സൂര്യനിലെ അതിതീവ്ര ഊർജ്ജ പ്രവാഹം രേഖപ്പെടുത്തി ആദിത്യ; ഭൂമിയുടെ അയണോസ്ഫിയറിനെ ബാധിക്കുന്ന പ്രതിഭാസം
Mail This Article
സൂര്യനെ നിരീക്ഷിക്കുകയും ബഹിരാകാശത്ത് സൂര്യന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കാര്യങ്ങൾ പഠിക്കുകയും പ്രധാനലക്ഷ്യമാക്കി യാത്ര തിരിച്ച സൗരദൗത്യം ആദിത്യ എൽ1 സൗരജ്വാലകളുടെ അതി തീവ്ര ഊർജ്ജ പ്രവാഹത്തിന്റെ എക്സ്റേ ദൃശ്യങ്ങൾ പകർത്തിയതായി ഇസ്രോ. ആദിത്യയിലെ ഹൈ എനർജി L1 ഓർബിറ്റിംഗ് എക്സ്-റേ സ്പെക്ട്രോമീറ്റർ (HEL1OSSpectrometer) ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
2023 ഒക്ടോബർ 29-ന് ഏകദേശം 12:00 മുതൽ 22:00 UT വരെയുള്ള ആദ്യ നിരീക്ഷണ കാലയളവിലാണ് ഈ ദൃശ്യങ്ങൾ പകർത്താനായതെന്നു ഐഎസ്ആർഒ എക്സ്(ട്വിറ്റർ) പോസ്റ്റിൽ വ്യക്തമാക്കി.ബെംഗളൂരുവിലെയുആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ ബഹിരാകാശ ഗവേഷകരാണ് HEL1OS വികസിപ്പിച്ചത്.
എന്താണ് സൗരജ്വാല
സൗര അന്തരീക്ഷത്തിലെ പെട്ടെന്നുള്ള തെളിച്ചമാണ് സൗരജ്വാല. സൂര്യന്റെ കൊറോണയിലും പ്ലാസ്മയുടെ ഊഷ്മാവ് ദശലക്ഷങ്ങളോളം കെൽവിൻ ഉയരുകയും തുടർന്ന് ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, മൂലകങ്ങളുടെ അയോണുകൾ തുടങ്ങിയവ പ്രകാശത്തോടടുത്ത വേഗത്തിൽ ശക്തമായി പ്രവാഹിക്കുകയും ചെയ്യുമ്പോഴാണ് ഈ ജ്വാല രൂപപ്പെടുന്നത്.
പതിറ്റാണ്ടുകളായി എക്സ്-റേകളിലും ഗാമാ-റേകളിലും സോളാർ ജ്വാലകൾ പഠിച്ചിട്ടുണ്ടെങ്കിലും, ജ്വലന സമയത്തെ ചിത്രീകരിക്കാനും മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടാണ്. ഇത്തരം ജ്വാലയിലുണ്ടാകുന്ന എക്സ്-റേ അൾട്രാ വയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്ഫിയറിനെ ബാധിക്കുകയും ദീർഘദൂര റേഡിയോ സംപ്രേക്ഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പൂർണ സൂര്യഗ്രഹണ സമയത്തെ സൂര്യന്റെ ദൃശ്യങ്ങളിൽ വശങ്ങളിലായി ഈ ജ്വാലകൾ ശ്രദ്ധേയ കാഴ്ചയാണ്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ചന്ദ്രയാൻ -3യുടെ വിജയകരമായി സോഫ്റ്റ് ലാൻഡിങിന് ശേഷം, സെപ്റ്റംബർ 2 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഐഎസ്ആർഒ രാജ്യത്തിന്റെ കന്നി സൗരോർജ്ജ ദൗത്യമായ ആദിത്യ-എൽ 1 വിക്ഷേപിച്ചത്.