ലെങ്കിൽ, കാലതാമസമുണ്ടാകും. തിരുത്തൽ നടപടികൾക്ക് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു വിമാനത്തെയും പോലെ റോക്കറ്റിനും സർട്ടിഫിക്കേഷൻ ആവശ്യമാണെന്ന് സോമനാഥ് പറഞ്ഞു. എന്നിരുന്നാലും, അത്തരമൊരു സർട്ടിഫിക്കേഷൻ പ്രക്രിയ നിലവിലില്ല. അത്തരമൊരു പുതിയ പ്രക്രിയയാണ് അദ്ദേഹം തയ്യാറാക്കുന്നത്.

ക്രൂ എസ്കേപ്പ്, ഇന്ത്യൻ ശൈലി

ക്രൂ എസ്കേപ്പ് സിസ്റ്റം പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ്. എന്നിരുന്നാലും, നിലവിലുള്ള മോഡലുകളിൽ നിന്ന് ഐഎസ്ആർഒ പഠിച്ചുവെന്നും കോൺക്ലേവിൽ സോമനാഥ് പറഞ്ഞു. 

ഇസ്രോയുടെ ഗഗൻയാൻ ഇങ്ങനെ

 'ഗഗന്‍യാന്‍' എന്ന പേരിലുള്ള വ്യോമ പദ്ധതി വഴി ഇന്ത്യന്‍ യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമമാണ് ഇസ്രോയും, ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്ററും (എച്എഫ്എസ്‌സി) ചേര്‍ന്ന് ഇപ്പോള്‍ നടത്താന്‍ ഒരുങ്ങുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചെടുത്ത എല്‍വിഎം3 റോക്കറ്റില്‍ 2024 അല്ലെങ്കില്‍ 2025ല്‍ ആദ്യ ഗഗന്‍യാന്‍ ദൗത്യം ഉയര്‍ത്താനാണ് ഉദ്ദേശം. ഇതോടെ, സോവിയറ്റ് യൂണിയന്‍ (റഷ്യ), അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.  

ഇപ്പോഴത്തെ പദ്ധതി പ്രകാരം മൂന്നു പേരെ ബഹിരാകാശത്തേക്കയയ്ക്കാനുള്ള ശ്രമമായിരിക്കും നടത്തുക. ഗഗന്‍യാന്‍ ദൗത്യത്തിനിടയില്‍ നാല് ജീവശാസ്ത്രപരമായ പരീക്ഷണങ്ങളും, രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഇസ്രോ ഈ ദൗത്യത്തില്‍ നടത്തും. ഗഗന്‍യാന്‍ദൗത്യം 2025ലെങ്കിലും നടത്തുക, രാജ്യത്തിന്റെ സ്വന്തം സ്‌പെയ്‌സ് സ്റ്റേഷന്‍ 2035ല്‍ സ്ഥാപിക്കുക, 2040ല്‍ ചന്ദ്രനില്‍ മനുഷ്യരെ ഇറക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇന്ത്യയ്ക്കുള്ളത് എന്ന കാര്യവും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com