ADVERTISEMENT

ഒരേ സമയം കൗതുകവും ജിജ്ഞാസയും ഉയർത്തുന്നതാണ് നരവംശശാസ്ത്രം. നമ്മളെങ്ങനെ നമ്മളായെന്നുള്ള ധാരണകൾ ഈ ശാസ്ത്രശാഖ നൽകുന്നു.നരവംശശാസ്ത്രജ്ഞർക്കിടയിൽ വളരെ പ്രിയമുള്ള കാര്യമാണ് ഏഷ്യയിലെ ആദിമനരൻമാരെക്കുറിച്ചുള്ള പഠനം.

ഡെനിസോവൻ, ഹോമോ ഇറക്ടസ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ആദിമനരന്മാരെ ഏഷ്യയിൽ നിന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ വളരെ പുതിയതാണ് ഡ്രാഗൺമാൻ. 2 വർഷം മുൻപുമാത്രമാണ് ഡ്രാഗൺമാനെക്കുറിച്ച് ലോകമറിഞ്ഞത്.

paleontologist - 1
AI Generated image With Canva

വലിയ സവിശേഷതകൾ ഡ്രാഗൺമാൻ പേറുന്നു. നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ളതാണ് ഈ ഫോസിൽ ഉൾപ്പെടുന്ന വംശം.  നിയാണ്ടർത്താൽ, ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം  ഇവ ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്നു. ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ പാർത്തിരുന്നതാണ് ഡ്രാഗൺമാൻ.

ആധുനികമനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും ഡ്രാഗൺമാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തിൽ ഉൾപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. പഠനങ്ങൾ തുടരുകയാണ്. നമ്മുടെ പൂർവികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഡ്രാഗൺമാൻ ഫോസിലിനു കഴിയുമെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

ഡ്രാഗൺമാന്റെ കഥ

1933 ആയിരുന്നു വർഷം. ഈ കഥ നടക്കുന്നത് ചൈനയിലും. ജപ്പാൻ ചൈനയിൽ വൻതോതിൽ ആക്രമണവും അധിനിവേശവും നടത്തിയ കാലം. വടക്കുകിഴക്കൻ ചൈനയിലായിരുന്നുജപ്പാന്‌റെ അധിനിവേശം.ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഒരു പട്ടണമായിരുന്നു ഹാർബിൻ. ലോകത്തിലെ ഏറ്റവും നീളമുള്ള നദികളിൽ പത്താം സ്ഥാനത്തുള്ള അമൂർ നദിയുടെ കരയിലുള്ള പട്ടണം. ബ്ലാക്ക് ഡ്രാഗൺ എന്നും ഈ നദിക്കു വിളിപ്പേരുണ്ട്.

man-river - 1
AI Generated image With Canva

ഹാർബിനിൽ ഒരു പാലം നിർമിക്കുകയായിരുന്നു പ്രദേശവാസികളായ തൊഴിലാളികൾ. അക്കൂട്ടത്തിൽ ഒരാൾക്കു അമൂർ നദിക്കരയിലെ ചെളിയിൽ നിന്നു വളരെ ദുരൂഹമായ ഒരു തലയോട്ടി കിട്ടി.സാധാരണ മനുഷ്യരുടെ തലയോട്ടിയിൽ നിന്നു വലുപ്പം കൂടിയ ആകൃതിയായിരുന്നു ഇത്.

തലയോട്ടി കണ്ടെത്തിയ തൊഴിലാളി ആകെ അമ്പരന്നു. ഒട്ടേറെ മിഥ്യാവിശ്വാസങ്ങളുടെ കാലമായിരുന്നു അത്. ഈ തലയോട്ടി അധിനിവേശക്കാരായ ജാപ്പനീസ് സൈന്യത്തിന്‌റെ പക്കൽ എത്തരുതെന്ന് അയാൾ ആത്മാർഥമായി ആഗ്രഹിച്ചു. അതിനയാൾ ചെയ്തതെന്തെന്നോ!..

തലയോട്ടിയുമായി വീട്ടിലെത്തിയ തൊഴിലാളി അത്, തന്‌റെ വീട്ടിലെ ആഴമുള്ള കിണറ്റിലേക്ക് എറിഞ്ഞുകളഞ്ഞു. പിന്നീട് നീണ്ട എട്ടുപതിറ്റാണ്ടുകൾ. ചരിത്രാതീത കാലത്തെ രഹസ്യങ്ങളുമായി ആ തലയോട്ടി കിണറ്റിനുള്ളിൽ വിശ്രമിച്ചു.ഹാർബിനിലെ ആ തൊഴിലാളി വയോധികനായി. മരണക്കിടക്കയിൽ വച്ച് തന്‌റെ കൊച്ചുമകനോട് അയാൾ ആ മഹാരഹസ്യം പറഞ്ഞു. വീടിനു പിന്നിൽ കിണറ്റിനുള്ളിൽ ഒരു തലയോട്ടിയുണ്ട്. വളരെ അപൂർവമായ ഒരു തലയോട്ടി.

old-well - 1
AI generated with canva

ഹാർബിനിലെ ആ തൊഴിലാളിയുടെ ബന്ധുക്കളാണു തലയോട്ടി വീണ്ടെടുത്ത് അതു ചൈനീസ് നരവംശശാസ്ത്രജ്ഞരുടെ കൈകളിലെത്തിച്ചത്. ഒരു ഫോസിലായിരുന്നു അത്. ഒന്നരലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഒരു മനുഷ്യന്‌റെ തലയോട്ടി ഫോസിൽ. ചൈനാ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ അതിൽ ശ്രദ്ധയോടെ പഠനങ്ങൾ നടത്തി. ബ്ലാക്ക് ഡ്രാഗൺ നദിക്കരയിൽ നിന്നു കണ്ടെത്തിയതിനാൽ ഡ്രാഗൺമാൻ എന്ന പേര് അവർ ആ ഫോസിലിനു നൽകി.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആ തലയോട്ടി ഗവേഷകർക്കു നൽകിയത്. ആ ഫോസിലിന്‌റെ ഉടമ മനുഷ്യനായിരുന്നു, എന്നാൽ നമ്മളുടെ വംശത്തിൽപ്പെട്ടവനല്ല. ഹോമോ സാപിയൻസ് എന്ന ആധുനിക മനുഷ്യനും മുൻപ് ഭൂമിയിൽ അധിവസിച്ചിരുന്ന ഒരു ആദിമ മനുഷ്യൻ. തികച്ചും വ്യത്യസ്തമായ ഒരു സ്പീഷീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com