ADVERTISEMENT

ഇന്നൊരു സ്വപ്‌നം കണ്ടേക്കാം എന്നു കരുതി കിടക്കുന്ന രാത്രികളില്‍ ഭൂരിഭാഗവും സ്വപ്‌നം കാണാറില്ല. അഥവാ ഉറങ്ങുമ്പോള്‍ സ്വപ്‌നം കണ്ടാല്‍ പോലും ഉണരുമ്പോള്‍ അതില്‍ ഭൂരിഭാഗവും മറന്നിട്ടുമുണ്ടാവും.

അങ്ങനെ യാതൊരു നിയന്ത്രണവുമില്ലാത്ത നമ്മുടെ രാത്രികാല സ്വപ്‌നങ്ങളെ വരുതിയിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സ്വപ്‌നം കാണാന്‍ സഹായിക്കുന്ന ഉപകരണം നിര്‍മിക്കുകയാണ് ലക്ഷ്യം. 

എഐ കമ്പനിയായ പ്രോഫെറ്റികാണ് 'ഹാലോ' എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം നിര്‍മിക്കുന്നതിന് പിന്നില്‍. ടെന്നീസ് താരങ്ങളുടേയും മറ്റും ഹെഡ്ബാന്‍ഡിന്റെ രൂപത്തിലുള്ള ഉപകരണമാണിത്. തലക്കു ചുറ്റുമുള്ള പ്രഭാവലയം പോലെ കാണപ്പെടുന്ന ഈ ഉപകരണത്തിന് യോജിച്ച പേരു തന്നെയാണ് നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

halo - 1

ഇലോണ്‍ മസ്‌കിന്റെ ന്യൂറലിങ്കിനു വേണ്ടി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കാര്‍ഡ്79 എന്ന കമ്പനിയും ഈ ദൗത്യത്തില്‍ പ്രോഫെറ്റികിനൊപ്പം ചേരുന്നുണ്ട്. പുതുതലമുറ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനു വേണ്ടി ബോക്‌സ്ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഏതാണ്ട് 11 ലക്ഷം ഡോളറിലേറെ നിക്ഷേപം ഈ ഉപകരണം നിര്‍മിക്കുന്നതിനുവേണ്ടി സമാഹരിച്ചിരുന്നു.

'ഹാലോ'യുടെ സഹായത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇത്തരം സ്വപ്‌നങ്ങള്‍ കാണുമ്പോള്‍ അത് സ്വപ്‌നങ്ങളാണെന്ന ധാരണ നമുക്കുണ്ടാവും. സ്വപ്‌നങ്ങളില്‍ കടന്നുകൂടി മനുഷ്യന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നവരുടെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രമാണ് ഇന്‍സെപ്ഷന്‍. ഈ നോളന്‍ ചിത്രത്തിലേതു പോലുള്ള സ്വപ്‌നങ്ങളായിരിക്കും ഹാലോ ഉപയോഗിക്കുന്നവര്‍ കാണുകയെന്നു കമ്പനി പറയുന്നു.

പ്രോഫെറ്റിക് സ്ഥാപകന്‍ എറിക് വോള്‍ബെര്‍ഗും വെസ്‌ലി ബെറിയുമാണ് ഇങ്ങനെയൊരു അപൂര്‍വ്വ ഉപകരണം നിര്‍മിക്കുന്നതിന് പിന്നില്‍. 'നിങ്ങള്‍ സ്വപ്‌നം കാണുമ്പോള്‍ തന്നെ അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവുകയെന്നത് അസാധാരണവും ആത്മീയവുമായ അനുഭവമായിരിക്കും' എന്നാണ് വോള്‍ബെര്‍ഗ് പ്രതികരിച്ചത്. തനിക്ക് പന്ത്രണ്ടാം വയസു മുതല്‍ തന്നെ ഇത്തരം സ്വപ്‌നാനുഭവങ്ങളുണ്ടെന്നും വോള്‍ബെര്‍ഗ് കൂട്ടിച്ചേര്‍ക്കുന്നു. 

ഒരു വിആര്‍ ഉപകരണം ഉപയോഗിച്ച് വിഡിയോ കാണുന്നതുപോലെ സ്വപ്‌നവും കാണാനാവുമെന്നതാണ് ഈ ഉപകരണത്തെ വ്യത്യസ്തമാക്കുന്നത്. നമുക്ക് നേരിട്ട് നിയന്ത്രണമില്ലാതിരുന്ന സ്വപ്‌നങ്ങളെ ഹാലോ വഴി നിയന്ത്രിക്കാനും സാധിക്കും. ഇതുവഴി വ്യക്തികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സര്‍ഗാത്മകത കൂട്ടാനും ഉത്കണ്ഠ കുറക്കാനുമൊക്കെ സാധിക്കുമെന്നും എറിക് വോള്‍ബെര്‍ഗും വെസ്‌ലി ബെറിയും അവകാശപ്പെടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com