ബൈനോക്കുലറെടുത്തു ആകാശത്തേക്കു നോക്കൂ, ഭൂമിയെ ചുറ്റുന്ന ഒരു ടൂൾബാഗ് കാണാം
Mail This Article
സ്കൈലാബ് താഴേക്കു വരുമെന്നു പേടിച്ചിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. അപ്പോൾ ദേ സ്പാനറും നട്ടും സ്ക്രൂവും ചുറ്റികയുമൊക്കെയായി ഒരു ടൂൾബാഗ് താഴേക്കു വീണാൽ!, പേടിക്കേണ്ട അങ്ങനെയൊന്നും ഉണ്ടാവില്ല. നവംബർ രണ്ടാംതീയതി രാജ്യാന്തര ബഹിരാകാശ നിലയത്തിന്‌റെ സോളർ പാനലുകളിൽ അറ്റകുറ്റ പണികൾ നടത്തുകയായിരുന്നു ജാസ്മിൻ മോഘ്‌ബെലി, ലോറൽ ഒഹാര എന്നീ യാത്രികർ.
അപ്പോൾ അവരുടെ കൈവശമുണ്ടായിരുന്ന ടൂൾബാഗ് നഷ്ടമായി.ഈ ടൂൾബാഗ് ഇപ്പോൾ ഭൂമിയെ ഭ്രമണം ചെയ്യുകയാണ്. താമസിയാതെ ഭ്രമണപഥം താഴ്ന്നു പതിച്ചേക്കാം. പക്ഷേ ഭൂമിയിൽ പതിക്കുന്നതിനു മുൻപ് കത്തിത്തീരുകയാകും ചെയ്യുക.
ബൈനോക്കുലറിൽ കാണാം
രാജ്യാന്തര ബഹിരാകാശനിലയത്തിൽ യാത്രികർ അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. സ്‌പേസ് വാക്കിങ് നടത്തിയാണ് ഇത്തരം പ്രവർത്തനങ്ങൾ. ഇത്തരമൊരു ഉദ്യമത്തിനിടെയാണ് ടൂൾബാഗ് നഷ്ടമായത്. പിന്നീടിത് എക്‌സ്റ്റേണൽ സ്റ്റേഷൻ ക്യാമറ ഉപയോഗിച്ച് കണ്ടെത്തുകയായിരുന്നു.
എന്നാൽ ഈ ടൂൾബാഗ് അറ്റകുറ്റപ്പണിയിൽ വീണ്ടും ആവശ്യമായിരുന്നില്ല. പിന്നീട് നാസ ശാസ്ത്രജ്ഞർ ബാഗിന്‌റെ ചലനഗതി കണ്ടെത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിനോ അതിലെ യാത്രികർക്കോ ഇതുമൂലം പ്രശ്‌നമൊന്നുമില്ലെന്ന് അറിയിച്ചിട്ടുണ്ട്
ബൈനോക്കുലർ ഉപയോഗിച്ച് രാജ്യാന്തര ബഹിരാകാശ നിലയത്തെ വീക്ഷിക്കുന്നവർക്ക് ടൂൾബാഗ് കാണാൻ സാധിക്കും. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് മുൻപും ഇത്തരം സാധനങ്ങൾ നഷ്ടമായിട്ടുണ്ട്. 2008 നവംബർ 18ന് ബഹിരാകാശ യാത്രികരുടെ കയ്യിൽ നിന്ന് ഒരു ചെറിയ റിപ്പയർ കിറ്റ് ബഹിരാകാശത്തേക്കു പോയിരുന്നു. ഈ വസ്തുക്കളെല്ലാം ബഹിരാകാശ മാലിന്യമായാണ് കണക്കാക്കുന്നത്.
ബഹിരാകാശ മാലിന്യം ഒരു പ്രശ്നം
ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന റോക്കറ്റ് ഭാഗങ്ങളും ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളുമൊക്കെ മാലിന്യമായി കണക്കാക്കപ്പെടുന്നു. ഇപ്പോൾ ബഹിരാകാശ മാലിന്യം രാജ്യാന്തര വേദികളിൽ ചർച്ചകൾക്ക് വഴിയൊരുക്കുന്ന സംഭവമാണ്. ലോഹനിർമിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്.ഭൂമിക്കു ചുറ്റും ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നെന്നാണു കണക്ക്.